ശരീരത്തിൽ കുടുങ്ങിയ ചൂണ്ടയുമായി വേദനതിന്നു കഴിയുന്നത് ദശലക്ഷക്കണക്കിന് സ്രാവുകൾ!
Mail This Article
സമുദ്രത്തിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുക്കിവിടുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങളെന്നും മാധ്യമങ്ങളിൽ നിറയാറുണ്ട്. പോളിത്തീൻ കവറുകളിലും പ്ലാസ്റ്റിക് കുപ്പികളിലും വലകളിലും അകപ്പെട്ട ജലജീവികളുടെ നിരവധി ചിത്രങ്ങളാണ് ദിവസവും പുറത്തുവരുന്നത്. എന്നാൽ ഇതുമാത്രമല്ല, മനുഷ്യൻ മത്സ്യബന്ധനത്തിനുപയോഗിക്കുന്ന പല മാർഗങ്ങളും ജല ജീവികൾക്ക് വലിയ ഭീഷണിയാണുയർത്തുന്നത്.
മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ചൂണ്ടകൾ ശരീരത്തിൽ തറച്ച നിലയിൽ വേദന സഹിച്ചു കഴിയുന്നത് ദശലക്ഷക്കണക്കിന് സ്രാവുകളാണെന്ന് ഹവായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ ബയോളജിയിലെ ഗവേഷകർ കണ്ടെത്തി. വായയിലും ശരീരത്തും കൊളുത്തിയ നിലയിലുള്ള ബലമേറിയ ചൂണ്ടകൾ വർഷങ്ങളോളം അവയുടെ ശരീരത്തവശേഷിക്കും. ഇതിലൂടെ ആന്തരിക രക്തസ്രാവവും കോശങ്ങൾ നശിക്കുന്നതുമടക്കം നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് അവയ്ക്കുണ്ടാകുന്നത്.
ലോകത്താകെമാനം ഈ അവസ്ഥയിൽ കഴിയുന്നത് ദശലക്ഷക്കണക്കിന് സ്രാവുകളായിരിക്കുമെന്ന് ഹവായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ ബയോളജിയിലെ ഗവേഷകനായ കാൾ മെയെർ പറയുന്നു. ചൂണ്ടകളിൽ കുടുങ്ങുന്ന സ്രാവുകൾ സ്വന്തം ശക്തി ഉപയോഗിച്ച് ചൂണ്ട നൂൽ പൊട്ടിക്കുന്നതോടെ ചൂണ്ട ശരീരത്തിൽ അവശേഷിക്കുന്നതാണ് ഒരു പ്രധാന കാരണം. എന്നാൽ മറ്റു ചിലപ്പോൾ ചൂണ്ടയിൽ കുരുങ്ങിയത് സ്രാവാണെന്നറിഞ്ഞു മീൻ പിടുത്തത്തിനെത്തുന്നവർ അവയെ നൂൽ പൊട്ടിച്ചു വിടാറുമുണ്ട്. എന്നാൽ ഇവർ പലപ്പോഴും സ്രാവുകളുടെ ശരീരത്തുനിന്നും ചൂണ്ട നീക്കം ചെയ്യാറില്ല.
വായയിൽ ചൂണ്ട കുരുങ്ങുന്നതോടെ ഇരതേടാനും അവ ഏറെ ബുദ്ധിമുട്ടേണ്ടി വരും. ചൂണ്ടയ്ക്കൊപ്പം അവശേഷിക്കുന്ന നൂലിന്റെ ഭാഗം ചെകിളകളിലും മറ്റും കുടുങ്ങിയുണ്ടാകുന്ന അപകടങ്ങളുമുണ്ട്. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമിതമായ ചൂണ്ടകളാണ് ആളുകൾ ഏറെ ഉപയോഗിക്കുന്നത്. ഇതിനു പകരം കാർബൺ സ്റ്റീൽ ഹുക്കുകൾ ഉപയോഗിക്കാൻ സാധിച്ചാൽ അവ പഴക്കം ചെല്ലും മുൻപ് മീനുകളുടെ ശരീരത്തിൽ നിന്നും വിട്ടുപോകാൻ സഹായകമാകുമെന്ന് ഗവേഷകർ പറയുന്നു.
English Summary: Millions of sharks have fishhooks stuck in their skin