പുലർച്ചെ ഗെയ്റ്റ് ചാടിക്കടന്ന് ഹോട്ടലിലെത്തിയത് അപ്രതീക്ഷിത അതിഥി; ഭയന്നുവിറച്ച് ജീവനക്കാരൻ!
Mail This Article
പുലർച്ചെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യാനെത്തിയ അതിഥിയെക്കണ്ട് സുരക്ഷാജീവനക്കാരൻ ഞെട്ടി. അടഞ്ഞുകിടന്ന ഹോട്ടലിന്റെ ഗേറ്റ് ചാടിക്കടന്നെത്തിയത് ഒരു സിംഹമായിരുന്നു. ഗുജറാത്തിലെ ജുനഗഡ് നഗരത്തിൽ ഹോട്ടൽ സരോവർ പോർട്ടിക്കോയിലാണ് നടുക്കുന്ന സംഭവം. ഗിർ ദേശീയപാർക്കിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന നഗരത്തിൽ സിംഹങ്ങൾ ഇറങ്ങുന്നത് അസാധാരണ കാഴ്ചയല്ല.
തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടടുത്താണ് തൊട്ടടുത്തുളള പ്രധാനറോഡ് മുറിച്ചുകടന്ന് ഹോട്ടലിന്റെ അങ്കണത്തിലേക്ക് സിംഹമെത്തിയത്. ഹോട്ടലിനുളളിൽ കയറി പാർക്കിങ് സ്ഥലത്ത് ചുറ്റിനടന്ന് പിന്നെ ഹോട്ടലിന്റെ മുക്കിലും മൂലയിലും പരിശോധന നടത്തിയിട്ട് തിരികെ ഗേയ്‌റ്റ് ചാടിക്കടന്ന് മടങ്ങി പോവുകയും ചെയ്തു. ഹോട്ടൽ പരിസരത്ത് അധികം ആളുകളില്ലാതിരുന്നതിനാൽ ആർക്കും ആപത്തൊന്നുമുണ്ടായില്ല.
ഹോട്ടലിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സിംഹം ഹോട്ടൽ പരിസരത്തിലെത്തിയതു മുതൽ സെക്യൂരിറ്റി ക്യാബിനിലെ ജീവനക്കാരൻ ഭയന്നുവിറച്ച് നിൽക്കുകയായിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.
English Summary: Lion Enters Hotel In Gujarat By Leaping Over Wall