കരിമ്പുമായെത്തിയ ട്രക്ക് തടഞ്ഞ് അമ്മയാനയും കുട്ടിയും; പിന്നീട് സംഭവിച്ചത്?– വിഡിയോ
Mail This Article
വനത്തിനു സമീപമുള്ള റോഡുകളിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് പതിവാണ്. റോഡ് മുറിച്ചുകടക്കാനും മറ്റും ആനക്കൂട്ടങ്ങളെത്തുന്നത് ദേശീപാതകളിലെ സ്ഥിരം കാഴ്ചയാണ്. വന്യമൃഗങ്ങൾ റോഡിലിറങ്ങിയാൽ നിശ്ചിത അകലം പാലിച്ച് വാഹനം നിർത്തിയിടണമെന്നാണ് വനംവകുപ്പിന്റെ മുന്നറിയിപ്പ്. മിക്കവാറും. ദീർഘദൂര വാഹനങ്ങളിലെ ഡ്രൈവർമാരൊക്കെയും ഇക്കാര്യം അക്ഷരം പ്രതി അനുസരിക്കാറുമുണ്ട്. റോഡിലിറങ്ങി ട്രക്ക് തടഞ്ഞ് അതിൽ നിന്നും കരിമ്പു തിന്നുന്ന അമ്മയാനയുടെയും കുട്ടിയുടെയും ദൃശ്യമാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. മൈസൂറിലെ കാമരാജനഗറിലാണ് സംഭവം.
കരിമ്പുമായെത്തിയ വലിയ ട്രക്കാണ് റോഡിലിറങ്ങി നിന്ന് അമ്മയാനയും കുട്ടിയാനയും ചേർന്ന് തടഞ്ഞത്. ഇതോടെ വാഹനം നിർത്തിയിട്ട് ഡ്രൈവറും സഹായിയും ട്രക്കിലിരുന്നു. വാഹനത്തിന്റെ മുൻവശത്തെത്തിയ അമ്മയാന തുമ്പിക്കൈനീട്ടി കുറച്ച് കരിമ്പ് വലിച്ചെടുത്ത് കുട്ടിയാനയ്ക്ക് നൽകി. കുറച്ച് സ്വന്തമായും ഭക്ഷിച്ചു. വാഹനം ആന തടഞ്ഞതോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം തടസപ്പെട്ടു. മറ്റു വാഹനങ്ങളിലുണ്ടായിരുന്നവരൊക്കെ അതിൽ നിന്നിറങ്ങി കുട്ടിയാനയുടെയും അമ്മയുടെയും ദൃശ്യം പകർത്താൻ തുടങ്ങി. ഒടുവിൽ അവിടെ കൂടിനിന്നവരുടെ അഭിപ്രായം പരിഗണിച്ച് ട്രക്കിന്റെ സഹായി രണ്ട് കരിമ്പിൻ കെട്ടെടുത്ത് റോഡിന്റെ വശങ്ങളിലേക്കിട്ടു. ഇതോടെ ആനയും കുഞ്ഞും അതു ഭക്ഷിക്കാനായി റോഡിന്റെ അരികിലേക്ക് മാറി. നിർത്തിയിട്ടിരുന്ന വാഹനങ്ങളിലുണ്ടായിരുന്നവർ യാത്ര തുടരുകയും ചെയ്തു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഈ ദൃശ്യം കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവച്ചത്.
Elephant Stops Passing Trucks To Steal Bundles Of Sugar Cane