ADVERTISEMENT

മൃഗശാലയിലെ കൂടിനുള്ളിൽ കടന്ന് സിംഹക്കുഞ്ഞുങ്ങളെ മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ സിംഹം കടിച്ചുകീറി കൊന്നു. ആഫ്രിക്കയിലെ ഘാനയിലെ അക്ര മൃഗശാലയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. യുവാവ് രഹസ്യമായി സിംഹങ്ങളെ പാർപ്പിച്ചിരിക്കുന്ന കൂടിനുള്ളിൽ പ്രവേശിക്കുകയായിരുന്നു.  സിംഹക്കുഞ്ഞുങ്ങളെ തട്ടിയെടുക്കാനായിരുന്നു യുവാവിന്റെ ശ്രമമെന്നാണ് വിവരം. മൃഗശാലയിൽ സാധാരണ സന്ദർശകനെപോലെ എത്തിയ ഇയാൾ സിംഹക്കൂടിന് സമീപമെത്തിയതോടെ മറ്റുള്ളവരിൽ നിന്ന് അകന്ന് മാറി നടന്നു. 10 അടിയും 20 അടിയും വീതം ഉയരമുള്ള രണ്ട് സുരക്ഷാ വേലികൾ മറികടന്നാണ് ഇയാൾ സിംഹക്കൂടിനുള്ളിൽ പ്രവേശിച്ചത്.

 

ആൺ സിംഹവും പെൺസിംഹവും രണ്ട് കുഞ്ഞുങ്ങളുമാണ് കൂടിനുള്ളിലുണ്ടായിരുന്നത്. കൂടിനുള്ളിൽ ഇയാൾ കയറുന്നത് കണ്ട ഉടൻതന്നെ ആൺ സിംഹം ഇയാളുടെ ശരീരത്തിലേക്ക് ചാടി വീഴുകയായിരുന്നു. അവിടെവച്ചു തന്നെ സിംഹത്തിന്റെ ആക്രമണത്തിൽ ഇയാൾ കൊല്ലപ്പെടുകയും ചെയ്തു. സിംഹം യുവാവിനെ ആക്രമിക്കുന്നത് സുരക്ഷാ ജീവനക്കാരുടെ കണ്ണിൽപെട്ടെങ്കിലും നിസ്സഹാരായി നോക്കിനിൽക്കാനെ സാധിക്കുമായിരുന്നുള്ളൂ.

ഏറെ ബുദ്ധിമുട്ടിയാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. തുടർന്ന് അക്ര മൃഗശാലയിൽ താൽക്കാലികമായി സന്ദർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്താനും സാഹചര്യങ്ങൾ പരിശോധിക്കാനുമായി പൊലീസ് അന്വേഷണം ആരംഭിച്ചു.

 

കുഞ്ഞുങ്ങൾക്കരികിലേക്ക് മനുഷ്യരെത്തിയാൽ മൃഗങ്ങൾ അക്രമാസക്തരാകുന്നത് സാധാരണമാണ്. കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാൻ വേണ്ടിയാണ് സിംഹം യുവാവിന്റെ മേൽ ചാടി വീണ് ആക്രമിച്ചതെന്ന് ഘാനയുടെ പ്രകൃതിവിഭവകാര്യ സഹമന്ത്രിയായ ബെനിറ്റോ ഒവുസു പറയുന്നു. സ്വന്തം സുരക്ഷയും മൃഗങ്ങളുടെ സുരക്ഷയും കണക്കിലെടുത്ത് ഇത്തരം പ്രവർത്തികളിൽ നിന്നും ജനങ്ങൾ പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

 

English Summary: Ghana Man, Trying To Steal Cubs, Mauled To Death By Lion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com