കുത്തേറ്റാൽ വേദനകൊണ്ട് പുളയും; തീരത്തടിയുന്നത് അപകടകാരികളായ ജെല്ലിഫിഷുകൾ
Mail This Article
യുകെയിലെ വെൽഷ് തീരത്തടിയുന്നത് അപകടകാരികളായ ജെല്ലിഫിഷുകൾ. ഇവയുടെ കുത്തേറ്റാൽ അതികഠിനമായ വേദനയുണ്ടാകും. താപനില ഉയർന്നതാണ് ഇവ തീരത്തടിയാൽ കാരണമെന്ന് ഗവേഷകർ വ്യക്തമാക്കി. ന്യൂപോർട്ട് ബീച്ചിലും പെമ്പ്രൂക്ക്ഷെയർ തീരത്തുമാണ് ഇവയെ കണ്ടെത്തിയത്. ബീച്ചിലെത്തുന്നവർ ഇത്തരം ജെല്ലിഫിഷുകളിൽ നിന്ന് അകലം പാലിക്കണമെന്ന നിർദേശവും അധികൃതർ നൽകിയിട്ടുണ്ട്. ഒട്ടും അഴുകാതെ ഏതാണ്ട് പൂര്‍ണരൂപത്തില്‍ തന്നെയാണ് ഈ ജെല്ലിഫിഷുകൾ കാണപ്പെടുന്നത്.
ഓറഞ്ച് നിറത്തിൽ തവിട്ട് നിറമുള്ള വരകളോടു കൂടിയവയും സുതാര്യമായ ശരീരത്തിൽ തവിട്ട് വരകളോടുകൂടിയവയും ഇതിൽ ഉൾപ്പെടുന്നു. കോംപസ് ജെല്ലിഫിഷ് വിഭാഗത്തില്‍ പെടുന്നതാണ് ഈ ജെല്ലിഫിഷുകൾ. ഇവയുടെ പുറത്ത് കാണപ്പെടുന്ന വി ആകൃതിയിലുള്ള തവിട്ട് നിറത്തിലുള്ള വരകളാണ് ഇവയ്ക്ക് കോംപസ് ജെല്ലിഫിഷ് എന്ന പേരു ലഭിക്കാന്‍ കാരണം. കോംപസ് ആകൃതിയിലായിരുന്നു ഈ വരകള്‍ കാണപ്പെട്ടത്. ചെറിയ ഞണ്ടുകളും മറ്റ് ജെല്ലിഫിഷുകളുമൊക്കെയാണ് ഇവയുടെ ആഹാരം.
ബ്രിട്ടിഷ് തീരമേഖലയില്‍ സാധാരണമായി കാണപ്പെടുന്ന ജെല്ലിഫിഷ് വിഭാഗമാണ് കോപസ് ജെല്ലിഫിഷുകള്‍. മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്താണ് ഇവ കൂടുതല്‍ കാണപ്പെടുക. 30 സെന്‍റീമീറ്റര്‍ വരെ ചുറ്റളവില്‍ കാണപ്പെടുന്ന ഈ ജീവികള്‍ ചെറു മത്സ്യങ്ങളെയും ആഹാരമാക്കാറുണ്ട്. ഇവയുടെ കുത്തേറ്റ് വിഷാംശം ഉള്ളില്‍ചെന്നാണ് ജീവികള്‍ക്ക് ജീവൻ നഷ്ടപ്പെടുക. മനുഷ്യർക്ക് ഇവയുടെ കുത്തേൽക്കുന്നത് വേദനാജനകമാണെങ്കിലും മാരകമല്ല.
English Summary: Swarms of compass jellyfish with nasty sting washing up on Welsh coast