സിംഹങ്ങളെ ചതിച്ചു കൊന്ന് കഴുതപ്പുലിക്കൂട്ടം; ജന്തുലോകത്തെ കുടിപ്പക, പുൽമേട്ടിലെ കൊടുംയുദ്ധം
Mail This Article
മനുഷ്യരുടെയത്രയും വൈകാരികശേഷിയോ ബുദ്ധിയോ ഇല്ലാത്തതിനാൽ മൃഗങ്ങളിൽ പ്രതികാരത്വര കുറവാണെന്നാണു സാമാന്യധാരണ. എന്നാൽ ജന്തുലോകത്തിലുമുണ്ട് നടമാടുന്ന കുടിപ്പകയുടെയും തീരാത്ത യുദ്ധങ്ങളുടെയും ഒരുപാടു കഥകൾ. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം ആഫ്രിക്കയിലെ സാവന്ന പുൽമേടുകളിൽ കഴുതപ്പുലികളും സിംഹങ്ങളും തമ്മിൽ നടക്കുന്ന തീരാത്ത യുദ്ധമാണ്. ഡിസ്‌നിയുടെ എക്കാലത്തെയും ക്ലാസിക് ചിത്രമായ ലയൺ കിങ്ങിലും ഈ പകയുടെ കഥ പ്രമേയമായി.
ഇക്കൂട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവമാണ് 1999ൽ സാവന്നയുടെ ഭാഗമായ ഇത്യോപ്യയിലെ ഗോബെലെ കാടുകളിൽ നടന്ന പോരാട്ടം. ഇത്യോപ്യൻ തലസ്ഥാനം അഡിസ് അബാബയിൽ നിന്നു 220 കിലോമീറ്റർ അകലെ ഹരാർ പട്ടണത്തിനു സമീപമാണ് ഇതു നടന്നത്. സിംഹങ്ങളും കഴുതപ്പുലികളും തമ്മിൽ ഏറ്റുമുട്ടി. സിംഹങ്ങളുടെ താവളങ്ങളിലേക്ക് ഇരുട്ടിന്റെ മറവു പറ്റി കടന്നു ചെന്ന കഴുതപ്പുലികളാണ് ആക്രമണത്തിനു തുടക്കമിട്ടത്. ഒരു സിംഹം ഗുഹകയറിയുള്ള ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തുടർന്ന് യുദ്ധം കനത്തു. ഒരാഴ്ചയോളം രാവും പകലും പല സമയങ്ങളിലായി ഇരു സൈന്യങ്ങളും തമ്മിലേറ്റുമുട്ടി. എണ്ണത്തിൽ കൂടുതൽ കഴുതപ്പുലികൾ, കരുത്തിൽ മുൻപൻമാർ സിംഹങ്ങൾ. സമീപത്തുള്ള ഗ്രാമവാസികൾ ഇരുമൃഗ സേനകളുടെ കൊലവിളികളും അലർച്ചകളും അട്ടഹാസങ്ങളും കേട്ടു പേടിച്ചു വിറങ്ങലിച്ചു. ചിലർ താമസം മാറി. ഒടുവിൽ യുദ്ധം അവസാനിച്ചു. 6 സിംഹങ്ങളും 35 കഴുതപ്പുലികളും കൊല്ലപ്പെട്ടു.
നഖങ്ങൾ കൊണ്ടു വലിച്ചുകീറിയും പല്ലുകൾ കൊണ്ടു കടിച്ചുഞെരിച്ചതുമായ രൂപത്തിലാണ് അവയുടെ ശവശരീരങ്ങൾ ഗോബെലെയിലെ പുല്ലുവിരിച്ച നിലത്ത് കിടന്നത്. ജന്തുലോകത്തിന്റെ കുടിപ്പകയുടെ ക്രൂരത കണ്ട് ലോകം ഞെട്ടിത്തരിച്ചു. എന്താണ് ഈ കൊടുംപോരാട്ടത്തിനു കാരണമായത് എന്ന് ഇന്നും അറിയാത്ത വസ്തുത. ഇതെപ്പറ്റി ഒട്ടേറെ അന്വേഷണങ്ങൾ നടന്നു. പ്രബന്ധങ്ങൾ രചിക്കപ്പെട്ടു. ഒട്ടേറെ ശാസ്ത്രജ്ഞർ ഇത്യോപ്യ സന്ദർശിച്ച് അവരുടേതായ അനുമാനങ്ങൾ ഡയറികളിലെഴുതി. ഇന്നും എന്താണെന്ന് സംഭവിച്ചതെന്ന കാര്യത്തിൽ ഉറപ്പില്ല. ഭക്ഷണം, സ്ഥലം ഈ കാര്യങ്ങളാണ് സിംഹങ്ങളും കഴുതപ്പുലികളെന്ന് അറിയപ്പെടുന്ന കഴുതപ്പുലികളും തമ്മിലുള്ള മാത്സര്യത്തിന്റെ അടിസ്ഥാനം.
സാവന്നയിൽ ഒട്ടേറെ മാനുകളുണ്ട്, വലിയ കാട്ടുപോത്തുകളും മറ്റു ജീവികളുമുണ്ട്. കഴുതപ്പുലികളുടെ ഇരകൾ സിംഹത്തിന്റെയും ഇരകളാണ്. ആര് അവയെ നേടുന്നുവെന്നത് സാവന്നയിലെ അതിജീവനത്തിന്റെ ചോദ്യമാണ്. ലയൺ കിങ്ങ് ഉയർത്തിയ തെറ്റിദ്ധാരണ മൂലം കഴുതപ്പുലികളെ മോഷ്ടാക്കളായും സിംഹം വേട്ടയാടുന്നതിന്‌റെ പങ്ക് സൂത്രത്തിൽ അടിച്ചുമാറ്റി ജീവിക്കുന്ന ജീവികളായുമാണ് പൊതുബോധത്തിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. എന്നാൽ ഇങ്ങനെയല്ല കഥ. കാര്യം, അവശിഷ്ടങ്ങൾ ഭക്ഷിക്കാനിഷ്ടപ്പെടുന്ന സ്‌കാവഞ്ചേഴ്‌സ് വിഭാഗത്തിലാണ് ഉൾപ്പെടുന്നതെങ്കിലും മികച്ച വേട്ടക്കാരാണു കഴുതപ്പുലികൾ. സിംഹത്തേക്കാൾ മുൻപിൽ നിൽക്കും ഇവരുടെ വേട്ടയ്ക്കുള്ള പാടവം. കഴുതപ്പുലികളുടെ 74 ശതമാനവും വേട്ടയും ഫലപ്രാപ്തിയിലെത്തുമ്പോൾ സിംഹങ്ങളുടെ 30 ശതമാനം വേട്ടകളെ ഈ വിധത്തിൽ വിജയകരമാകാറുള്ളൂ.
ഒറ്റയ്‌ക്കൊറ്റയ്ക്കു സിംഹവുമായി ഏറ്റുമുട്ടിയാൽ സിംഹത്തിനു കഴുതപ്പുലികളെ തോൽപിച്ച് കൊല്ലാൻ സാധിക്കും. എന്നാൽ കഴുതപ്പുലികൾ കൂട്ടമായാണ് മിക്കപ്പോഴും എത്തുന്നത്. സംഘടിതമായ കരുത്തിനു മുന്നിൽ പലപ്പോഴും സിംഹങ്ങൾ മുട്ടുമടക്കാറുണ്ട്. അതേപോലെ തന്നെ കഴുതപ്പുലികളുടെ അധിവാസ മേഖലകളിലേക്കു പ്രവേശിക്കുന്ന സിംഹങ്ങളെയും കഴുതപ്പുലികൾ വെറുതെ വിടാറില്ല. സാവന്നയിലെ ഏറ്റവും വലിയ വേട്ടക്കാരൻ സിംഹമാണ്...അപെക്‌സ് പ്രിഡേറ്റർ. ഏതു മൃഗങ്ങളെയും വേട്ടയാടാനുള്ള തന്ത്രവും ശക്തിയും ഒത്തിണങ്ങിയ ഒരേയൊരു രാജാവ്. എന്നാൽ ജന്തുലോകത്തിൽ സിംഹത്തിനു ശക്തമായി എതിർപ്പുയർത്തുന്ന മറ്റു വേട്ടക്കാരുമുണ്ട്. ആഫ്രിക്കൻ ആന, മുതല, ഗൊറില്ല, ഗ്രിസ്ലി കരടി, ഹിപ്പൊപ്പൊട്ടാമസ് ഒക്കെ ആ കൂട്ടത്തിൽ പെടും. ഈ ലിസ്റ്റിൽ ഉൾപ്പെട്ട ജീവിയാണു കഴുതപ്പുലി.
ഒരുപാടു സവിശേഷതകളുണ്ട് കഴുതപ്പുലികൾക്ക്. ബിഗ് ക്യാറ്റ്, അല്ലെങ്കിൽ കാനിഡേ കുടുംബത്തിലൊന്നും പെടാത്ത കഴുതപ്പുലിയ്ക്ക് സ്വന്തമായി ഒരു ജന്തുകുടുംബമുണ്ട്. ഹയേനിഡേ എന്ന് ഇത് അറിയപ്പെടുന്നു. ബ്രൗൺ, വരകളുള്ളത്, പുള്ളികളുള്ളത് എന്നീ വിഭാഗങ്ങളിൽ കഴുതപ്പുലി പൊതുവായി കാണപ്പെടുന്നു. ഇതിൽ പുള്ളികളുള്ളവയാണു സാവന്നയിൽ കൂടുതലായി കാണപ്പെടുന്നത്. നാലരയടിവരെ പൊക്കവും 80 കിലോ വരെ ഭാരവുമുള്ള ഈ ജീവിവർഗത്തിന്റെ തലയ്ക്ക് വലിയ വലുപ്പമാണ്. ശക്തമായ താടിയെല്ലുകൾ ഇവയുടെ കടിബലം കൂട്ടുന്നു. ഇരയാക്കപ്പെടുന്ന മൃഗങ്ങളുടെ എല്ലുകൾ പോലും ഇവ ബാക്കിവയ്ക്കാറില്ല.
ശക്തമായ മുൻകാലുകൾ വേട്ടയ്ക്ക് ഇവയ്ക്ക് ഗുണകരമാകുന്നു. അതുപോലെ തന്നെ വേട്ടയിൽ ഇവ പുലർത്തുന്ന തന്ത്രങ്ങളും വ്യത്യസ്തമാണ്. വേട്ടയ്ക്കായി ഒരു മൃഗക്കൂട്ടത്തെ സമീപിക്കുമ്പോൾ അവയിൽ ഏറ്റവും കരുത്തും വേഗവുമുള്ളവയെ പിന്തുടരാതെ അവശതയുള്ളതോ അല്ലെങ്കിൽ എന്തെങ്കിലും അംഗഭംഗം വന്നതോ ആയ ജീവികളെയാണ് ഇവ ലക്ഷ്യമിടുന്നത്. ഇതു മൂലം ഇവയ്ക്ക് പെട്ടെന്ന് ഇര ലഭിക്കുന്നു. ഒരൊറ്റ കഴുതപ്പുലി വന്നാൽ സാവന്നയിലെ സിംഹരാജന് ഒരു പ്രശ്‌നവുമില്ല. എന്നാൽ കൂട്ടമായി വരുമ്പോഴാണു പ്രശ്‌നം. കഴുതപ്പുലികൾക്കു രാത്രി കാഴ്ചയ്ക്കുള്ള കഴിവ് കൂടുതലായത് രാത്രിയിൽ ഇവയെ കൂടുതൽ അപകടകാരികളാക്കുന്നു. ആഫ്രിക്കയിലെ ഏറ്റവും കടുകട്ടി ജീവികളായ ഹണി ബാഡ്ജറുകളെപ്പോലും ആക്രമിച്ചു കീഴ്‌പ്പെടുത്താൻ ഇവയ്ക്കു കഴിവുണ്ട്.
പെണ്ണുങ്ങൾ നയിക്കുന്ന സമൂഹം
ജന്തുലോകത്തിൽ അപൂർവമായുള്ള സ്ത്രീകേന്ദ്രീകൃത നേതൃവ്യവസ്ഥ പിന്തുടരുന്ന ജീവിവർഗമാണു കഴുതപ്പുലികൾ. ലയൺ കിങ് കണ്ടവർ അതിലെ വില്ലൻമാരായ കഴുതപ്പുലിക്കൂട്ടത്തിന്റെ റാണിയായ ഷെൻസിയെ ഇപ്പോഴും ഓർക്കുന്നുണ്ടാകു. കഴുതപ്പുലികളു ഒറ്റ ഗ്രൂപ്പിൽ ഏകദേശം 130 ജീവികളുണ്ടാകും. അൻപതോളം പെൺ കഴുതപ്പുലികളും അതിൽ കുറഞ്ഞയെണ്ണത്തിൽ ആൺ കഴുതപ്പുലികളും പിന്നെ അൻപതോളം കുട്ടികളും.
പെൺ കഴുതപ്പുലികൾക്കാണ് അധികാരം. കൂട്ടത്തിൽ ഏറ്റവും പ്രബലയായ കഴുതപ്പുലി കൂട്ടത്തെ നയിക്കും. പിന്നീട് ഇതിന്റെ മകളായിരിക്കും റാണി. ഇങ്ങനെ പരമ്പര തുടരും. ഇതിനിടയ്ക്ക് ചില പെൺകഴുതപ്പുലികൾ കൂട്ടം വിട്ട് പുതിയ കൂട്ടമുണ്ടാക്കും. ആൺ കഴുതപ്പുലികൾ പൊതുവേ പൂർണവളർച്ചയെത്തുമ്പോൾ തങ്ങളുടെ കൂട്ടം വിട്ട് മറ്റേതെങ്കിലുമൊരു കൂട്ടത്തിൽ ചെന്നുകയറും.
English Summary: Ethiopian battles leave 35 hyenas and 6 lions dead