മൂക്കിനുള്ളില്‍ വിരലിട്ടാല്‍ അന്നനാളത്തില്‍ തൊടാന്‍ പറ്റുന്ന വിചിത്ര ജീവി-വിഡിയോ
Mail This Article
കുട്ടികളായിരിയക്കുമ്പോഴേ നമ്മളെയെല്ലാം പറഞ്ഞ് പഠിപ്പിക്കുന്ന ഒരു കാര്യമുണ്ട്. മൂക്കില്‍ വിരലിടരുതെന്ന്. മൂക്കില്‍ വിരലിടുന്നത് വളരെയധികം നാണിക്കേണ്ട ഒരു കാര്യമായി മനസ്സിലാക്കിയാണ് കുട്ടികളെല്ലാം വളര്‍ന്ന് വരുന്നതും. അതേസമയം ഇത് മനുഷ്യരില്‍ മാത്രം കണ്ട് വരുന്ന ഒരു പ്രവൃര്‍ത്തിയല്ല. മനുഷ്യന് സമാനമായി നീണ്ട വിരലുകളുള്ള പല ജീവികളിലും ഈ ശീലം കാണാനാകും. കുരങ്ങന്‍മാര്‍ മുതല്‍ ലെമൂറുകള്‍ വരെയുള്ള പല ജീവികളിലും ഈ സ്വഭാവം കണ്ടുവരാറുണ്ട്.
അയ് അയ് ലെമൂർ
ഇക്കൂട്ടത്തിലുള്ള ലെമൂറുകള്‍ മഡഗാസ്കറില്‍ മാത്രം കാണപ്പെടുന്ന ജീവികളാണ്. 17 ജീവികളോളം ഈ ജൈവകുടുംബത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഒരു ജീവിയാണ് അയ് അയ് എന്ന് വിളിയ്ക്കുന്ന ഒരു ജീവിവര്‍ഗവും. ലോകത്തിലെ നിശാസഞ്ചാരിയായ സസ്തനി കൂടിയാണ് ഈ അയ് അയ് ലെമൂറുകള്‍. ഇവയുടെ വിരലിന്‍റെ നീളം ഇവയുടെ കൈകളുടെ ആകെ നീളത്തിന്‍റെ തന്നെ 65 ശതമാനത്തോളം വരും. ഉയരത്തില്‍ മരങ്ങളില്‍ അള്ളിപ്പിടിച്ച് നടക്കാനും കായ്കള്‍ പറിക്കുന്നതിനും, മരപ്പൊത്തുകളിലെ ഇരകളെ പിടികൂടുന്നതിനും ഈ വിരലുകള്‍ ഇവയ്ക്ക് സഹായകമാണ്.
എന്നാല്‍ ഇത് മാത്രമല്ല, മുകളില്‍ പറഞ്ഞത് പോലെ വിരലുള്ള ഏത് ജീവിയും ചെയ്യുന്ന രീതിയില്‍ മൂക്കില്‍ വിരലിടാനും ഇവ മിടുക്കൻമാരാണ്. എന്നാല്‍ ഈ വിരലിടല്‍ വെറുതെ മൂക്കിന്‍റെ അറ്റത്ത് മാത്രം ഇടാനുള്ളതല്ല. ഇവയുടെ ഏറ്റവും നീളമുള്ള വിരല്‍ വരെ പൂര്‍ണമായും അകത്തേക്കു കടക്കുന്ന രീതിയിലാണ് ഈ ജീവികളുടെ നോസ് പിക്കിങ്. ഈ മൂക്കില്‍ വരലിടീലിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ കാണുമ്പോള്‍ തന്നെ ആരും അദ്ഭുതപ്പെടും. ഇത് കൂടാതെ ഇവയുടെ ഈ പ്രവൃര്‍ത്തിയുടെ സിടി റീ കണ്‍സ്ട്രക്ഷന്‍ കൂടി നടത്തി അതിന്‍റെ ചിത്രങ്ങളും ഗവേഷകര്‍ പുറത്തുവിട്ടിട്ടുണ്ട്.
ഈ ചിത്രങ്ങളില്‍ നിന്ന് തന്നെ ഈ ജീവികളുടെ വിരലുകള്‍ എത്ര ആഴത്തിലാണ് മുക്കിലൂടെ അകത്തേക്ക് പോകുന്നതെന്ന് വ്യക്തമാകും. മൂക്കും കടന്ന് അടിയിലേക്ക് പോയി ഏതാണ്ട് അന്നനാളത്തോളം ഇവയുടെ വിരലുകള്‍ എത്തുന്നുണ്ട്. അതായത് ഈ ജീവികളുടെ ശരീരഘടന അനുസരിച്ച് തലച്ചോറിന്‍റെ അടിയില്‍ വരെ ഇവയുടെ വിരലുകളെത്തുന്നുണ്ട്. ഇവയില്‍ ഗവേഷകര്‍ ഈ പഠനം നടത്തിയത് തന്നെ ഈ ജീവികളുടെ വിരലുകള്‍ എത്ര ആഴത്തില്‍ മുക്കിനുള്ളിലേക്ക് പോകുന്നുവെന്ന് മനസ്സിലാക്കാന്‍ വേണ്ടി മാത്രമല്ല. അയ് അയ്കള്‍ ഉള്‍പ്പടെയുള്ള ജീവികള്‍ ഇങ്ങനെ മൂക്കില്‍ വിരലിടുന്നതിന്‍റെ ഉദ്ദേശം മനസ്സിലാക്കാന്‍ വേണ്ടി കൂടിയാണ്. ശാരീരികമായുള്ള സംതൃപ്തി അല്ലാതെ മറ്റൊന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തിക്ക് പിന്നില്‍ ജീവികള്‍ക്കില്ലെന്ന് ഗവേഷകര്‍ ഇപ്പോഴും കരുതുന്നു. കാരണം അയ് അയ്കളും മൂക്കില്‍ വിരലിട്ട ശേഷം വിരലുകള്‍ കൊണ്ട് പോകുന്നത് വായിലേക്കാണ്.
മൂക്കില്‍ വിരലിടുന്നത് പഠനവിഷയം
ചില ഗവേഷകരെങ്കിലും ഈ വിഷയത്തില്‍ ഗൗരവമായ പഠനങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. കൂടുതലും സൈക്കോളജിയുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ഈ മേഖലയില്‍ നടന്നിട്ടുള്ളത്. ഈ പ്രവൃര്‍ത്തിയുടെ ബയോളജിക്കല്‍ കാരണങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ കുറവാണ്. ബയോളജിക്കല്‍ പഠനങ്ങളിലൊന്ന് ചൂണ്ടിക്കാട്ടുന്നത് ജീവികളിലെ ഈ പ്രവൃര്‍ത്തി ശാരീരികമായ ചില ഗുണങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ്. മൂക്കില്‍ വിരലിട്ട ശേഷം ഇത് വായില്‍ വച്ച് നുണയുന്നത് സ്റ്റാഫിലോകോകസ് പോലുള്ള ബാക്ടീരിയകള്‍ പരക്കാന്‍ കാരണമാകും. പല്ലുകളുടെ പോടുകളും മറ്റും ഉണ്ടാകുന്നത് തടയാന്‍ ഈ ബാക്ടീരിയകള്‍ക്ക് കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ചിമ്പാന്‍സികളും ഒറാങ് ഉട്ടാനുകളും പോലുള്ള ഏതാണ്ട് 12 ഓളം സസ്തനികള്‍ മൂക്കില്‍ വിരലിട്ട് വായില്‍ നുണയുന്ന ശീലമുള്ളവയാണ്. ശരീരത്തിലെ ഏറ്റവും സുരക്ഷിതമായ ശുദ്ധീകരണ സംവിധാനം നടക്കുന്ന ശരീരഭാഗമാണ് മൂക്ക്. മൂക്കില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കളും അതിലെ ബാക്ടീരിയകളും അതുകൊണ്ട് തന്നെ വായിലേക്കെത്തിക്കുക എന്ന പ്രകൃത്യാപരമായ ചോദനയാണോ ഈ പ്രവര്‍ത്തിക്ക് പിന്നിലെന്നാണ് പല ഗവേഷകരും മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇപ്പോഴും ഈ മേഖലയില്‍ പഠനം നടത്താന്‍ അധികം ആളുകള്‍ തയാറായി വരാറില്ല. അതിനുകാരണം സ്വാഭാവികമായി മനസ്സിലാക്കാന്‍ കഴിയുന്നതേയുള്ളൂ, മൂക്കില്‍ വിരലിടുന്നത് തന്നെ അയ്യേ എന്ന് പറയിക്കുന്ന പ്രവൃര്‍ത്തിയാണ്. അപ്പോള്‍ മൂക്കില്‍ വിരലിടുന്നതിനെക്കുറിച്ചാണ് ഗവേഷണം നടത്തുന്നതെന്ന് പറയാനോ അത് ചെയ്യാനോ എത്ര പേര്‍ തയാറാവും !!!.