ADVERTISEMENT

ചില സംഭവ കഥകള്‍ സിനിമയെ വെല്ലുന്നവയാണ്. അതുകൊണ്ട് തന്നെ അത്തരം കഥകള്‍ പലപ്പോഴും സിനിമയാകാറുണ്ട്. സിനിമകളായി മാറുമ്പോഴാകും ഒരു പക്ഷേ അത്തരം സംഭവങ്ങള്‍ ലോകം അറിയുന്നതും. ഇത്തരത്തില്‍ ഒരു അസാധാരണ സംഭവ കഥ സിനിമയാക്കാൻ ഒരുങ്ങുകയാണ് എലിസബത്ത് ബാങ്ക്സ് എന്ന സംവിധായക. ഒരു സിനിമയ്ക്ക് വേണ്ട ത്രില്ലറും, സസ്പെന്‍സും, കോമഡിയും, ആക്ഷനുമെല്ലാം തെല്ലും മേമ്പൊടി ചേര്‍ക്കാതെ തന്നെ 1985 ല്‍ അമേരിക്കയില്‍ നടന്ന ഈ സംഭവത്തില്‍ ഉണ്ടെന്നതാണ് കൗതുകകരമായ കാര്യം. വിശ്വസിക്കാനാകുന്നില്ലെങ്കില്‍ ആ സംഭവ കഥയൊന്നറിയാം.

പാരച്യൂട്ടില്‍ വന്നിറങ്ങിയ മൃതശരീരം

അമേരിക്കയിലെ കെന്‍റക്കിയില്‍ 1985 ലെ ഒരു തണുപ്പുള്ള പ്രഭാതം. വാഹനവുമെടുത്ത് അടുത്തുള്ള ടൗണിലേക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയതായിരുന്നു ഒരു അപ്പൂപ്പന്‍. പക്ഷേ വാഹനമെടുത്ത് റോഡിലേക്കിറങ്ങിയ ഉടന്‍ ജീവിതത്തില്‍ ഇതുവരെ കാണാത്ത ഒരു കാഴ്ച അയാളുടെ മുന്നിലേക്കെത്തി. ഒരു മനുഷ്യശരീരം നടു റോഡില്‍ തണുത്ത് മരവിച്ച് കിടക്കുന്നു. അത് മാത്രമല്ല അയാളുടെ പുറകില്‍ ബന്ധിപ്പിച്ചിരിക്കുന്ന ഒരു പാരച്യൂട്ട് കാഴ്ചയിലെ ആകാംക്ഷ വർധിപ്പിച്ചു. എന്നാല്‍ പിന്നീട് കണ്ടെത്തിയ കാഴ്ചയാണ് വൃദ്ധനെ അക്ഷരാർഥത്തില്‍ ഞെട്ടിച്ചത്. മരിച്ചു കിടക്കുന്ന മനുഷ്യന്‍റെ കയ്യിലുള്ള ബാഗില്‍ ലക്ഷക്കണക്കിന് ഡോളര്‍ വിലവരുന്ന മയക്ക് മരുന്നുകള്‍.

കള്ളക്കടത്തുകാരനായി മാറിയ നര്‍ക്കോട്ടിക് ഉദ്യോഗസ്ഥന്‍

പോലീസെത്തി നടത്തിയ പരിശോധനയില്‍ ആളെ തിരിച്ചറിഞ്ഞു. അമേരിക്കയിലെ നര്‍ക്കോട്ടിക്സ് വകുപ്പിലെ തന്നെ ഏറ്റവും മിടുക്കനായ ഉദ്യോഗസ്ഥരില്‍ ഒരാള്‍. അതിനും മുന്‍പ് സൈന്യത്തിലായിരുന്നപ്പോള്‍ വിശിഷ്ട സേവാ മെഡല്‍ നേടിയ സൈനികന്‍. പാരച്യൂട്ട് ഉപയോഗിക്കുന്നതില്‍ അഗ്രഗണ്യന്‍. പക്ഷെ ദി കമ്പനി എന്ന സംഘത്തിന് വേണ്ടി ഇയാള്‍ ആകാശമാര്‍ഗം കൊക്കൈന്‍ എന്ന നിയമവിരുദ്ധമായ മയക്കു മരുന്ന് കടത്തുകയായിരുന്നു എന്ന് പിന്നീടാണ് അധികൃതര്‍ക്ക് ബോധ്യമായത്. രാത്രിയില്‍ പാരച്യൂട്ടില്‍ വന്നിറങ്ങാനുള്ള ശ്രമത്തില്‍ കണക്ക് കൂട്ടലുകള്‍ തെറ്റിയതാകാം മരണത്തിലേയ്ക്ക് നയിച്ചതെന്നായിരുന്നു അവരുടെ വിലയിരുത്തല്‍. പക്ഷേ അപ്പോഴും ഒരു ചോദ്യം ബാക്കിയായിരുന്നു ഇയാള്‍ സഞ്ചരിച്ച വിമാനത്തിന് എന്ത് സംഭവിച്ചു?

പാബ്ലോ എസ്കോ"ബെയര്‍"

ഇനിയാണ് കഥയിലെ നായകന്‍റെ രംഗപ്രവേശം. എന്നാൽ യഥാർഥ കഥയില്‍ നായകനെ ജീവനോടെ കണ്ട ആരുമില്ലെന്ന് മാത്രം. ഇതിൽ ഏറ്റവുമധികം കൊക്കൈന്‍ ഒരുമിച്ച് അകത്താക്കിയെന്ന ഖ്യാതി ഒരു പക്ഷേ ഇതിലെ നായകനായ കരടിക്കായിരിക്കും. കരടിയിലേക്ക് എങ്ങനെ കൊക്കൈന്‍ എത്തി എന്നതാണ് ചോദ്യമങ്കില്‍ ആ കഥ ഇതാണ്.

കള്ളക്കടത്തുകാരന്റെ മരണത്തിന് ഏതാണ്ട് മൂന്ന് മാസത്തിന് ശേഷം ജോര്‍ജിയയിലെ ചറ്റാച്ചോചേ വന്യജീവി പാര്‍ക്കില്‍ നിന്ന് ഒരു വിമാനം കണ്ടെത്തി. മഞ്ഞുമൂടി കിടന്നിരുന്ന വിമാനത്തിന്‍റെ സമീപത്ത് നിന്ന് തന്നെ 79.1 കിലോയോളം കൊക്കൈനും കണ്ടെത്തി. അധികം അകലയല്ലാതെ ഒരു കരടിയേയും. കരടിയുടെ സമീപത്തായി ഏതാനും കൊക്കൈന്‍ ബാഗുകള്‍ പാതി കാലിയായ നിലയില്‍ ഉണ്ടായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ മഞ്ഞിനടിയില്‍ നിന്ന് നിരവധി കാലിയായ ബാഗുകള്‍ കണ്ടെത്തി. ബാഗുകളിലെ കൊക്കൈനി‍ന്‍റെ അളവ് കണക്കാക്കിയാല്‍ കരടി അകത്താക്കിയ കൊക്കെനിന്‍റെ അളവ് ഏതാണ്ട്  31.2 കിലോയോളം വരുമായിരുന്നു.

കരടി സാമാന്യം വലുപ്പമുള്ളതായിരുന്നു എങ്കിലും ഇത്രയധികം കൊക്കൈനെ താങ്ങാനുള്ള ശേഷി ആ കരടിയുടെ ശരീരത്തിനുണ്ടായിരുന്നില്ല. ഈ കരടിക്കെന്നല്ല ഭൂമിയിലെ ഒരു ജീവിക്കു പോലും അത്രയധികം കൊക്കൈന്‍ വയറ്റിലെത്തിയ ശേഷം ജീവനോടെ ഇരിക്കാന്‍ സാധിക്കുമായിരുന്നില്ല. അമിതമായി കൊക്കൈന്‍ അകത്ത് ചെന്നതോടെ ശ്വാസം മുട്ടലും, ഹൃദയസ്തംഭനവും നേരിട്ട കരടിയുടെ ശരീരത്തിലെ അവയവങ്ങള്‍ ഒന്നൊന്നായി പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ ഇക്കാര്യം വ്യക്തമായി. അതേസമയം ശരീരത്തിന്‍റെ ഉള്‍ഭാഗം ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായിരുന്നു എങ്കിലും പുറമേയ്ക്ക് കരടിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിരുന്നില്ല.

അമേരിക്ക ചുറ്റി ഒടുവില്‍ കെന്‍റക്കിയിലേക്ക്

കൊക്കൈന്‍ തിന്ന് മരിച്ച കരടിയുടെ ഉള്‍വശം സ്റ്റഫ് ചെയ്ത് വൈകാതെ ഒരു വിനോദ പാര്‍ക്കിലേക്കെത്തി. പിന്നീടങ്ങോട്ട് പല പാര്‍ക്കുകളിലും മാളുകളിലുമായി ഈ കരടി പ്രദര്‍ശന വസ്തുവായി. ലാസ് വേഗാസിലെ ചൂത് കളി കേന്ദ്രത്തില്‍ പോലും കരടി ഏറെ നാള്‍  കഴിഞ്ഞു. ഒടുവില്‍ റോന്‍ തോപ്സണ്‍ എന്ന സമ്പന്നന്‍ ഈ കരടിയുടെ സ്റ്റഫ് ചെയ്ത ശരീരം സ്വന്തമാക്കി.  ഇയാളുടെ മരണ ശേഷം നടന്ന ലേലത്തില്‍ ചൈനയുടെ പരമ്പരാഗത മരുന്ന് വില്‍പനക്കാരനായ സു താങ് കരടിയെ വാങ്ങി. അതേസമയം ഈ ഉടമകള്‍ക്കൊന്നും കരടിയുടെ കൊക്കൈന്‍ ചരിത്രം അറിയാമായിരുന്നില്ല.

ഒടുവില്‍ കെന്‍റക്കി ഫോർ കെറ്റക്കി എന്ന കൂട്ടായ്മയാണ് ഈ കരടിയെ കണ്ടെത്തി തനിക്ക് മയക്കു മരുന്നെത്തിച്ച ആള്‍ മരണപ്പെട്ട നഗരത്തിലേക്ക് ഇതിനെ എത്തിച്ചത്. കരടിയുടെ ചരിത്രം അറിഞ്ഞതോടെ സു താങ് ന്യായമായ വിലയ്ക്ക് കരടിയ ഈ കൂട്ടായ്മായ്ക്ക് കൈമാറുകയായിരുന്നു. 2016 മുതല്‍ കെന്‍റക്കി ഫണ്‍ മാളില്‍ ഈ കരടിയുണ്ട്. തന്‍റെ മയക്ക് മരുന്ന് മാഫിയ ബന്ധം അറിയാവുന്നവരെയും അറിയാത്തവരെയും ആകര്‍ഷിച്ച് കൊണ്ട്. 

English Summary: Cocaine Bear: The True Story Of A Bear That Ate 70 Pounds Of Cocaine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com