കുരുവിയുടെ വേർപാടിൽ നീറി ഗ്രാമവാസികൾ; നടത്തിയത് 10 ദിവസം നീണ്ട മരണാനന്തര ചടങ്ങുകൾ
Mail This Article
ഒരു കുഞ്ഞു കുരുവിയുടെ മരണത്തിൽ ഒരു ഗ്രാമമാകെ ദിവസങ്ങളോളം സങ്കടത്തിൽ കഴിയുക. കേൾക്കുമ്പോൾ ഏറെ വിചിത്രം എന്ന് തോന്നാമെങ്കിലും കർണാടകയിലെ ചിക്കബല്ലപുർ ജില്ലയിലെ ബസവപട്ടണ എന്ന ഗ്രാമത്തിലുള്ളവർ രണ്ടാഴ്ചയിലേറെയായി ഈ ഒരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഈ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു കുരുവിയുടെ മരണം ഉണ്ടാക്കിയ ശൂന്യതയിൽ നിന്നും ഇനിയും ഇവർ മുക്തരായിട്ടില്ല. ഇവിടെയുള്ള ഓരോ ജനങ്ങളോടും അത്രമേൽ ആത്മബന്ധമാണ് കുഞ്ഞിക്കുരുവി വച്ചുപുലർത്തിയിരുന്നത്.
പെട്ടെന്നൊരു ദിവസം എവിടെനിന്നോ വണ് ഗ്രാമത്തിലെ ഓരോരുത്തരുടെയും നിത്യജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു കുരുവി. പ്രദേശത്തുള്ള ഓരോ വീട്ടിലും ദിനവും എത്തി മനുഷ്യരുമായി ചങ്ങാത്തത്തിലായി. പതിയെപ്പതിയെ കുരുവിയെത്തുന്ന സമയം നോക്കി ഓരോ വീട്ടുകാരും കാത്തിരിക്കാൻ തുടങ്ങി. തങ്ങളുടെ പ്രിയപ്പെട്ട ചങ്ങാതിക്കായി ഓരോരുത്തരും അല്പം ധാന്യവും കൈയിൽ കരുതിയാണ് കാത്തു നിന്നിരുന്നത്. മുറതെറ്റാതെയെത്തി കൈകൾക്കുള്ളിൽ നിന്നും ധാന്യമണികൾ കൊത്തിത്തിന്ന് ഏറെ സന്തോഷത്തോടെ അത് അടുത്ത വീട്ടിലേക്ക് പറന്നു പോവുകയും ചെയ്യും.
ഈ പ്രദേശത്ത് ധാരാളം കുരുവികളുണ്ടെങ്കിലും ഈ ഒരെണ്ണം മാത്രമാണ് മനുഷ്യരുമായി ചങ്ങാത്തത്തിലായത്. രാവിലെ തന്നെ വീട്ടുപടിക്കലെത്തുന്ന കുരുവിയുടെ സാന്നിധ്യം മൂലം ഓരോ ദിവസവും കൂടുതൽ സന്തോഷത്തോടെ ആരംഭിക്കാൻ ഗ്രാമവാസികൾക്ക് സാധിച്ചിരുന്നു. മുറ്റത്തും തൊടിയിലുമൊക്കെയായി നട്ടുപിടിപ്പിച്ചിട്ടുള്ള തൈകൾ ഒന്നും കുരുവി നശിപ്പിച്ചിരുന്നില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. പ്രദേശത്തുള്ള മറ്റു പക്ഷികളെ ശല്യം സഹിക്കാതെ തുരത്തി ഓടിക്കേണ്ടി വരുമ്പോൾ എല്ലാ കാര്യങ്ങളും അറിയാവുന്നതുപോലെയായിരുന്നു കുഞ്ഞിക്കുരുവിയുടെ പെരുമാറ്റം.
തങ്ങളിൽ ഒരാൾ എന്നപോലെ ഗ്രാമവാസികൾ ഒന്നടങ്കം കുരുവിയെ മനസ്സറിഞ്ഞു സ്നേഹിച്ചു കഴിയുന്നതിനിടെയാണ് അപ്രതീക്ഷിതമായി അതിന്റെ ജീവനറ്റെന്ന വാർത്ത ഇവർ അറിയുന്നത്. ഇക്കഴിഞ്ഞ ജനുവരി 26-നാണ് കുരുവിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഒരു കുഞ്ഞു കുരുവിയുടെ ജീവനറ്റ വിവരം ഒരു പ്രദേശമാകെ വലിയ വാർത്തയാകുന്നത് ലോകത്തിൽതന്നെ ഇതാദ്യമായിരിക്കും. സംഭവമറിഞ്ഞ് ഗ്രാമവാസികൾ അവിടേക്കോടിയെത്തി. ജീവനില്ലാത്ത കുരുവിയെ കണ്ട് എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.
തങ്ങളുടെ അപൂർവ ചങ്ങാതിയെ വെറുതെയങ്ങ് കുഴിച്ചിട്ടാൽ പോരായെന്ന കൂട്ടായ തീരുമാനമാണ് ഇവർ എടുത്തത്. അങ്ങനെ മനുഷ്യരുടെ ശവസംസ്കാരം നടത്തുന്ന അതേ രീതിയിൽ എല്ലാവരും ഒത്തുചേർന്ന് കുരുവിയുടെ ജഡം സംസ്കരിച്ചു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന മരണാനന്തര ചടങ്ങുകളും ഇവർ കുരുവിക്കായി ഒരുക്കി. അവിടം കൊണ്ടും തീർന്നില്ല കുരുവിയുടെ ഓർമയ്ക്കായി സസ്യാഹാരം മാത്രം ഉൾപ്പെടുത്തിയ പ്രത്യേക ഭക്ഷണവും ഗ്രാമത്തിൽ എല്ലാവർക്കുമായി വിളമ്പി.
പന്തലും കുരുവിയുടെ ചിത്രം പതിച്ച ബാനറുകളും ഒക്കെ സ്ഥാപിച്ചാണ് ചടങ്ങുകൾ നടത്തിയത്. ഇനിയും മറ്റൊരു കുരുവിയായി നീ ജനിച്ചു വരണമെന്ന കുറിപ്പും ബാനറിൽ ഉൾപ്പെടുത്തിയിരുന്നു. കുരുവിയുടെ ചിത്രവും മരിച്ച തീയതിയുമെല്ലാമടങ്ങിയ ഒരു സ്മാരകശിലയും അതിന്റെ ശവകുടീരത്തിൽ സ്ഥാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം മൂലമുള്ള ബുദ്ധിമുട്ടുകൾക്കിടെ തങ്ങളുടെ ജീവിതത്തിൽ ഏറെ പ്രകാശം നിറച്ച കുരുവിയെ നഷ്ടപ്പെട്ടതിൽ അതീവ ദുഃഖത്തിൽ കഴിയുകയാണ് ഇവിടെയുള്ളവർ.
English Summary: Full Burial and a Feast: How Karnataka Villagers Bid Adieu to a Friendly Sparrow