ADVERTISEMENT

ഗുജറാത്തിലെ ഗിർ ദേശീയോദ്യാനത്തിലുള്ള പുള്ളിപ്പുലികളും സിംഹങ്ങളും സാധാരണയായി ബദ്ധശത്രുക്കളാണ്. വാസസ്ഥലത്തിനു വേണ്ടിയും ഭക്ഷണത്തിനുവേണ്ടിയുമെല്ലാം പരസ്പരം ഇവ പോരാടുന്നത് പതിവു കാഴ്ചയാണ്. എന്നാൽ ഒരു വർഷം മുൻപ് മുമ്പ് ഇതിനു വിപരീതമായി ഒരു സംഭവമുണ്ടായി. ഒരു പെൺസിംഹം ആൺ വർഗത്തിൽപ്പെട്ട ഒരു പുള്ളിപുലികുഞ്ഞിനെ ദത്തെടുത്ത് സ്വന്തം കുഞ്ഞിനെപ്പോലെ വളർത്താൻ തുടങ്ങി.

രണ്ടു മാസം പ്രായമുള്ളപ്പോഴാണ് മൃദുവായ ചെവികളും നീലക്കണ്ണുകളുമൊക്കെയുള്ള പുലിക്കുഞ്ഞിനെ പെൺ സിംഹത്തിനു ലഭിച്ചത്. അതേപ്രായമുള്ള രണ്ട് സിംഹകുഞ്ഞുങ്ങളാണ് പെൺ സിംഹത്തിനുണ്ടായിരുന്നത്. അതിനാലാവണം പാലൂട്ടിയും സ്നേഹം നൽകിയും മൂന്നാമത്തെ കുഞ്ഞായി കണ്ട് സിംഹം പുലിക്കുഞ്ഞിനെ ആഴ്ചകളോളം പരിപാലിച്ചത്. എന്നാൽ  അധികം വൈകാതെ ഈ പുലികുഞ്ഞ് ചത്തു പോവുകയാണ് ചെയ്തത്.

Lioness adopts leopard cub and ‘cares for it like her own
Image Credit: Dheeraj Mittal

വർഗശത്രുക്കളായ മൃഗങ്ങൾ തമ്മിൽ ഇത്തരം ബന്ധങ്ങൾ കണ്ടെത്തുന്നത് അപൂർവമാണെന്ന് മൃഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് പഠനം നടത്തുന്ന  മിനിസോട്ടാ സർവകലാശാലയിലെ ഗവേഷകനായ  സ്തോത്ര ചക്രബർത്തി അഭിപ്രായപ്പെടുന്നു. മറ്റു മൃഗങ്ങളുടെ കുഞ്ഞിനെ പരിപാലിക്കുന്ന  മൃഗങ്ങൾ ധാരാളമുണ്ടെങ്കിലും വർഗശത്രുക്കളിലൊന്നിനെ തന്നെ സ്വന്തം കുഞ്ഞായി കാണുന്ന സംഭവങ്ങൾ വിരളമാണ്. 

പെൺസിംഹം പുലി കുഞ്ഞിനെ പാലൂട്ടുന്ന ഒരു സംഭവം ടാൻസാനിയയിൽ മുൻപ് കണ്ടെത്തിയിരുന്നു. എന്നാൽ അത് ഒരു ദിവസം മാത്രം നീണ്ടു നിന്ന ബന്ധമായിരുന്നു. എന്നാൽ ഗിർ ദേശീയോദ്യാനത്തിലെ പെൺ സിംഹവും പുലിക്കുഞ്ഞും ഒന്നര മാസത്തിലധികം ഒരുമിച്ചാണു കഴിഞ്ഞത്. സിംഹക്കുട്ടികളും പുലിക്കുഞ്ഞുമായി ഏറെ ഇണങ്ങിയിരുന്നു എന്നതാണ് മറ്റൊരു ആശ്ചര്യപ്പെടുത്തുന്ന വസ്തുത. മൂവരും ചേർന്നു കളിക്കുന്നത് നിരവധി തവണ ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

കുഞ്ഞുങ്ങൾ ജനിച്ചു കഴിഞ്ഞാൽ സാധാരണയായി പെൺസിംഹം കൂട്ടത്തിൽ നിന്നും മാറി അവയെ തനിയെ വളർത്തുകയാണു ചെയ്യുക. പുലിക്കുഞ്ഞിനെ ദത്തെടുത്ത പെൺസിംഹവും കുഞ്ഞുങ്ങളും മറ്റു മുതിർന്ന സിംഹങ്ങളുമായി ഇടപെട്ടിരുന്നുവെങ്കിൽ അവ പുലിക്കുഞ്ഞിനെ ആക്രമിക്കാനുള്ള സാധ്യത ഏറയായിരുന്നുവെന്നും ഡോക്ടർ ചക്രബർത്തി വ്യക്തമാക്കി. ജന്മനാ ബാധിച്ച രോഗം മൂലമാണ് പുലിക്കുഞ്ഞ് ചത്തത്. പരിസ്ഥിതി ജേർണലായ എക്കോ സ്പിയറിലാണ് പെൺ സിംഹവും പുലിക്കുഞ്ഞും തമ്മിലുള്ള  ഗാഢമായ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

English Summary: Lioness adopts leopard cub and ‘cares for it like her own

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com