കൊക്കിന്റെ മുട്ട വിരിയിക്കാൻ സഹായമായി മൃഗശാല സൂക്ഷിപ്പുകാരന്; ഇത് അപൂർവ സൗഹൃദം
Mail This Article
അത്യപൂര്‍വ ഇനത്തില്‍ പെട്ട വെള്ളക്കഴുത്തുള്ള കൊക്കുകളുടെ ഗണമാണ് വൈറ്റ് നേപ്ഡ് ക്രെയ്നുകള്‍. ഇതിലൊരു അംഗമായ വാള്‍നട്ട് എന്ന അമ്മക്കൊക്കിന് ഒടുവില്‍ കൂട്ടായി എത്തിയത് ഒരു മൃഗശാല സൂക്ഷിപ്പുകാരൻ. ഒരു വട്ടമല്ല മൂന്ന് തവണ കൊക്കിന്റെ അഞ്ച് മുട്ടകൾ വിരിയിക്കാൻ സഹായമായത് ഈ അമ്മക്കൊക്കിനോട് മൃഗശാല സൂക്ഷിപ്പുകാരനായ യുവാവിനുള്ള ആത്മബന്ധമാണ്.
ആ കഥയിങ്ങനെ:
ഏതാണ്ട് 17 വര്‍ഷം മുന്‍പ് 2004 ലാണ് നായികയായ വാള്‍നട്ട് എന്ന കൊക്ക് വെര്‍ജീനിയയിലെ ഫ്രണ്ട് റോയല്‍ മൃഗശാലയിലെത്തുന്നത്. വെള്ളക്കഴുത്തുള്ള കൊക്കുകളുടെ സംരക്ഷണാര്‍ഥം ആരംഭിച്ച പ്രത്യേക പ്രത്യുൽപാദന പരിപാടിയുടെ ഭാഗമായാണ് വാള്‍നട്ട് കൊക്കിനെ തിരഞ്ഞെടുത്തത്. എന്നാല്‍ 23 വയസ്സ് വരെ ഒരു കുഞ്ഞിനെ പോലും വാള്‍നട്ടില്‍ നിന്ന് മൃഗശാല അധികൃതര്‍ക്ക് ലഭിച്ചില്ല. വാള്‍നട്ടിന് രണ്ട് പങ്കാളികളെ നല്‍കിയിരുന്നെങ്കിലും ഫലം ശുഭകരമായിരുന്നില്ല. ഒന്നാമതെയും രണ്ടാമത്തെയും പങ്കാളികള്‍ ഒരേപോലെ ജീവനറ്റ നിലയില്‍ കണ്ടെത്തിയതോടെ മൃഗശാല അധികൃതര്‍ക്ക് സംശയമായി. മൂര്‍ച്ചയേറിയ കൊക്കുകളുള്ള പെണ്‍ പക്ഷിതന്നെയാകാം ഈ രണ്ട് ആണ്‍ കൊക്കുകളുടെയും മരണത്തിനു പിന്നിലെന്ന് ഇവര്‍ ബലമായി സംശയിച്ചു.
സ്വാഭാവിക രീതിയിലുള്ള പ്രത്യുൽപാദനം എന്ന ആശയം മൃഗശാല അധികൃതര്‍ ഉപേക്ഷിച്ചു. പകരം കൃത്രിമ ബീജസങ്കലനം പരീക്ഷിക്കാന്‍ ഇവര്‍ തയാറായി. പക്ഷേ കൃത്രിമ ബീജസങ്കലനത്തിന് മുട്ടകളുടെ സംരക്ഷണം ഉറപ്പാക്കണമെങ്കിൽ കൊക്കുകള്‍ക്കിടയില്‍ പങ്കാളി അനിവാര്യമാണ്. ഇവർ ഒരുമിച്ചാണ് കാവലിരിക്കുന്നത്. അതുകൊണ്ട് വാള്‍നട്ടിനും ഒരു പങ്കാളിയെ ആവശ്യമാണെന്ന കാര്യം മൃഗശാല അധികൃതര്‍ക്ക് അറിയാമായിരുന്നു. ഇതിനാണ് കൊക്കുമായി ചങ്ങാത്തത്തിലായ യുവാവിന്റെ സഹായം ലഭിച്ചത്.
വിജയകരമായി വിരിയിച്ച മുട്ടകള്‍
മറ്റൊരു ആണ്‍ കൊക്കിന്‍റെ ബീജമാണ് വാള്‍നട്ടില്‍ നിക്ഷേപിച്ചത്. പക്ഷേ അതേ ആണ്‍കൊക്കിന് മറ്റൊരു ഇണയുള്ളതിനാല്‍ മുട്ടയുടെ കൂട്ടിരിപ്പിന് ഉപയോഗിക്കാന്‍ പറ്റുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ക്രിസ് ക്രൗ എന്ന യുവാവ് മുട്ടയ്ക്ക് കാവലിരിക്കാന്‍ തുടങ്ങിയത്. എന്നാൽ വൈകാതെ വാള്‍നട്ടിന്‍റെ സ്വഭാവം മാറി. വാള്‍നട്ട് ക്രിസ് ക്രൗവുമായി കൂടുതല്‍ അടുത്തു. ചുരുക്കി പറഞ്ഞാല്‍ ഇണ ചേരാനുള്ള ക്ഷണത്തിന്‍റെ ഭാഗമായുള്ള നൃത്തത്തിന് പോലും വാള്‍നട്ട് ക്രിസ് ക്രൗവിനെ ക്ഷണിച്ചു. ആദ്യം അദ്ഭുതത്തോടെ ഈ അടുപ്പം വീക്ഷിച്ചുവെങ്കിലും വൈകാതെ ഈ അടുപ്പത്തിന്‍റെ സാധ്യത മൃഗശാലയിലെ ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞു.
ആദ്യത്തെ രണ്ട് മുട്ടകള്‍ വിരിഞ്ഞതോടെ വീണ്ടും ഒരിക്കല്‍ കൂടി കൃത്രിമ ബീജസങ്കലനം നടത്താന്‍ തീരുമാനിച്ചു. ക്രിസ് ക്രൗ കൊക്കുമായി സ്ഥാപിച്ച സൗഹൃദം ഇതിന് ഗുണം ചെയ്തു. ഒരിക്കല്‍ കൂടി ബീജസങ്കലനം നടത്തി രണ്ട് മുട്ടകള്‍ കൂടി മൃഗശാല അധികൃതര്‍ വിരിയിച്ചെടുത്തു. ഒരിക്കല്‍ കൂടി ശ്രമിച്ചെങ്കിലും ഇത്തവണ ഒരു മുട്ട മാത്രമാണ് ലഭിച്ചത്. ഈ മുട്ടയും ക്രിസ് ക്രൗവുമായി ചേര്‍ന്ന് വാള്‍നട്ട് വിരിയിച്ചു. അപ്പോഴേക്കും പക്ഷിയുടെ പ്രായത്തിന്‍റെ അവശത മനസ്സിലാക്കിയ അധികൃതര്‍ ഇനി ബീജസങ്കലനം നടത്തേണ്ട എന്നു തീരുമാനിക്കുകയായിരുന്നു.
വൈറ്റ് നേപ്ഡ് ക്രെയ്ന്‍
കൊക്കുകളുടെ കൂട്ടത്തില്‍ തന്നെ വലിയ തോതില്‍ വംശനാശ ഭീഷണി നേരിടുന്നവയാണ് വൈറ്റ് നേപ്ഡ് ക്രെയ്നുകള്‍. വനത്തില്‍ അയ്യായിരത്തില്‍ താഴെ മാത്രം വൈറ്റ് നേപ്ഡ് ക്രെയ്നുകളാണ് അവശേഷിക്കുന്നത്. അതുകൊണ്ട് മൃഗശാലയില്‍ വിരിയിച്ചെടുക്കുന്ന ഈ പക്ഷികളില്‍ ഒരു വിഭാഗത്തെ വനത്തിലേക്ക് വിട്ട് അവയുടെ നിലനില്‍പ് ഉറപ്പാക്കുക കൂടി ചെയ്യുന്നുണ്ട്. വാള്‍നട്ടിന്‍റെ തന്നെ കുട്ടികളിലുണ്ടായ അടുത്ത തലമുറയില്‍ പെട്ട ഏഴ് പക്ഷികള്‍ ഇതുപോലെ ഇപ്പോള്‍ സ്വതന്ത്രമായി വനത്തില്‍ ജീവിക്കുന്നുണ്ട്.
English Summary: The Zoo Keeper Who "Fathered" Five Chicks With A Murderous Endangered Crane