അമ്പമ്പോ എന്തൊരു വമ്പൻ, ഭാരം 8000 കിലോ; ലോകത്തിലെ ഏറ്റവും വലിയ ആന, വിഡിയോ
Mail This Article
വലുപ്പത്തിന്റെ കാര്യത്തിൽ ആനകളെ തോൽപ്പിക്കാൻ കരയിൽ മറ്റു മൃഗങ്ങളില്ല. എന്നാൽ ആനവർഗത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും വലിയ ആന ഏതായിരിക്കും? അതിനുള്ള ഉത്തരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ വനത്തിലൂടെ തലയെടുപ്പോടെ നടന്നുനീങ്ങുന്ന ഒരു വമ്പൻ ആഫ്രിക്കൻ ആനയുടെ ദൃശ്യമാണിത്. ലോകത്തിൽ ഇന്നുള്ളതിൽവച്ച് ഏറ്റവും വലിയ ആന എന്ന വിശേഷണത്തോടെയാണ് ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്.
നീണ്ട കൊമ്പുകളും ചെറു മരങ്ങൾക്കൊപ്പം നിൽക്കുന്ന പൊക്കവും വമ്പൻ ശരീരവുമായി രാജകീയ പ്രൗഢിയിലാണ് ഈ ഗജവീരന്റെ നടത്തം. 8000 കിലോഗ്രാമാണ് പേരറിയാത്ത ഈ ആഫ്രിക്കൻ ആനയുടെയുടെ ഭാരം എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ലോകത്തിലെതന്നെ ഏറ്റവും വലിയ ആനകളാണ് ആഫ്രിക്കൻ ആനകൾ. പ്രായപൂർത്തിയെത്തിയ ഒരു ആഫ്രിക്കൻ ആനയുടെ ശരാശരി ഭാരം 6000 കിലോഗ്രാം ആണെന്നാണ് കണക്കാക്കിയിരിക്കുന്നത്. അപ്പോൾ ടാൻസാനിയൻ വനത്തിൽ കണ്ടെത്തിയ വമ്പന്റെ വലുപ്പം എത്രയാവും എന്ന് ചിന്തിച്ചു നോക്കൂ.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ച ആനയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ആനയുടെ അസാമാന്യ വലുപ്പം കണ്ടതിന്റെ അദ്ഭുതമാണ് പലരും കമന്റ് ബോക്സിൽ പങ്കുവയ്ക്കുന്നത്. അതേസമയം ആനയെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതലായി പുറത്തുവരുന്നതോടെ അതിന്റെ ജീവന് ആപത്ത് സംഭവിക്കുമോ എന്ന ആശങ്ക പങ്കുവയ്ക്കുന്നവരും ഏറെയാണ്. അതിനാൽ ആനയ്ക്ക് പ്രത്യേക സംരക്ഷണം നൽകേണ്ടത് ആവശ്യമാണെന്നും പലരും കുറിക്കുന്നു.
ഇന്ന് ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും ഏറ്റവും വലിയ ആനയാണ് കക്ഷി എങ്കിലും ഇന്നോളം കണ്ടെത്തിയതിൽവച്ച് ഏറ്റവും വലിയ ആന ഇതല്ല. ഇതിലും ഭാരവും വലുപ്പമുള്ള മറ്റ് രണ്ട് ആഫ്രിക്കൻ ആനകളെ ഇതിനുമുൻപും കണ്ടെത്തിയിരുന്നു. മധ്യ ആഫ്രിക്കൻ രാജ്യമായ അംഗോളയിൽ നിന്നും കണ്ടെത്തിയ ആനയാണ് അതിൽ പ്രഥമൻ. 11000 കിലോഗ്രാം ആയിരുന്നു ഈ വമ്പന്റെ ഭാരം. പൊക്കമാവട്ടെ 3.96 മീറ്ററും. അതായത് ഒരു ശരാശരി ആഫ്രിക്കൻ കൊമ്പനാനയുടെ പൊക്കത്തെക്കാൾ ഏതാണ്ട് ഒരു മീറ്റർ അധികം പൊക്കമാണ് ഈ ആനയ്ക്കുണ്ടായിരുന്നത്.
കെനിയയിലെ സാവോ ഈസ്റ്റ് നാഷണൽ പാർക്കിൽ ജീവിച്ചിരുന്ന സതാവോ ആണ് വലുപ്പത്തിന്റെ കാര്യത്തിൽ മുമ്പനായിരുന്നു മറ്റൊരു ആഫ്രിക്കൻ ആന. ശരീരഭാരത്തിന് പുറമേ ആറരയടിയിലധികം നീളമുള്ള കൊമ്പുകളാണ് സതാവോയെ വ്യത്യസ്തനാക്കിയിരുന്നത്. എന്നാൽ 2014 മെയ് മാസത്തിൽ അനധികൃത വേട്ടയ്ക്കെത്തിയവർ സതാവോയെ വിഷം പുരട്ടിയ അമ്പയയച്ച് കൊലപ്പെടുത്തുകയായിരുന്നു. സതാവോയുടെ കൊമ്പുകൾ മുറിച്ചെടുത്ത് മുഖം വികൃതമാക്കിയ നിലയിലാണ് അന്ന് ജഡം കണ്ടെത്തിയത്.
English Summary: Weighing 8,000 kg, elephant from Tanzania believed to be largest in world