‘നമ്മള് കഴിഞ്ഞ ദിവസമുണ്ടാക്കിയ ബ്ലോക്കിന്റെയത്രയും ഇല്ലഡേ’; വാഹനങ്ങൾക്കു മുന്നിൽ കൂളായി സിംഹങ്ങൾ!
Mail This Article
കാടകങ്ങളെ അറിയാനാണ് വന്യജീവി സങ്കേതങ്ങളിലേക്കുള്ള യാത്രകൾ. കാണാക്കാഴ്ചകൾ ഏറെ കാത്തിരിക്കുന്നുണ്ടാവും ഓരോ യാത്രകളിലും. അത്തരമൊരു യാത്രയിലെ രസകരമായ സംഭവമാണ് ഇപ്പോൾ ടാൻസാനിയയിൽ നിന്നു പുറത്തുവരുന്നത്. തിരക്കേറിയ നഗരങ്ങളിലെ ഗതാഗതക്കുരുക്കുകളിൽ നിന്നു രക്ഷതേടിയെത്തിയ സഞ്ചാരികൾ സഫാരിക്കിടയിൽ വേറിട്ട ഒരു ഗതാഗതക്കുരുക്കിൽ അകപ്പെടുകയായിരുന്നു. നഗരങ്ങളിലെ തിരക്കുകൾ മടുപ്പിപ്പിക്കുന്നവയാണെങ്കിൽ ഈ ഗതാഗതക്കുരുക്ക് യാത്രക്കാർ നന്നായി ആസ്വദിക്കുകയാണ് ചെയ്തത്.
സഫാരി വാഹനങ്ങൾക്ക് കടന്നു പോകാനാവാത്ത വിധം തടസം സൃഷ്ടിച്ച് വഴിയിൽ കിടന്നത് 3 വലിയ സിംഹങ്ങളാണ്. വാഹനങ്ങളുടെ തിരക്കുകളൊന്നും തങ്ങളെ ബാധിക്കില്ലെന്ന മട്ടിയായിരുന്നു ലാഘവത്തോടെയുള്ള സിംഹങ്ങളുടെ കിടപ്പ്. ആദ്യം രണ്ട് സിംഹങ്ങൾ വഴിയുടെ നടുവിൽ കിടക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പിന്നീട് വാഹനങ്ങൾക്കിടയിലൂടെ കടന്നുവന്ന് മറ്റൊരു സിംഹംകൂടി ഇവയ്ക്കൊപ്പം ചേരുകയായിരുന്നു. ഇരുവശത്തും വാഹനനങ്ങൾ നിരനിരയായി കിടക്കുന്നതും ദൃശ്യത്തിൽ കാണാം.
സഫാരി വാഹനത്തിലുണ്ടായിരുന്ന സഞ്ചാരികളാണ് അപൂർവ ദൃശ്യങ്ങൾ പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. ഏറെ നേരത്തിനു ശേഷമാണ് സഞ്ചാരികളുടെ കണ്ണിന് ഇമ്പമാർന്ന വിരുന്നു സമ്മാനിച്ച ശേഷം സിംഹങ്ങൾ അവിടെനിന്നും മടങ്ങിയത്. 1.3 മില്യണിലധികം ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു.
English Summary: Lions Snuggling In The Middle Of A Road Cause 'Traffic Jam' During Tourists' Safari Ride