ADVERTISEMENT

കാണാക്കാഴ്ച്ചകൾ ക്യാമറയിൽ പകർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വന്യജീവി ഫൊട്ടോഗ്രഫർമാർ കാടുകയറുന്നത്. ചിത്രങ്ങൾ ഏറെ പകർത്താൻ കഴിയുമെങ്കിലും  വേറിട്ട ചിത്രങ്ങൾ പകർത്താൻ പലപ്പോഴും ഏറെ കാത്തിരിക്കേണ്ടതായി വരും. അത്തരമൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. യുഎസിലെ ഹവായ് സ്വദേശിയായ ലെയ്റ്റൺ ലം എന്ന ഫൊട്ടോഗ്രഫർ ബ്രസീലിൽ നിന്നു പകർത്തിയ ചിത്രങ്ങളാണിത്.

 

ചീങ്കണ്ണിയെ വേട്ടയാടുന്ന ജഗ്വാറാണ് ചിത്രത്തിലുള്ളത്. 33 കാരനായ ലെയ്റ്റൺ ലം ബ്രസീലിലെ പാന്റണൽ സന്ദർശിക്കുന്നതിനിടയിലാണ് അപൂർവ സംഭവത്തിന് സാക്ഷ്യം വഹിച്ചത്. ഓഗസ്റ്റിലാണ് ലെയ്റ്റൺ ലം ബ്രസീൽ സന്ദർശിച്ചത്. കൊവിഡ് കാലമായതിനാൽ ആസമയത്ത് സന്ദർശകരുടെ തിരക്ക് കുറവായിരുന്നു. അതുകൊണ്ട്തന്നെ നദീ തീരങ്ങളിൽ മൃഗങ്ങൾക്ക് സമാധാനത്തോടെ വിഹരിക്കാൻ കഴിഞ്ഞിരുന്നു. ബോട്ടിൽ നദിയിലൂടെ ഗൈഡിനൊപ്പം നീങ്ങുന്നതിനിടയിലാണ് ലെയ്റ്റൺ ലം തടാകക്കരയിൽ വിശ്രമിക്കുന്ന കെയ്മൻ വിഭാഗത്തിൽപ്പെട്ട രണ്ട് ചീങ്കണ്ണികളെ കണ്ടത്. അവയുടെ ചിത്രം പകർത്തി മടങ്ങാൻ തുടങ്ങിയപ്പോഴാണ് വലിയൊരു ശബ്ദം കേട്ടത്. അവിടേക്ക് നോക്കിയപ്പോൾ കണ്ടത് ചീങ്കണ്ണിയെ വായിൽ കടിച്ചുവലിച്ചു നീങ്ങുന്ന ആൺ ജഗ്വാറിനെയാണ്. ഉടൻതന്നെ ഈ നിമിഷം ക്യാമറയിൽ പകർത്തുകയായിരുന്നു.

 

ചീങ്കണ്ണിയുടെ കഴുത്തിലാണ് ജഗ്വാർ പിടുത്തമിട്ടത്. അതുകൊണ്ട് തന്നെ ചീങ്കണ്ണിയുടെ പ്രതിരോധത്തിന് അവിടെ പ്രസക്തിയില്ലായിരുന്നു. ചീങ്കണ്ണിയുടെ കഴുത്തിൽ കടിച്ചുവലിച്ച് തീരത്തുനിന്ന് സമീപത്തുള്ള കുറ്റിക്കാട്ടിലേക്കാണ് ജഗ്വാർ പോയത്. അൽപനിമിഷങ്ങൾക്കകം തന്നെചീങ്കണ്ണിയുടെ ശരീരം കടിച്ചുവലിച്ച് ജഗ്വാർ തീരത്തേക്ക് മടങ്ങിയെത്തുകയും ചെയ്തു. പിന്നീട് ചീങ്കണ്ണിയുടെ ശരീരം താഴെ മണലിലിട്ടു. തേനീച്ചക്കൂട്ടം ആക്രമച്ചിതിനാലാണ് ചീങ്കണ്ണിയുമായി തീരത്തേക്ക് തന്നെ ജഗ്വാർ മടങ്ങിയെത്തിയത്. അതുകൊണ്ട്തന്നെ കൂടുതൽ മികച്ച ചിത്രങ്ങൾ പകർത്താൻ സാധിച്ചെന്നും ലെയ്റ്റൺ ലം വിശദീകരിച്ചു. അൽപ സമയത്തിനു ശേഷം ജഗ്വാർ ഇരയെ സമാധാനത്തോടെ ഭക്ഷിക്കാനായി മറുവശത്തുള്ള കാടിനുള്ളിലേക്ക് മറഞ്ഞു. അപൂർവ ചിത്രങ്ങൾ പകർത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ലെയ്റ്റൺ ലം അവിടെ നിന്നും മടങ്ങിയത്.  

 

English Summary: Dramatic moment jaguar kills an alligator caught on camera

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com