ADVERTISEMENT

മരച്ചില്ലയിൽ ഒന്നിനു മേൽ ഒന്നായി ഒരു പന്തുപോലെ കൂടിച്ചേർന്ന മോണ്ടാനയിലെ ഗാർട്ടർ പാമ്പുകളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.  മോണ്ടാനയിലെ ബില്ലിങ്സ് സ്വദേശിയായ കാസ്സെ മോറിസ്സെ എന്ന യുവതിയാണ് അപൂർവ ദൃശ്യം പകർത്തിയത്. മരത്തിലും പാറക്കൂട്ടങ്ങളിലുമൊക്കെയായി ഇങ്ങനെ ഉരുണ്ടു കിടക്കുന്ന പാമ്പിൻ കൂട്ടങ്ങൾ മേറ്റിങ് ബാൾസ് എന്നാണ് അറിയപ്പെടുന്നത്. കറുത്ത ശരീരത്തിൽ ചുവപ്പും മഞ്ഞയും വരകളുള്ള ‘റെഡ്–സൈഡഡ് ഗാർട്ടർ’ പാമ്പുകൾ പുളഞ്ഞിറങ്ങുന്ന കാഴ്ചയാണിത്

ഏപ്രിൽ അവസാനം മുതൽ മേയ് അവസാനം വരെ ഇവയുടെ ഇണചേരൽ കാലമാണ്. ഇണചേരുന്നതിനാണ് ഇവ ഇത്തരത്തിൽ ഒത്തു ചേരുന്നത്. വസന്തകാലത്തിന്റെ ആരംഭത്തിലാണിത്. കനത്ത മഞ്ഞുപെയ്യുന്ന കാലത്ത് ഗാർട്ടർ പാമ്പുകൾ  ഭൂമിക്കടിയിലെ പാറക്കെട്ടുകൾക്കിടയിലുള്ള വിള്ളലുകളിലും മാളങ്ങളിലുമെല്ലാമായിരിക്കും. ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപ് സമുദ്രത്താൽ ചുറ്റപ്പെട്ട പ്രദേശമായിരുന്നു എന്നാണ് ഗവേഷകർ പറയുന്നത്.  സമുദ്രം പിൻവാങ്ങിയെങ്കിലും അന്നുണ്ടായിരുന്ന ചുണ്ണാമ്പുകല്ലുകൾ ഇന്നും ഭൂമിക്കടിയിലുണ്ട്. അവയിൽ അനേകം അടരുകളുമുണ്ട്. മഴ പെയ്യുമ്പോൾ ആവശ്യത്തിന് വെള്ളം കയറുകയും ചെയ്യും. പതിനായിരക്കണക്കിനു വരുന്ന പാമ്പുകൾക്കാകട്ടെ മഞ്ഞുകാലത്ത് കഴിയാൻ പറ്റിയ ഏറ്റവും നല്ല താവളവുമാണ് ഇത്.

ഇണചേരാനുള്ള മുൻകരുതലെന്ന നിലയിൽ മഞ്ഞുകാലത്തെ വിശ്രമജീവിതത്തിനിടെ ആൺ ഗാർട്ടർ പാമ്പുകൾ ഭക്ഷണം കഴിക്കാറില്ല. ഏപ്രിൽ അവസാനമോ മേയ് ആദ്യവാരമോ ആകുമ്പോൾ ആൺ പാമ്പുകൾ ഓരോന്നായി സൂര്യപ്രകാശത്തിലേക്ക് തലനീട്ടും. അവയങ്ങനെ പരതി നടക്കുമ്പോഴായിരിക്കും പെൺപാമ്പുകളുടെ വരവ്. ആണുങ്ങളേക്കാൾ വലുപ്പം കൂടുതലാണ് പെൺ ഗാർട്ടറുകൾക്ക്. ഇവ ഒരു തരം ഫിറോമോൺ പുറപ്പെടുവിക്കുന്നതോടെയാണ് ഇണചേരാനായി ആൺപാമ്പുകൾ അടുക്കുന്നത്. ഒരു പെൺപാമ്പിനടുത്തെത്തുക അൻപതിലേറെ ആൺപാമ്പുകളാണ്. അതിനാൽത്തന്നെ അവ ഒന്നിനു മേൽ ഒന്നായി ഒരു പന്തുപോലെ രൂപം പ്രാപിക്കും. 

കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നതാണ് ഇവിടത്തെ നിയമം. ഇത്തരത്തിൽ മരത്തിലും പാറക്കൂട്ടങ്ങളിലുമൊക്കെ ഉരുണ്ടുനടക്കുന്ന പാമ്പുകൂട്ടങ്ങൾക്ക് mating balls എന്നാണ് ഓമനപ്പേര്. ഇണചേരുന്നതിനിടെ ശരാശരി 300 ആൺപാമ്പെങ്കിലും ശ്വാസംമുട്ടി മരിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇണചേരൽ കൃത്യമാകുന്നതിന് മഞ്ഞുകാലത്ത് ‘ഉപവാസ’മെടുത്ത് ഊർജം ശേഖരിക്കുന്നതിനാൽ അവ ഈ അധ്വാനത്തിനിടയിൽ വളരെ പെട്ടെന്നു തന്നെ നശിച്ചുപോകും. ഒരു തവണ ബീജം പുറന്തള്ളുമ്പോൾ 18% ഊർജമാണ് നഷ്ടപ്പെടുന്നത്. അതിനാൽത്തന്നെ ചെറിയ പാമ്പുകൾക്ക് ഇണചേരലിനൊടുവിൽ അകാലചരമമാണു വിധി.

80 ശതമാനം വരുന്ന ഗാർട്ടർ പാമ്പുകളും അടുത്ത മഞ്ഞുകാലം കാണില്ല എന്നും ഗവേഷകർ പറയുന്നു. അതിനാൽത്തന്നെ ഇണചേരൽ കാലം ഗാർട്ടർ പാമ്പുകളുടെ ജീവനെടുക്കൽ കാലമാണെന്നു കൂടിയാണ് അറിയപ്പെടുന്നത്. ഇണചേർന്നു കഴിഞ്ഞാൽ ബീജം  വർഷങ്ങളോളം സൂക്ഷിക്കാൻ പെൺപാമ്പുകൾക്കാകും. മുട്ടയിടാതെ ഇവ പ്രസവിക്കുകയാണു പതിവ്. ഒറ്റ പ്രസവത്തിൽത്തന്നെ അൻപതോളം കുഞ്ഞുങ്ങളുമുണ്ടാകും. ടൂറിസം വരുമാനമുണ്ടാക്കിത്തരുന്നതിനാൽ ഗാർട്ടർ പാമ്പുകളുടെ ഇണചേരലിനെ സർക്കാർ നല്ലവണ്ണം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഇവിടെയെത്തുന്ന കുട്ടികൾ പാമ്പുകൾക്കിടയിലൂടെ കളിച്ചുചിരിച്ച് നടക്കുമ്പോൾ മുതിർന്നവർ ജീവനും കൊണ്ടോടുകയാണ് പതിവെന്നും അധികൃതരുടെ വാക്കുകൾ.

English Summary: This Video Of A "Snake Ball" Is Not For The Faint-Hearted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com