ADVERTISEMENT

തുണിക്കടയിലെന്താ പശുവിന് കാര്യം? ആന്ധ്രപ്രദേശിലെ ഒരു തുണിക്കടയിൽ നിത്യസന്ദർശകയായ പശുവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. കടപാ ജില്ലയിലെ മിദുകൂർ എന്ന സ്ഥലത്തുള്ള വ്യാപാരസമുച്ചയത്തിലാണ് ഈ കട പ്രവർത്തിക്കുന്നത്. ശ്രീ സായ്റാം എന്ന പേരുള്ള ഈ കടയിലാണ് പശു പതിവായെത്തുന്നത്.

കഴിഞ്ഞ വേനൽക്കാലം മുതലാണ് പശു സ്ഥിരമായി കടയിലെത്താൻ തുടങ്ങിയത്. കൃത്യമായി പറഞ്ഞാൽ ആറ് മാസമായി പശു ഇവിടുത്തെ നിത്യ സന്ദർശകയായിട്ട്. കഴിഞ്ഞ വേനലിൽ ഒരു ദിവസമാണ് പശു ആദ്യമായി കടയുടെ അകത്തേക്ക് കയറി വന്നത്. കടയുടമയായ പോളിമേര ഒബയ്യയും ജീവനക്കാരും ചേർന്ന് പശുവിനെ പുറത്തിറക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പശു പുറത്തു പോകാൻ കൂട്ടാക്കാതെ തറയിൽ കിടന്നു. പുറത്തെ ചൂട് സഹിക്കാനാവാതെ അല്പം ആശ്വാസം തേടി ഫാനിന്റെ കാറ്റുതേടിയാണ് പശു കടയിലെത്തിയതെന്ന് പിന്നീടുള്ള വരവിലാണ് കടയുടമയ്ക്ക് മനസ്സിലായത്. തുടർന്ന് എല്ലാ ദിവസവും പശു മുടങ്ങാതെ കടയിലെത്തി ഫാനിന്റെ ചുവട്ടിൽ വിശ്രമിക്കാൻ തുടങ്ങി.

തെക്കേ ഇന്ത്യയിലെ പരമ്പരാഗത തുണിക്കടകളിലെ പോലെ ഇവിടെയും തറയിൽ മാറ്റ് വിരിച്ചിരിക്കുകയാണ്. ഇതിനു സമീപത്തായാണ് പശുവിന്റെ കിടപ്പ്. ആദ്യം പശുവിന്റെ കടയ്ക്കുള്ളിലെ കിടപ്പ് കച്ചവടത്തെ ദോഷകരമായി ബാധിക്കുമോയെന്ന ഭയമുണ്ടായിരുന്നു. കടയിൽ തുണിവാങ്ങാൻ വന്നവരൊക്കെ പശുവിനെ കണ്ട് അമ്പരന്നെങ്കിലും ഇപ്പോൾ എല്ലാവർക്കും ശീലമായി. മാത്രമല്ല പശു വന്നതിൽ പിന്നെ തന്റെ കച്ചവടം ഇരട്ടിച്ചതായും ഉടമ വ്യക്മാക്കി. ഇപ്പോൾ പശു കിടക്കുന്ന കട ഏതെന്നന്വേഷിച്ചാണ് കടയിലേക്ക് കൂടുതൽ ആളുകളുമെത്തുന്നത്.

Cow visits garment store in Kadapa every day

ദിവസവും നിശ്ചിത സമയത്തെത്തുന്ന പശു ഫാനിന്റെ ചുവട്ടിൽ കിടന്ന് വിശ്രമിച്ച ശേഷം മടങ്ങും. ചിലപ്പോൾ മൂന്നും നാലും മണിക്കൂറൊക്കെ കടയ്ക്കുള്ളിൽ ചിലവഴിക്കും. ഫാൻ നിർത്തിയാൽ അപ്പോഴേ എഴുന്നേറ്റ് പോകും. ഇന്നേവരെ കടയിലെ ഏതെങ്കിലും സാധനങ്ങൾ നശിപ്പിക്കുകയോ, കടയ്ക്കുള്ളിൽ മൂത്രമൊഴിക്കുകയോ ചാണകമിടുകയോ ചെയ്തിട്ടില്ല.

കടയിൽ ആരെങ്കിലും വന്നാലും യാതൊരു ശല്യത്തിനും പോകാതെ മാറി കിടക്കുകയാണ് പതിവ്. കടയിലെ ജീവനക്കാരേയും ഏറെയിഷ്ടമാണ്. ഇപ്പോൾ കടയിലെത്തുന്ന സ്ത്രീകൾ ഏറെയും പശുവിനെ പൂജിച്ചിട്ടു കൂടിയാണ് മടങ്ങുന്നത്. ഇവർ മഞ്ഞൾ പ്രസാദവും പഴവുമൊക്കെ നൽകി പശുവിനെ പ്രീതിപ്പെടുത്തിയിട്ടാണ് മടങ്ങുന്നത്. ഏതായാലും പശുവിന്റെ വരവോടെ കടയിലെ കച്ചവടം കൂടിയതിന്റെ സന്തോഷത്തിലാണ് കടയുടമ.

English Summary: Cow visits garment store in Kadapa every day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com