ഒരു വാഴ ഒഴികെ മറ്റെല്ലാം പിഴുതെറിഞ്ഞ് കാട്ടാനക്കൂട്ടം; കാരണമറിഞ്ഞ് അതിശയിച്ച് പ്രദേശവാസികൾ
Mail This Article
ബുദ്ധിയുടെ കാര്യത്തിൽ ആനകൾ ഒട്ടും പിന്നിലല്ല എന്നു തെളിയിക്കുന്ന നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. നാട്ടിലിറങ്ങി കാട്ടാനകൾ നടത്തുന്ന അതിക്രമങ്ങൾ ചില്ലറയല്ല. ഭക്ഷണം തേടി കൃഷിയിടങ്ങളിലെത്തുന്ന കാട്ടാനകൾ കണ്ണിൽ കണ്ടതെല്ലാം പിഴുതെറിഞ്ഞും ചവിട്ടിമെതിച്ചുമാണ് കാടുകയറുക. കാട്ടാനകളിറങ്ങിയ കൃഷിഭൂമിയിൽ പിന്നെ ഒന്നും അവശേഷിക്കാറില്ല. എന്നാൽ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ഒരു വാഴാത്തോട്ടത്തിലെത്തിയ കാട്ടാനക്കൂട്ടം മടങ്ങിയത് കുലച്ചു നിൽക്കുന്ന ഒരു വാഴ മാത്രം അവശേഷിപ്പിച്ചാണ്.
ഇതിന്റെ കാരണം കണ്ടെത്തിയപ്പോഴാണ് ഗ്രാമവാസികൾ അമ്പരന്നത്. കൃഷിയിടം മുഴുവൻ ചവിട്ടിമെതിച്ച കാട്ടാനകൾ ആ വാഴ മാത്രം തൊടാതിരുന്നത് അതിൽ ഒരു കിളിക്കൂടും പറക്കമുറ്റാത്ത കിളിക്കുഞ്ഞുങ്ങളും ഉണ്ടായതിനാലാണെന്ന് മനസ്സിലായത്. പ്രദേശവാസികളാണ് വാഴക്കുലയിൽ കൂടു കൂട്ടിയിരിക്കുന്ന പക്ഷിക്കുഞ്ഞുങ്ങളുടെ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കിളിക്കുഞ്ഞുങ്ങൾ അപകടം സംഭവിക്കാതിരിക്കാനാണ് ആ വാഴയിൽ തൊടാതെ മറ്റെല്ലാം പിഴുതെറിഞ്ഞും ഭക്ഷിച്ചും കാട്ടാനക്കൂട്ടം കടന്നുപോയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.
English Summary: Elephants destroy all banana trees except the one with nests