വാലില്‍ പിടിച്ച് മരത്തിലടിച്ച് കൊന്നു; ഇരയെ വേട്ടയാടി കൊന്നുതിന്ന് ഒറാങ് ഉട്ടാന്, വിഡിയോ!
Mail This Article
ഗൊറില്ലകള്‍ കഴിഞ്ഞാല്‍ കുരങ്ങ് വര്‍ഗത്തില്‍ രണ്ടാം സ്ഥാനക്കാരാണ് ഒറാങ് ഉട്ടാനുകള്‍. പൊതുവെ ശുദ്ധസസ്യാഹാരികളാണ് കുരങ്ങുകള്‍ എന്നൊരു തെറ്റിധാരണയുണ്ട്. പ്രത്യേകിച്ചും ഇന്ത്യയില്‍ ഈ തെറ്റിധാരണ വ്യാപകമാണ്. എന്നാല്‍ കുരങ്ങുകളുടെ ഭക്ഷണക്രമത്തില്‍ പലപ്പോഴും മാംസാഹരവും ഇടം പിടിക്കാറുണ്ട്. അതില്‍ ചെറിയ പ്രാണികള്‍ മുതല്‍ മാനുകള്‍ പോലുള്ള ജീവികള്‍ പോലും ഉള്‍പ്പെടാറുണ്ട്.
കുരങ്ങന്‍മാര്‍ക്കിടയിലെ മാംസാഹാരികള്‍ പ്രശസ്തരായവര്‍ ബബൂണുകളാണ്. ആഫ്രിക്കയിലെ ഈ കുരങ്ങന്‍മാര്‍ പുലിയുടേയും സിംഹത്തിന്‍റേയും വരെ പക്കല്‍ നിന്ന് ഇരയെ മോഷ്ടിച്ച് ഭക്ഷണമാക്കുന്ന ജീവികളാണ്. കൂട്ടം ചേര്‍ന്നാല്‍ മാനുകള്‍ പോലുള്ള ജീവികളെ ആക്രമിച്ച് കീഴ്പ്പെടുത്തി ഭക്ഷണമാക്കാനും ഇവയ്ക്ക് മടിയില്ല. ബബൂണുകള്‍ വേട്ടയാടി മാംസം ഭക്ഷിച്ച് ജീവിയ്ക്കുന്ന കുരങ്ങുകളാണെന്നത് പരക്കെ അറിയപ്പെടുന്ന വസ്തുതയുമാണ്.
എന്നാല്‍ സാധാരണ ഗതിയില്‍ സസ്യങ്ങളെ ആഹാരമാക്കുന്ന അപൂര്‍വമായി മാത്രം ചെറു ജീവികളെ ഭക്ഷിക്കുകയും ചെയ്യുന്ന ഒറാങ് ഉട്ടാന്‍റെ പുതിയ ഭക്ഷണ രീതിയാണ് ഇപ്പോള്‍ ഗവേഷകരെ അമ്പരപ്പിച്ചത്. സ്ലോ ലോറിസ് എന്നറിയപ്പെടുന്ന മരത്തില്‍ ജീവിക്കുന്ന ചെറു ജീവികളിലൊന്നിനെ വേട്ടയാടി കൊന്നു തിന്നുന്ന ഒറാങ്ങ് ഉട്ടാനെയാണ് പുതിയ പഠനത്തില്‍ വിവരിക്കുന്നത്. ദൃശ്യങ്ങളുടെയും ചിത്രങ്ങളുടെയും സഹായത്തോടെയാണ് ഈ കണ്ടെത്തലിനെ ഗവേഷകര്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഒറാങ് ഉട്ടാന്‍റെ വേട്ട
ഏതാണ്ട് രണ്ടര മിനിട്ടോളം ദൈര്‍ഘ്യമുള്ള വിഡിയോയാണ് ഒറാങ്ങ് ഉട്ടാൻ വേട്ടയാടി ഇരയെ ഭക്ഷിക്കുന്ന രീതിക്ക് തെളിവായി പുറത്തു വന്നിരിക്കുന്നത്. സ്ലോ ലോറിസിനെ പിടി കൂടി കൊന്ന് കൈയില്‍ വച്ചിരിക്കുന്ന ഒറാങ് ഉട്ടാനെയാണ് ദൃശ്യത്തില്‍ ആദ്യം കാണാന്‍ കഴിയുക. തുടര്‍ന്ന് ഈ ജീവിയുടെ തോല് കടിച്ച് ശരീരത്തില്‍ നിന്ന് വേര്‍ പെടുത്തുന്നതും വൈകാതെ രണ്ട് ഒറാങ് ഉട്ടാനുകള്‍ ഈ ജീവിയെ ഭക്ഷിക്കുന്നതും ദൃശ്യത്തില്‍ കാണാനാകും. ഇതില്‍ മുതിര്‍ന്ന ഒറാങ്ങ് ഉട്ടാനാണ് സ്ലോ ലോറിസിനെ വേട്ടയാടിയത്.
അതേസമയം ഈ സ്ലോ ലോറിസിനെ വേട്ടയാടുന്ന ദൃശ്യങ്ങള്‍ മരങ്ങള്‍ക്കിടയിലൂടെ പൂര്‍ണമായി പകര്‍ത്താന്‍ സാധിച്ചില്ല. സാധാരണ ഗതിയില്‍ മരത്തിന്‍റെ വളരെ ഉയരത്തില്‍ മാത്രം കാണുന്ന സ്ലോ ലോറിസ് വിഭാഗത്തിലെ ഒരു ജീവി നിലത്തേക്കെത്തിയതോടെയാണ് ഈ വേട്ടയ്ക്ക് തുടക്കമായത്. ഈ ജീവിയെ കണ്ട മൊലാങ് എന്ന് പേരുള്ള ആണ്‍ ഒറാങ് ഉട്ടാന്‍ വളരെ വേഗത്തില്‍ തന്നെ മരത്തില്‍ നിന്ന് താഴെയെത്തി. തുടര്‍ന്ന് ഈ ജീവിയെ പിന്തുടര്‍ന്ന് പിടികൂടുകയും ഒട്ടും താമസിക്കാതെ തന്നെ വാലില്‍ പിടിച്ച് മരത്തിലടിച്ച് കൊല്ലുകയും ചെയ്തു.
ഇങ്ങനെ വേട്ടയാടി കിട്ടിയ ഇരയുമായാണ് മൊലാങ്ങ് മുകളിലേക്കെയത്. മൊലാങ്ങ് ഇരയെ ഭക്ഷണമാക്കുന്നതിനിടെ ഇത് കണ്ടുള്ള കൗതുകം തോന്നി മറ്റൊരു കുട്ടിക്കുരങ്ങ് ഈ വലിയ ഒറാങ്ങ് ഉട്ടാന് അടുത്തേക്കെത്തുന്നത്. വിഡിയോ ദൃശ്യത്തില്‍ മൊലാങ്ങ് കുഞ്ഞന്‍ ഒറാങ്ങ് ഉട്ടാനുമായി ഇരയെ പങ്കുവയ്ക്കുന്നുണ്ടെന്ന് തോന്നുമെങ്കിലും യാഥാർഥ്യം അങ്ങനെയല്ലെന്നും ഗവേഷകര്‍ വിവരിക്കുന്നു. വേട്ടയാടിയ സ്ലോ ലോറിസിന്‍റെ ചെറിയ തുണ്ട് മാംസം മാത്രമാണ് ഈ കുഞ്ഞന്‍ കുരങ്ങിന് ലഭിച്ചത്. വീണ്ടും അടുത്തേക്ക് വന്നപ്പോഴേക്കും മൊലാങ്ങ് കുട്ടി ഒറാങ് ഉട്ടാനെ ആട്ടിയകറ്റിയെന്നും ഗവേഷകര്‍ പറയുന്നു.
വിഷജന്തുവായ സ്ലോ ലോറിസ്
കാഴ്ചയില്‍ അണ്ണാന്‍റെ വിഭാഗത്തിൽ പെട്ടതായി തോന്നുമെങ്കിലും സ്ലോ ലോറിസ് മരത്തിലൂടെയുള്ള സഞ്ചാരത്തില്‍ അത്ര മിടുക്കനൊന്നുമല്ല. വളരെ പതിയെയാണ് ഇവയുടെ സഞ്ചാരവും പ്രതികരണവുമെല്ലാം. അത് കൊണ്ട് തന്നെയാണ് സ്ലോ ലോറിസ് എന്ന പേര് ഇവയ്ക്ക് ലഭിച്ചതും. മെല്ലെപ്പോക്ക് മൂലം വേട്ടക്കാരില്‍ നിന്ന് രക്ഷനേടാനായി ഇവ മരത്തിന്‍റെ ഏറ്റവും ഉയരത്തിലാണ് മിക്കപ്പോഴും കാണപ്പെടുക. അപൂര്‍വമായി മാത്രമാണ് ഇവ താഴേക്കിറങ്ങി വരുന്നത്.
എന്നാല്‍ ഈ വേഗക്കുറവിനെ മറികടക്കാനും ശത്രുക്കളെ അകറ്റി നിര്‍ത്താനും മറ്റൊരു പ്രത്യേകത കൂടി സ്ലോ ലോറിസുകള്‍ക്ക് പ്രകൃതി നല്‍കിയിട്ടുണ്ട്. ഇത് ഇവയുടെ ശരീരത്തിലെ വിഷഗ്രന്ഥിയാണ്. കൈപ്പത്തിയോട് ചേര്‍ന്നു കാണപ്പെടുന്ന ഈ വിഷഗ്രന്ഥിയിലെ വിഷം അപകടകരമാകുന്നത് സ്ലോ ലോറിസുകളുടെ ഉമിനീര്‍ കൂടി ചേരുമ്പോഴാണ്. അതുകൊണ്ട് തന്നെ പ്രതിരോധം ആവശ്യമായി വരുന്ന സമയത്ത് ഇവ പല്ലുപയോഗിച്ച് വിഷഗ്രസ്ഥിയില്‍ തടവിയ ശേഷം ശത്രുക്കളെ കടിക്കും.
മനുഷ്യര്‍ക്ക് പോലും ജീവഹാനി വരുത്താവുന്ന രീതിയില്‍ വീര്യമുള്ളതാണ് ഈ വിഷം. ഉമിനിരീമായി ചേര്‍ന്ന് കടിക്കുമ്പോള്‍ വിഷം ശത്രുവായ ജീവിയുടെ രക്തത്തിലേക്കെത്തും. ചെറിയ തോതിലുള്ള കടിയേറ്റാല്‍പോലും മനുഷ്യരില്‍ ശക്തമായ അലര്‍ജിയും ആഘാതങ്ങളുമുണ്ടാകാറുണ്ട്. ശക്തമായ കടിയേറ്റാല്‍ മരണത്തിന് പോലും കാരണമാകും. ഇതേ സ്ഥിതി തന്നെയാണ വലുപ്പത്തില്‍ മനുഷ്യനേക്കാള്‍ അല്‍പം മാത്രം മുന്‍തൂക്കമുള്ള ഒറാങ് ഉട്ടാനുകളുടെ കാര്യത്തിലും സംഭവിക്കുക.
English Summary: Wild Bornean Orangutan Caught Killing And Eating A Slow Loris For First Time