ADVERTISEMENT

ലോകത്തിലെ തന്നെ ഏറ്റവും ഭാരവും നീളവുമുള്ള പാമ്പുകളുടെ പട്ടികയിൽ മുൻനിരയിൽ സ്ഥാനം നേടിയവയാണ് റെറ്റിക്കുലേറ്റഡ് പൈതൺ ഇനത്തിൽപ്പെട്ട പെരുമ്പാമ്പുകൾ. ചുരുങ്ങിയ സമയംകൊണ്ട് ഇരയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ഇവയ്ക്ക് സാധിക്കും. എത്രത്തോളം ശക്തി പ്രയോഗിച്ചാണ് ഇവ ഇരയെ ഞെരിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. റെറ്റിക്കുലേറ്റഡ് പൈതൺ വിഭാഗത്തിൽപ്പെട്ട ഒരു പെരുമ്പാമ്പ് കഴുത്തിൽ വരിഞ്ഞ്മുറുക്കി ശ്വാസംമുട്ടിക്കുന്നതിന്റെ വിഡിയോ പകർത്തിരിക്കുകയാണ് നിക്ക് എന്ന യുവാവ്. 

 

കൂറ്റൻ പെരുമ്പാമ്പിനെ നിക്ക് കൈയിലെടുത്ത് ഉയർത്തിയിരിക്കുന്നതായി വിഡിയോയിൽ കാണാം. അപ്പോഴും പാമ്പിന്റെ വാൽഭാഗം യുവാവിന്റെ കഴുത്തിൽ ചുറ്റിയിരിക്കുകയാണ്. ക്രമേണ അത് കൂടുതൽ ശക്തിയിൽ കഴുത്തിൽ ചുറ്റിവരിയുന്നുണ്ടെങ്കിലും പാമ്പുകളെ കൈകാര്യം ചെയ്ത് ഏറെ പരിശീലനമുള്ളത് കാരണം ചിരിച്ചുകൊണ്ടായിരുന്നു നിക്കിന്റെ   പ്രതികരണം. രക്ഷപ്പെടാനുള്ള മാർഗം കൃത്യമായി അറിയാവുന്നതിനാലാണ് ഇത്. താൻ ഭീകരമായ ഒരു അവസ്ഥയിലാണെന്നും നിക്ക് പറയുന്നുണ്ട്.

 

കഴുത്തിൽ പിടിമുറുക്കാതെ അതിനെ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ യുവാവ് പിന്തുടരുന്നത് വിഡിയോയിൽ കാണാം. കൂടുതൽ ശക്തിയായി പാമ്പ് കഴുത്തിൽ ചുറ്റിയതോടെ തലയിലിരുന്ന തൊപ്പിയെടുത്ത് പാമ്പിന്റെ തലഭാഗത്ത് തട്ടി. ഇതോടെ പാമ്പിന്റെ ശ്രദ്ധ തൊപ്പിയിലേക്ക് തിരിയുകയും അതിൽ കടിക്കാൻ ശ്രമിക്കുകയും ചെയ്തു. പാമ്പ് ഏറെ ദേഷ്യത്തിലാണെന്നും നിക്ക് വ്യക്തമാക്കി. പാമ്പ് പിടിവിടാത്തതിനാൽ ശ്വാസംമുട്ടിയ നിലയിൽ തന്നെ നിക്ക് തുടരുന്നിടത്ത് വിഡിയോ അവസാനിക്കുകയും ചെയ്യുന്നു. 

 

സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരുള്ള നിക്കിന്റെ ഈ വിഡിയോ വളരെ വേഗം വൈറലായി. തേളുകൾ, എട്ടുകാലികൾ, വിവിധയിനം പാമ്പുകൾ തുടങ്ങിയ അപകടകാരികളായ പല ജീവികളെയും കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങൾ നിക്ക് പതിവായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ വിഡിയോ പകർത്തുന്നതിനായി ഇത്തരം സാഹസങ്ങൾക്കു മുതിരുന്നവർ പലപ്പോഴും വിമർശനങ്ങൾക്കും വിധേയനാകാറുണ്ട്. ഈ ദൃശ്യത്തിന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല. വന്യമൃഗങ്ങളുമായി ഇടപഴകുമ്പോൾ അമിത ആത്മവിശ്വാസം കാണിക്കരുതെന്ന ഉപദേശമാണ് പലഭാഗത്തുനിന്നും ഉയരുന്നത്.

 

ഇരയെയോ എതിരാളികളെയോ മുമ്പിൽ കണ്ടാൽ അവയെ ആദ്യം കടിക്കുകയാണ് റെറ്റിക്കുലേറ്റഡ് പെരുമ്പാമ്പുകൾ ചെയ്യുന്നത്. എന്നാൽ വിഷമുള്ളയിനം അല്ലാത്തതിനാൽ ഇവയുടെ കടിയേറ്റാൽ മരണം സംഭവിക്കില്ല. ഇരയെ കടിച്ച ശേഷം നിമിഷങ്ങൾക്കുള്ളിൽ ശരീരം ഉപയോഗിച്ച് അതിനെ ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് ഇവ കൊലപ്പെടുത്തുന്നത്. മനുഷ്യനുമേലാണ് ചുറ്റിവരിയുന്നതെങ്കിൽ ഇതുമൂലം തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടും. ശ്വാസമെടുക്കാനാവാതെ വരുന്നതോടെ നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിക്കുകയും ചെയ്യും. ഇര ചത്തെന്ന് ഉറപ്പാക്കി കഴിഞ്ഞാൽ അതിനെ അപ്പാടെ വിഴുങ്ങുകയാണ് ഇവ ചെയ്യുന്നത്.

 

English Summary: Python Wraps Around Man’s Neck, Tries To Choke Him To Death. Watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com