വാതിലിൽ മുട്ടി വിളിച്ചത് ഉഗ്രവിഷമുള്ള പാമ്പ്: ഭയന്നുവിറച്ച് വീട്ടുകാർ– വിഡിയോ
Mail This Article
അപരിചിതരായ അതിഥികളെത്തിയാൽ വാതിൽ തുറക്കും മുൻപ് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ചിലപ്പോഴെങ്കിലും അത്തരം അതിഥികൾ നമ്മുടെ ജീവനുതന്നെ ആപത്തായേക്കാം. ഇക്കാര്യം ഒന്നുകൂടി ഓർമിപ്പിക്കുകയാണ് ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ നടന്ന ഒരു സംഭവം. സൺഷൈൻ കോസ്റ്റിലുള്ള ഒരു വീടിന്റെ വാതിലിൽ മുട്ടി വിളിച്ചത് ഉഗ്രവിഷമുള്ള പാമ്പാണ്. വാതിൽ തുറക്കും മുൻപ് 'അപരിചിതനെ' കണ്ട് വീട്ടുകാർ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
വീടിന്റെ പ്രധാന വാതിലിന് മുന്നിലെ തടിയിൽ നിർമിച്ച തുറസായ സ്ഥലത്താണ് പാമ്പെത്തിയത്. ഉഗ്രവിഷമുള്ള ഈസ്റ്റേൺ ബ്രൗൺ സ്നേക് ഇനത്തിൽപ്പെട്ട പാമ്പാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വീടിനു തൊട്ടു മുന്നിലെത്തിയ പാമ്പ് കുറച്ചുസമയം അവിടെയെല്ലാം ഇഴഞ്ഞു നടന്നു. വീട്ടുകാർ ഈ കാഴ്ചകളെല്ലാം അകത്തിരുന്ന് കാണുന്നുണ്ടായിരുന്നു. ഏറെ സംയമനത്തോടെ പാമ്പിന്റെ ദൃശ്യങ്ങളും പകർത്തി.
ഒടുവിൽ പാമ്പ് ഇഴഞ്ഞ് വാതിലിനു മുന്നിലെത്തി. മുട്ടി വിളിക്കുന്നതുപോലെ പലയാവർത്തി പാമ്പ് തലകൊണ്ട് വാതിലിൽ ഇടിക്കുന്നതും വിഡിയോയിൽ കാണാം. വീടിനുള്ള സമീപമുള്ള പുല്ലിനിടയിൽ നിന്നാണ് പാമ്പെത്തിയതെന്നാണ് നിഗമനം. ക്വീൻസ്‌ലൻഡിൽ നിലവിൽ തണുത്ത കാലാവസ്ഥയായതിനാൽ നനവില്ലാത്ത ഇടംതേടിയാണ് പാമ്പ് വീട്ടിലേക്കെത്തിയതെന്ന് വിദഗ്ധർ പറയുന്നു. ആൾപ്പെരുമാറ്റം ഇല്ലെന്നു കരുതിയാവാം അത് വീടിനുള്ളിലേക്കു കയറാൻ ശ്രമിച്ചത്.
വീട്ടുകാർ അയച്ച വിഡിയോ സണ്ണി കോസ്റ്റ് സ്നേക് ക്യാച്ചേഴ്സ് എന്ന സംഘടനയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. പാമ്പിനെ കണ്ടയുടൻ പരിഭ്രാന്തരാകാതെ വാതിൽ അടച്ചിട്ട് വീട്ടുകാർ സുരക്ഷിതരായിരുന്നതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് സംഘടനയിലെ ഉദ്യോഗസ്ഥനായ സ്റ്റുവാർട്ട് മക്കെൻസി പറയുന്നു. വീട്ടിലെ വളർത്തുമൃഗങ്ങളെയും അവർ സുരക്ഷിതരാക്കാൻ ശ്രദ്ധിച്ചിരുന്നു. എന്തായാലും വാതിൽ തുറക്കുന്നില്ലെന്ന് മനസ്സിലായതോടെ ഒടുവിൽ പാമ്പിഴഞ്ഞു പുറത്തേക്ക് തന്നെ പോവുകയും ചെയ്തു.
കാലാവസ്ഥ മാറിയ സാഹചര്യത്തിൽ സമാനമായ രീതിയിൽ പാമ്പുകൾ വീടുകളിലേക്ക് കയറാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ കൂടുതൽ ശ്രദ്ധയോടെയിരിക്കണം എന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത്. കാർപെറ്റ് പൈതൺ ഇനത്തിൽപ്പെട്ട പാമ്പുകളാണ് കൂടുതലായും ഈ കാലാവസ്ഥയിൽ വീടുകളിലേക്ക് കയറുന്നത്. ബ്രൗൺ സ്നേക്, റെഡ് ബെല്ലിഡ് സ്നേക് എന്നിങ്ങനെ ഉഗ്രവിഷമുള്ള ഇനങ്ങൾ കയറുന്ന സംഭവങ്ങൾ പൊതുവേ കുറവാണ്. വെള്ളക്കെട്ടുകൾ ഉണ്ടാകുന്ന സമയത്ത് പാമ്പുകൾ ചൂടും ഭക്ഷണവും ലഭിക്കുന്ന സുരക്ഷിത കേന്ദ്രങ്ങൾ തേടി ഇറങ്ങും. അതിനാൽ വീട്ടുമുറ്റത്തെ വേസ്റ്റ് ബിന്നുകളും ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ടയറുകളും കബോർഡുകളും എല്ലാം പ്രത്യേകം നിരീക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.
English Summary: Terrifying moment deadly snake tries to enter Sunshine Coast home