ADVERTISEMENT

കയറ്റുമതി ചെയ്തശേഷം തീരത്ത് ഇറക്കാൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന്  രണ്ടുമാസത്തിലേറെ കാലമായി കപ്പലിൽ കഴിയുന്ന എണ്ണൂറിൽ പരം കന്നുകാലികളെ കൊല്ലാനുള്ള നീക്കവുമായി സ്പാനിഷ് സർക്കാർ. 2020 ഡിസംബർ പതിനെട്ടാം തീയതിയാണ് 895 കന്നുകാലികളുമായി കപ്പൽ തുർക്കിയിലേക്കു പുറപ്പെട്ടത്. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തിയശേഷം സ്പാനിഷ് സർക്കാർ നൽകിയ അനുമതിപത്രം തുർക്കി നിരസിച്ചതിനെ തുടർന്നാണ്  കന്നുകാലികൾ തീരത്തിറങ്ങാനാവാതെ കപ്പലിൽ തന്നെ കഴിഞ്ഞത്.

ഇടയ്ക്ക് ലിബിയ അടക്കം മറ്റു പല  രാജ്യങ്ങളിലും കന്നുകാലികളെ ഇറക്കാൻ ശ്രമം നടത്തിയെങ്കിലും അതും വിഫലമായിരുന്നു.  കന്നുകാലികളിൽ ബ്ലൂടങ്ങ് എന്ന അണുബാധ ഉണ്ടാവാനുള്ള സാധ്യതയെ തുടർന്നാണ് അവയെ ഇറക്കുമതി ചെയ്യാൻ പല രാജ്യങ്ങളും അനുമതി നിഷേധിച്ചത്. വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാതെ മാസങ്ങളായി കപ്പലിൽ കഴിയുന്ന  കന്നുകാലികളുടെ നില പരിതാപകരമാണ്. അടച്ചുപൂട്ടിയ നിലയിലുള്ള കണ്ടെയ്നറുകൾക്കുള്ളിലാണ് അവയെ പാർപ്പിച്ചിരിക്കുന്നത്. നിലവിൽ സ്പെയിനിലേക്ക് തന്നെ മടങ്ങിയ കപ്പൽ കാർട്ടജീന തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു.

ഈ കാലയളവിനുള്ളിൽ 22 പശുക്കൾ കപ്പലിൽ വച്ചുതന്നെ ചത്തിരുന്നു. മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ അവയുടെ ശരീരം  പല കഷണങ്ങളാക്കി കടലിലേക്ക് തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് കപ്പലിന്റെ ക്യാപ്റ്റൻ വ്യക്തമാക്കി. കാർട്ടജീന തീരത്ത്  നങ്കൂരമിട്ട ശേഷം കപ്പലിനുള്ളിൽ സ്പാനിഷ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. നിലവിൽ യൂറോപ്യൻ യൂണിയന് പുറത്തേക്ക് കയറ്റുമതി ചെയ്യാൻ പറ്റിയ അവസ്ഥയിലല്ല കന്നുകാലികളെന്ന് പരിശോധന റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അവയിൽ ബ്ലൂടങ് രോഗബാധയുണ്ടോ എന്നത് റിപോർട്ടൽ  വ്യക്തമാക്കിയിട്ടില്ല.

അതേസമയം ആരോഗ്യസ്ഥിതി മോശമായതിനാൽ കന്നുകാലികളെ യൂറോപ്യൻ യൂണിയനിലേക്ക് തിരികെ എത്തിക്കാനും അനുവാദമില്ല. ഈ സാഹചര്യത്തിലാണ് അവയ്ക്ക് ദയാവധം നൽകാനുള്ള തീരുമാനവുമായി അധികൃതർ മുന്നോട്ടു പോകുന്നത്. കന്നുകാലികളെ തീരത്തിറക്കിയ ശേഷം ദയാവധം നൽകാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചുകഴിഞ്ഞു. എന്നാൽ ഈ നീക്കത്തിനെതിരെ കന്നുകാലികളെ കയറ്റുമതി ചെയ്ത കമ്പനിയും മൃഗസംരക്ഷണ പ്രവർത്തകരും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. 

വേണ്ടത്ര സൗകര്യങ്ങളില്ലാതെ രണ്ടുമാസക്കാലം കടലിൽ കഴിയേണ്ടി വന്നതിനാലാണ് കന്നുകാലികളുടെ ആരോഗ്യസ്ഥിതി മോശമായതെന്നും വേണ്ട ചികിത്സ നൽകിയാൽ അവയെ പൂർവാവസ്ഥയിൽ  എത്തിക്കാൻ  സാധിക്കുമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഏഴ് മുതൽ എട്ട് മാസം വരെ പ്രായമുള്ളവയാണ് കപ്പലിൽ കഴിയുന്ന കന്നുകാലികൾ.

English Summary: Cattle stranded on ship in Spain must be destroyed, say vets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com