പെൺകുട്ടിയുടെ തലമുടിയിൽ പിടിച്ചുവലിച്ച് കുരങ്ങൻ, മൃഗശാലയിൽ സംഭവിച്ചത്?– വിഡിയോ
Mail This Article
മൃഗശാലയിലെത്തിയ പെൺകുട്ടിയുടെ മുടിയിൽ കടന്നുപിടിച്ച് കുരങ്ങൻ. സ്പൈഡർ മങ്കി വിഭാഗത്തിൽപ്പെട്ട കുരങ്ങനാണ് പെൺകുട്ടിയെ ആക്രമിച്ചത്. മെക്സിക്കോയിലെ മൃഗശാലയിലാണ് സംഭവം നടന്നത്. കൂടിനുള്ളിൽ പാർപ്പിച്ചിരിക്കുന്ന മൃഗങ്ങള്‍ ഉപദ്രവിക്കാൻ സാധ്യതയില്ലെന്നാണ് മൃഗശാലകളിലെത്തുന്ന സന്ദർശകരുടെ ധാരണ. കൂടിനു സമീപമെത്തിയ പെൺകുട്ടി കുരങ്ങനെ കൈകൊണ്ട് പ്രകോപിച്ചതാണ് ആക്രമിക്കാൻ കാരണമെന്നാണ് നിഗമനം. കൂടിന്റെ അഴികൾക്കിടയിലൂടെ കൈനീട്ടി കുരങ്ങൻ കുട്ടിയുടെ മുടിയിൽ പിടുത്തമിടുകയായിരുന്നു.
ഉറക്കെക്കരഞ്ഞ പെൺകുട്ടി കുരങ്ങന്റെ പിടുത്തം വിടുവിക്കാന്‍ ശ്രമിച്ചെങ്കിലും കുരങ്ങൻ ശക്തമായി പിടിച്ചുവലിച്ച് കൂടിനു സമീപത്തേക്ക് വലിച്ചടുപ്പിച്ചു. സമീപത്തുണ്ടായിരുന്ന യുവാവ് വസ്ത്രമുപയോഗിച്ച് തട്ടിയാണ് കുട്ടിയെ ആക്രമണത്തിൽ നിന്നും മോചിപ്പിച്ചത്. രണ്ട് കുരങ്ങൻമാരെയാണ് ഈ കൂടിനുള്ളിൽ പാർപ്പിച്ചിരുന്നത്. ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി അവിടെ നിന്നും മറുഭാഗത്തേക്ക് മാറാൻ ശ്രമിച്ചപ്പോൾ വീണ്ടും കുട്ടിയുടെ മുടിയിൽ ഇതേ കുരങ്ങൻതന്നെ പിടിച്ചുവലിച്ചു. ഇത്തവണ കൂടിനുള്ളിലുണ്ടായിരുന്ന രണ്ടാമത്തെ കുരങ്ങനും കുട്ടിയെ ആക്രമിക്കാനായി ഒപ്പം കൂടി. എന്നാൽ ശക്തമായി പിന്നോട്ട് വലിഞ്ഞ് കുട്ടി അവിടെനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. മൃഗശാലയിൽ നടന്ന ഈ സംഭത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
English Summary: Girl attacked by spider monkeys in Mexican zoo