മൃഗശാലയിൽ നിന്ന് പുറത്തു ചാടിയത് അഞ്ച് സിംഹങ്ങൾ; ഭീതിയോടെ സന്ദർശകർ–വിഡിയോ
Mail This Article
സിഡ്നിയിലെ ടാരോംഗ മൃഗശാലയിലെ കൂടിനുള്ളിൽ നിന്നും അഞ്ച് സിംഹങ്ങൾ പുറത്തുചാടി. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പ്രായപൂർത്തയായ ഒരു സിംഹവും നാല് സിംഹക്കുഞ്ഞുങ്ങളുമാണ് വേലിക്കെട്ടിന് പുറത്ത് കടന്നത്. ഇതേ തുടർന്ന് മൃഗശാലയിൽ പരിഭ്രാന്തി പരന്നു. സിംഹങ്ങൾ വേലിക്കെട്ടിന് പുറത്ത് അലയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സിംഹങ്ങൾ പുറത്തുചാടിയതിനെ തുടർന്ന് മൃഗശാല സുരക്ഷാനടപടികൾ കൈക്കൊണ്ടിരുന്നു. അപകട സൈറൺ മുഴക്കിയതിനു തൊട്ടുപിന്നാലെ പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള സുരക്ഷാ സംഘം സ്ഥലത്തെത്തി. സംഭവം നടക്കുന്ന സമയത്ത് 'റോർ ആൻഡ് സ്നോർ' എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി അതിഥികളും മൃഗശാലയിലുണ്ടായിരുന്നു. ഇവരെ മൃഗശാല ഉദ്യോഗസ്ഥർ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
എന്നാൽ പുറത്തിറങ്ങിയ സിംഹങ്ങൾ അക്രമാസക്തരായിരുന്നില്ല. ഏതാനും മണിക്കൂറിനു ശേഷം അവ ശാന്തരായി തനിയെ കൂടുകളിലേക്ക് മടങ്ങുകയാണ് ചെയ്തത്. ഒരു സിംഹക്കുഞ്ഞിനെ മാത്രം മയക്കുവെടി വച്ച് പിടികൂടേണ്ടി വന്നുവെന്ന് മൃഗശാല അധികൃതർ അറിച്ചു. സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിൽ മൃഗശാല യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും സംഭവം നടന്ന് സെക്കൻഡുകൾക്കുള്ളിൽ ആർക്കും അപകടം സംഭവിക്കാത്ത രീതിയിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചെന്നും ടാരോംഗ മൃഗശാലയുടെ ഡയറക്ടറായ സൈമൺ ഡഫി അറിയിച്ചു.
മൃഗശാലയിലുണ്ടായിരുന്ന അതിഥികളും ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. തങ്ങൾ പാർത്തിരുന്ന ടെന്റുകളിലേക്ക് മൃഗശാല ഉദ്യോഗസ്ഥരെത്തി എത്രയും വേഗം അവിടെ നിന്ന് മാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സാധനങ്ങളെല്ലാം ടെന്റിൽ തന്നെ ഉപേക്ഷിച്ച ശേഷം അതിഥികൾ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറി. ഇതിനോടകം മൃഗശാല അടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ മൃഗശാലയിലെ മറ്റു മൃഗങ്ങളെയോ മനുഷ്യരെയോ ആക്രമിക്കാൻ സിംഹങ്ങൾ മുതിർന്നില്ല. അപകടങ്ങളൊന്നുംസംഭവിച്ചില്ലെന്ന് മൃഗശാല അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. സിംഹങ്ങൾ തിരികെ കൂട്ടിലേക്ക് പ്രവേശിച്ച ശേഷം മൃഗശാലയുടെ പ്രവർത്തനം സാധാരണപോലെ തുടരുകയും ചെയ്തു.
എന്നാൽ മൃഗശാലയിൽ നിന്നുള്ള ദൃശ്യം പുറത്തുവന്നതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വനത്തിൽ സ്വൈര്യവിഹാരം നടത്തേണ്ട മൃഗങ്ങളെ കൂടിനുള്ളിൽ അടച്ചു പാർപ്പിക്കുന്നതിനെ വിമർശിച്ചുകൊണ്ടാണ് പലരുടെയും കുറിപ്പകൾ. അതേസമയം കൂടുകൾക്കുള്ളിൽ നിന്നും മുഗങ്ങൾ പുറത്ത് കടന്നാലും മൃഗശാലയ്ക്ക് പുറത്ത് കടക്കാൻ സാധിക്കാത്ത വിധത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നതിന് അധികൃതരെ പ്രശംസിക്കുന്നവരുമുണ്ട്.
English Summary: Scare at Sydney zoo as 5 lions escape enclosure. Then, ‘calmly’ return