ADVERTISEMENT

ഏതാണ്ട് തന്നോളം പോന്ന ഒരു മുയലിനെ മാളത്തിൽ നിന്നും വലിച്ചു പുറത്തെടുത്ത് ജീവനോടെ ഒറ്റയടിക്ക് വിഴുങ്ങുന്ന ഒരു കടൽകാക്കയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നത്.  കൊക്ക് ഉപയോഗിച്ച് മുയലിനെ കടൽകാക്ക പിടികൂടുന്നതും അനായാസം വിഴുങ്ങുന്നതും  ഏറെ കൗതുകമുണർത്തുന്ന കാഴ്ചയാണ്.  കടൽകാക്കകളുടെ ഭക്ഷണക്രമം സംബന്ധിച്ച് ബ്രിട്ടിഷ് ട്രസ്റ്റ് ഫോർ ഓർണിത്തോളജിയിലെ ഒരു പറ്റം ഗവേഷകർ നടത്തിയ പഠനറിപ്പോർട്ടുകളുടെ ഭാഗമായാണ് വെയിൽസിലെ സ്കോമർ ദ്വീപിൽ  നിന്നും 2020 ൽ പകർത്തിയ ദൃശ്യം വീണ്ടും ജനശ്രദ്ധയാകർഷിച്ചത്.

 

കടൽകാക്കകളുടെ ഇനത്തിൽ തന്നെ വലുപ്പത്തിൽ മുന്നിലുള്ള ഗ്രേറ്റ് ബ്ലാക്ക് ബാക്ക്ഡ് ഇനത്തിൽപെട്ട ഒന്നാണ്  വിഡിയോയിൽ ഉള്ളത്. തുറസ്സായ പ്രദേശത്ത് മാളത്തിനുള്ളിൽ ഒളിച്ചിരുന്ന കാട്ടുമുയലിനെ തന്റെ കൊക്ക് ഉപയോഗിച്ച് വലിച്ചു പുറത്തിട്ട കടൽകാക്ക നിമിഷങ്ങൾക്കുള്ളിൽ അതിനെ അകത്താക്കുകയായിരുന്നു. ആദ്യകാഴ്ചയിൽ മുയൽ കടൽകാക്കയുടെ തൊണ്ടയിൽ കുടുങ്ങുമെന്ന് തോന്നുമെങ്കിലും ഘട്ടംഘട്ടമായി മുയലിന്റെ ഓരോ ഭാഗവും കടൽകാക്ക വിഴുങ്ങുന്നത്  വിഡിയോയിൽ കാണാം. 

 

അവിശ്വസനീയമായ കാഴ്ച എന്നാണ് പലരും സമൂഹമാധ്യമങ്ങളിൽ ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ കടൽകാക്കകളുടെ സ്വഭാവം അടുത്തറിഞ്ഞാൽ ഇത് അത്ര അദ്ഭുതമായി തോന്നില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കടൽകാക്കകളുടെ പ്രധാന ഭക്ഷണത്തിലൊന്നാണ് മുയലുകൾ എന്ന് സ്കോമർ ദ്വീപിലെ വൈൽഡ് ലൈഫ് ട്രസ്റ്റിലെ വിദഗ്ധർ പറയുന്നു. മീനുകളായാലും ബേക്കറികളിൽ നിന്നും ലഭിക്കുന്ന ചിപ്സായാലും ഒരിക്കൽ ഭക്ഷണം ലഭിച്ച സ്ഥലം  പിന്നീട് ഓർത്തെടുത്ത് അവിടേക്ക് തിരിച്ചെത്താൻ ചിലയിനം കടൽകാക്കകൾക്ക് കഴിവുണ്ടെന്നാണ്  ഗവേഷണത്തിൽ കണ്ടെത്തിയത്. യൂറോപ്പിൽ സാധാരണയായി കണ്ടുവരുന്ന ഹെറിങ് ഗൾ ഇനത്തിൽപ്പെട്ട കടൽകാക്കകളിലാണ് ഈ സവിശേഷ സ്വഭാവം ഉണ്ടെന്ന് കണ്ടെത്തിയത്. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഒരുകൂട്ടം കടൽകാക്കകളിലാണ് പഠനം നടത്തിയത്. 

 

ഇവയുടെ ശരീരത്തിൽ ടാഗുകൾ ഘടിപ്പിച്ച ശേഷം ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് സഞ്ചാരപഥം നിരീക്ഷിക്കുകയായിരുന്നു. ഇങ്ങനെ ലഭിച്ച വിവരങ്ങളിൽ വാസസ്ഥലത്തു നിന്നും  ഒരു ഡസൻ മൈൽ അപ്പുറമുള്ള സ്ഥലങ്ങൾ വരെ ഇവ ഓർത്തെടുത്ത് എത്താറുണ്ടെന്ന് കണ്ടെത്തി. വേനൽക്കാലത്ത് ഇംഗ്ലണ്ടിലെ തീരപ്രദേശത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ തീറ്റതേടി കൂട്ടമായി എത്തുന്നവരാണ് ഹെറിങ്ങ് ഗള്ളുകൾ. പ്രദേശവാസികൾക്കും സഞ്ചാരികൾക്കും ഒരുപോലെ ശല്യമായതിനാൽ ഇവയുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരും ഏറെയാണ്.

 

English Summary: Horrifying Video Shows Seagull Pulling Live Rabbit Out Of Its Hole And Swallowing It Whole

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com