റോഡിലൂടെ ഇഴഞ്ഞു നീങ്ങുന്ന പുള്ളിപ്പുലി, ട്രക്കിനടിയിൽപ്പെട്ട കാട്ടാന; നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങൾ!
Mail This Article
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത് മനുഷ്യനും വന്യമൃഗങ്ങളുമായുള്ള സംഘട്ടനം ഏറിവരുന്നതായാണ്. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങൾ കടുത്ത ക്രൂരതയാണ് നേരിടേണ്ടി വരുന്നത്. വാഹനമിടിച്ച് ദാരുണമായി പരുക്കേറ്റു കിടക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
റോഡിലൂടെ എഴുന്നേൽക്കാൻ പോലുമാകാതെ ഇഴഞ്ഞു നീങ്ങുന്ന പുള്ളിപ്പുലിയേയും ചുറ്റും കൂടി നിൽക്കുന്ന ജനക്കൂട്ടത്തേയും ദൃശ്യങ്ങളിൽ കാണാം. ബോളിവുഡ് താരമായ രൺദീപ് ഹൂഡയാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇതോടൊപ്പം മറ്റൊരു ദാരുണമായ ചിത്രവും രൺദീപ് ഹൂഡ പങ്കുവച്ചിരുന്നു. ട്രക്കിനടിൽ പെട്ട് ജീവൻനഷ്ടപ്പെട്ട കുട്ടിയനയുടെ ചിത്രമായിരുന്നു ഇത്. വാഹനമോടിക്കുന്നവർ സൂക്ഷിച്ചാൽ ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു ഇതെന്നും ഹൂഡ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം കൃഷിയിടത്തിലിറങ്ങിയ ആനയെ പിന്നിലൂടെ ഓടിയെത്തി ക്രൂരമായി മർദിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ ചർച്ചയായിരുന്നു. ഗ്രാമവാസികളെ കണ്ട് ഭയന്നോടിയ ആനയുടെ പിന്നാലെ ചെന്നായിരുന്നു ഇയാളുടെ ക്രൂരമായ ആക്രമണം. ആനയെ ആക്രമിച്ചിട്ടോടിയ ഇയാളുടെ പിന്നാലെ ആന പായുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. തലനാരിഴയ്ക്കാണ് ഇയാൾ ആനയുടെ പിടിയിൽ നിന്നും രക്ഷപെട്ടത്.അതിനു മുൻപ് പശ്ചിമബംഗാളിലെ ഝാർഗ്രാം ഗ്രാമത്തിലും സമാനമായ രീതിയിലുള്ള സംഭവം നടന്നിരുന്നു. അവിടെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയുടെ വാലിൽ പിടിച്ചു വലിച്ചാണ് ഉപദ്രവിച്ചത്.കാട്ടാനയെ ഉപദ്രവിക്കുന്ന ആളുകൾക്കെതിരെ കടുത്ത അമർഷമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
ശക്തമായ നടപടികളിലൂടെയും ആസൂത്രിതമായ പദ്ധതികളിലൂടെയുമാണ് ശുഷ്കിച്ചു തുടങ്ങിയിരുന്ന വന്യജീവികളുടെ എണ്ണം ഇവിടെ വർധിപ്പിക്കാനായത്. എന്നാല്‍ വന്യജീവികളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ വലിയൊരു പിഴവുകൂടി സംഭവിച്ചു. അവയ്ക്കാവശ്യമായ വാസസ്ഥലം ഉറപ്പാക്കാൻ കഴിയാതെ പോയി. ഇതാണ് ഇന്ന് വർധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളിലേക്കു നയിക്കുന്ന പ്രധാന ഘടകം.
English Summary: Leopard Left Fatally Injured After Accident