സ്വന്തം ശരീരത്തേക്കാൾ മൂന്നിരട്ടി വലുപ്പമുള്ള പക്ഷിയെ ഒന്നോടെ വിഴുങ്ങുന്ന പാമ്പ്!
Mail This Article
സ്വന്തം ശരീരത്തേക്കാൾ മൂന്നിരട്ടി വലുപ്പമുള്ള പക്ഷിയെ ഒന്നോടെ വിഴുങ്ങുന്ന പാമ്പിന്റെ ചിത്രം വൈറലാകുന്നു. സൗത്താഫ്രിക്കയിലെ റസ്റ്റൻബർഗിലാണ് സംഭവം നടന്നത്. ആഫ്രിക്കയിൽ സാധാരണയായി കാണപ്പെടുന്ന വിഷമില്ലാത്തയിനം പാമ്പുകളാണ് ബ്രൗൺഹൗസ് പാമ്പുകൾ. പെരുമ്പാമ്പുകൾ ഇരയെ ഭക്ഷിക്കുന്നത് പോലെ ഇരയെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചാണ് ഇവയും ഭക്ഷണമാക്കുന്നത്. 50 സെന്റീമീറ്റർ മുതൽ ഒരു മീറ്റർ വരെ നീളം ഈ പാമ്പുകൾക്കുണ്ടാകും. വിഷമില്ലാത്ത പാമ്പുകളായതിനാൽ തന്നെ ഇവ അപകടകാരികളല്ല. അതുകൊണ്ട് തന്നെ മനുഷ്യർ ഭയക്കേണ്ട കാര്യവുമില്ല.
റസ്റ്റൻബർഗിലെ പൂന്തോട്ടത്തിലിരിക്കുമ്പോഴാണ് 39കാരനായ ഡസ്റ്റിൻ വാൻ ഹെൽസ്ഡിങ്കൻ ഈ അപൂർവ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. പക്ഷികൾ ഉച്ചത്തിൽ കരയുന്നത് കേട്ട് എന്താണ് സംഭവമെന്നറിയാൻ അന്വേഷിച്ചിറങ്ങിയത്. അവിടെയെത്തുമ്പോൾ കണ്ടത് പക്ഷിയെ വരിഞ്ഞു മുറുക്കുന്ന ബ്രൗൺഹൗസ് വിഭാഗത്തിൽപ്പെട്ട പാമ്പിനെയാണ്. പാമ്പ് ഇരയെ ഭക്ഷിക്കുന്ന അപൂർവ കാഴ്ച കാണാൻ ഡസ്റ്റിൻ ഭാര്യയെയും മകനേയും വിളിച്ചു. ഏകദേശം 45 മിനിട്ടോളമെടുത്താണ് തന്നേക്കാൾ മൂന്നിരട്ടി വലുപ്പമുള്ള പക്ഷിയെ പാമ്പ് ഒന്നോടെ വിഴുങ്ങിയത്. പിന്നീടത് അവിടെ നിന്ന് സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞുപോവുകയും ചെയ്തു.
English Summary: Snake Swallows Bird 3 Times its Size