തട്ടിയെടുത്ത പുള്ളിപ്പുലി കുഞ്ഞിനെ ചേർത്തുപിടിച്ച് ബബൂൺ; കൗതുക ദൃശ്യം, ഒടുവിൽ സംഭവിച്ചത്?
Mail This Article
തട്ടിയെടുത്ത പുള്ളിപ്പുലി കുഞ്ഞിനെ ചേർത്തുപിടിച്ചു നടക്കുന്ന ബബൂണിന്റെ ദൃശ്യം കൗതുകമാകുന്നു. സൗത്ത് ആഫ്രിക്കയിലെ പിലാനെസ്ബർഗ് സ്വകാര്യ വന്യജീവി സങ്കേതത്തിലാണ് അപൂർവ സംഭവം നടന്നത്. ഈ വർഷം ആദ്യവും സമായമായ സംഭവം ക്രൂഗർ ദേശീയ പാർക്കിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടം സന്ദർശിക്കാനെത്തിയ ലോറെൻ പ്രിറ്റോറിയസ് ആണ് അപൂർവ സംഭവം നേരിൽ കണ്ടതും ക്യാമറയിൽ പകർത്തിയതും.
പിലാനെസ്ബെർഗ് ദേശീയ പാർക്കിലെ മൊളോട്ടോ റോഡിനു സമീപമാണ് ബബൂണിനെയും പുള്ളിപ്പുലി കുഞ്ഞിനെയും കണ്ടെത്തിയത്. പുലർച്ചെ സഫാരി കഴിഞ്ഞ് ലോഡ്ജിലേക്ക് മടങ്ങുമ്പോഴാണ് വിനോദസഞ്ചാരികളുടെ സംഘം ഒരു കൂട്ടം ബബൂണുകളെ കണ്ടത്. റോഡിന് മറുവശത്തേക്ക് കടക്കുകയായിരുന്നു ബബൂണുകളുടെ സംഘം. അതിനിടയിലാണ് ഒരു ആൺ ബബൂൺ എന്തോ ഒരു വസ്തു ഒരു കൈകൊണ്ട് ശരീരത്തോട് ചേർത്തുപിടിച്ചിരിക്കുന്നത് വിനോദസഞ്ചാരികൾ കണ്ടത്. ഒറ്റ നോട്ടത്തിൽ അതെന്താണെന്ന് വ്യക്തമായില്ല. സഫാരി വാഹനത്തിനു മുന്നിലൂടെയാണ് ബബൂണുകൾ കടന്നുപോയത്.
വ്യക്തമായി നിരീക്ഷിച്ചപ്പോഴാണ് ബബൂണിന്റെ കൈയിലിരിക്കുന്നത് പുള്ളിപ്പുലി കുഞ്ഞാണെന്ന് മനസ്സിലായത്. ആദ്യം ഇവർ കരുതിയത് ചത്ത പുലിക്കുഞ്ഞിനെയാകാം ബബൂൺ ചേർത്തു പിടിച്ചിരിക്കുന്നതെന്നാണ്. എന്നാൽ പിന്നീടു മനസ്സിലായി ജീവനുള്ള കുഞ്ഞിനെയാണ് ബബൂൺ കൈയിൽ ചേർത്തു പിടിച്ചിരിക്കുന്നതെന്ന്. ബബൂൺ ഒരു കൗതുകത്തിന് അമ്മയുടെ അരികിൽ നിന്ന് തട്ടിയെടുത്തതാകാം പുളളിപ്പുലി കുഞ്ഞിനെ. താൽപര്യം കുറയുമ്പോൾ പുള്ളിപ്പുലിക്കുഞ്ഞിനെ ഉപേക്ഷിക്കുമെന്നും അത് അമ്മയുടെ അടുത്ത് തിരികെയെത്തുമെന്നുമാണ് സഞ്ചാരികൾ കണക്കുകൂട്ടിയത്.
എന്നാൽ ഏറെ നേരം കൊണ്ടുനടന്നിട്ടും ആൺ ബബൂൺ പുള്ളിപ്പുലി കുഞ്ഞിനെ ഉപേക്ഷിച്ചില്ല. ഇടയ്ക്കിടെ ബബൂൺ പുലിക്കുഞ്ഞിനെ താഴെവച്ച് നോക്കുന്നുമുണ്ടായിരുന്നു. എന്നാൽ അതിനെ ഉപദ്രവിക്കാനോ മുറിവേൽപ്പിക്കാനോ മുതിർന്നില്ല. പുലിക്കുഞ്ഞും ബഹളമൊന്നും കൂട്ടാതെ ബബൂണിനോട് ചേർന്നിരിക്കുന്നുണ്ടായിരുന്നു. അമ്മയിൽ നിന്നും വേർപെട്ട് പുലിക്കുഞ്ഞുങ്ങള്‍ക്ക് അധികസമയമൊന്നും അതിജീവിക്കാനാകില്ല.
കൂട്ടത്തിൽ നിന്നും മാറി അൽപം പിന്നിലായിട്ടായിരുന്നു ഈ ബബൂണിന്റെ നടത്തം. ഒടുവിൽ ബബൂൺ സംഘം പോയതിനു പിന്നാലെ പുലിക്കുഞ്ഞുമായി ആൺ ബബൂണും കാട്ടിലേക്കു മറഞ്ഞു. ഇത്തരമൊരു അപൂർവ ദൃശ്യം ആദ്യമായാണ് നേരിട്ടു കണ്ടതെന്ന് ലോറെൻ വ്യക്തമാക്കി. തൊട്ടടുത്ത ദിവസങ്ങളിൽ സമാനമായ മറ്റൊരു സംഭവവും ഇവർ കണ്ടിരുന്നു. പുലിക്കുഞ്ഞ് തികച്ചും ക്ഷീണിതനായിരുന്നുവെന്നും അതിജീവിക്കാനുള്ള സാധ്യതയില്ലെന്നും സംഘം പറഞ്ഞു. കാടിന്റെ ലോകം വേറെയാണ്. അതിൽ കൈകടത്താൻ അവകാശമില്ലാത്തതുകൊണ്ട് തന്നെ ദയനീയമായ ഈ കാഴ്ച കണ്ടുനിൽക്കാൻ മാത്രമേ സംഘത്തിനു കഴിഞ്ഞുള്ളൂവെന്നും ഇവർ വിശദീകരിച്ചു.
English Summary: Baboons Steals Leopard Cub