കുഞ്ഞുങ്ങളെ പുറത്തേറ്റിയ അമ്മക്കരടിയും കടുവകളുമായുള്ള കനത്ത പോരാട്ടം; ഒടുവിൽ സംഭവിച്ചത്?
Mail This Article
സ്വന്തം ആശയങ്ങളും കഥകളും ചിത്രങ്ങളുമൊക്കെ ഏറെയാളുകളും പങ്കുവയ്ക്കുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ്. അങ്ങനെ പങ്കുവച്ച ഒരുകൂട്ടം ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.രത്തംബോർ കടുവാ സങ്കേതത്തിൽ നിന്ന് പത്ത് വർഷങ്ങൾക്ക് മുൻപ് പകർത്തിയ ചിത്രങ്ങൾ ആദിത്യ ഡിക്കി സിങ്ങാണ് കഴിഞ്ഞ ദിവസം കഥാരൂപത്തിൽ പുറത്തുവിട്ടത്.
രാജസ്ഥാനിലെ രത്തംബോർ കടുവാസങ്കേതിൽ സുഹൃത്തുകളുമൊത്ത് സന്ദർശനത്തിനെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണിത്. അമ്മക്കരടിയും രണ്ട് കുഞ്ഞുങ്ങളും രണ്ട് കടുവകളുമാണ് ചിത്രങ്ങളിൽ നിറയുന്നത്. കഥ പറയുന്നതുപോലെയാണ് ആദിത്യ ഡിക്കി സിങ്ങ് അടിക്കുറിപ്പിനൊപ്പം ഈ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.
രത്തംബോറിലെ കാലാപാനി എന്നറിയപ്പെടുന്ന മേഖലയിൽ രണ്ട് കടുവകൾ ഇണചേരുന്നുണ്ടെന്ന് വിവരം ലഭിച്ചതനുസരിച്ചാണ് ആദിത്യയും സുഹൃത്തുക്കളുമടങ്ങുന്ന സംഘം ഈ മേഖലയിലേക്ക് തിരിച്ചത്. ഉസ്താദ് എന്ന ആൺകടുവയും നൂർ എന്ന പെൺകടുവയുമാണ് കാലാപാനിയിലുണ്ടായിരുന്നത്.കടുവകളുടെ ചിത്രങ്ങൾ പകർത്തുന്നതിനിടയിലാണ് അവിടേക്കു നടന്നടുക്കുന്ന കരടിയും രണ്ടു കുഞ്ഞുങ്ങളും ശ്രദ്ധയിൽ പെട്ടത്. കരടിയും കുഞ്ഞുങ്ങളും അപകടത്തിലേക്കാണ് നടന്നടുക്കുന്നതെന്ന് ഇവർ ഭയന്നു. കരടികളെ കണ്ട പെൺകടുവയും ആക്രമിക്കാനായി പതുങ്ങി.
പെട്ടെന്ന് അപകടം മണത്ത അമ്മക്കരടി തല ഉയർത്തി നോക്കിയപ്പോൾ ആക്രമിക്കാനൊരുങ്ങുന്ന കടുവയെ കണ്ടു. കളിച്ചുകൊണ്ട് പിന്നാലെ നടന്നിരുന്ന കരടിക്കുട്ടികൾ അപ്പോൾ തന്നെ അമ്മയുടെ പുറത്തെ രോമങ്ങളിൽ അള്ളിപ്പിടിച്ചിരുന്നു. പിന്നീട് നടന്നത് മൂന്ന് ജീവനുകൾക്കു വേണ്ടിയുള്ള പേരാട്ടമായിരുന്നു. പുറത്ത് അള്ളിപ്പിടിച്ചിരിക്കുന്ന കുട്ടികളുമായിട്ടായിരുന്നു പെൺകടുവയുമായി പോരാടിയത്. അധിക സമയം കരടിയുടെ മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പെൺകടുവ പിൻമാറി. ഇത്രയും സമയം കരടിയും കടുവയും തമ്മിലുള്ള പോരാട്ടം കണ്ടു നിന്ന ആൺ കടുവയും ഒരു കൈ നോക്കാൻ രംഗത്തിറങ്ങിയെങ്കിലും കരടി ശക്തമായി പ്രതികരിച്ചതോടെ സ്ഥലം കാലിയാക്കി.
കനത്ത പോരാട്ടത്തിൽ ദയനീയമായി പരാജയപ്പെട്ട കടുവകൾ രണ്ടും സ്ഥലം കാലിയാക്കിയതോടെ കരടിയും കുഞ്ഞുങ്ങളും സമാധാനത്തോടെ മടങ്ങി. ആദിത്യയുടെ ട്വിറ്റർ പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. നിരവധി അഭിപ്രായങ്ങളും ആളുകൾ പങ്കുവയ്ക്കുന്നുണ്ട്.
English Summary: Confrontation Between Mother Bear and Tigers in Ranthambore