ADVERTISEMENT

ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ. ഇതിനിടെ ഒരു ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന രസകരമായ സംഭവത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. തുറസ്സായ മൈതാനത്ത് ആവേശത്തോടെ ഫുട്ബോൾ കളിക്കുന്നതിനിടെ ഒരു കാണ്ടാമൃഗം അത് തടസ്സപ്പെടുത്തുന്നതിന്റെ ദൃശ്യമാണിത്. ഫുട്ബോൾ ഗ്രൗണ്ടിലും ക്രിക്കറ്റ് പിച്ചിലും നായയും പൂച്ചയും ഇറങ്ങിയതിനെത്തുടർന്ന് അൽപസമയത്തേക്ക് കളി നിർത്തി വയ്ക്കേണ്ടി വന്നതായുള്ള വാർത്തകൾക്ക് പുതുമയില്ലെങ്കിലും ആദ്യമായാവും ഒരു കാണ്ടാമൃഗം മൂലം കളിക്കാർ ബുദ്ധിമുട്ടിലാകുന്നത്.

 

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫിസറായ സുശാന്ത നന്ദയാണ് ഗ്രൗണ്ടിലിറങ്ങിയ കാണ്ടാമൃഗത്തിന്റെ ദൃശ്യങ്ങൾം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. കാണ്ടാമൃഗക്കുഞ്ഞാണ് വിഡിയോയിലുള്ളത്. ചെറിയ മത്സരമാണെങ്കിലും ഇനി ലോകകപ്പ് മത്സരം തന്നെയാണെങ്കിലും ഗ്രൗണ്ടിൽ നിന്ന് മാറിത്തരില്ലെന്ന മട്ടിൽ വാശിയോടെ നിൽക്കുകയാണ് കാണ്ടാമൃഗം. ഇതുമൂലം ഫുട്ബോൾ കളിക്കാൻ പറ്റാതായതോടെ രണ്ടുപേർ ചേർന്ന് അതിനെ അവിടെ നിന്നും തള്ളി നീക്കാൻ ശ്രമിച്ചു.

 

കാണ്ടാമൃഗത്തിന്റെ ശരീരത്തിൽ പിടിച്ച്  കൈകൊണ്ട് അതിനെ തള്ളി നീക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ ഇതൊന്നും വകവയ്ക്കാതെ നിന്നിടത്ത് തന്നെ നിന്ന് വട്ടംചുറ്റി പുല്ല് തിന്നുന്ന കാണ്ടാമൃഗത്തെ വിഡിയോയിൽ കാണാം. കാണ്ടാമൃഗം പോയിട്ട് കളി തുടരാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഉള്ള സ്ഥലത്ത് കളിക്കാൻ തീരുമാനിക്കുകയായിരുന്നു സംഘം. ഇടയ്ക്കുവച്ച് ഫുട്ബോളുമായി കളിക്കാർ കാണ്ടാമൃഗത്തിന് തൊട്ടടുത്തെത്തുന്നതും വിഡിയോയിലുണ്ട്.

 

കളിക്കളത്തിലുള്ള പകരക്കാരനെ മാറ്റാനുള്ള കഠിനശ്രമം എന്ന അടിക്കുറിപ്പോടെയാണ് സുശാന്ത നന്ദ ദൃശ്യം പങ്കുവച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് ചുരുങ്ങിയ സമയംകൊണ്ട് ഈ ദൃശ്യം കണ്ടത്. പ്രായപൂർത്തിയാകാത്ത കാണ്ടാമൃഗമായതുകൊണ്ട് തന്നെ അണ്ടർ 11 കളിക്കാരൻ എന്നാണ് പലരും കമന്റ് ബോക്സിൽ അതിനെ വിശേഷിപ്പിച്ചത്. ഇതേ സ്ഥാനത്ത് വലിയ കാണ്ടാമൃഗമായിരുന്നെങ്കിൽ കളി നിർത്തി പോവുകയല്ലാതെ ഒരിക്കലും അതിനെ തള്ളിനീക്കാൻ ഇവർ മുതിരില്ലായിരുന്നുവെന്നാണ് മറ്റുചിലരുെ അഭിപ്രായം.. വിശപ്പേറിയത് കൊണ്ടായിരിക്കാം കാണ്ടാമൃഗം മൈതാനത്തു നിന്നും മാറാൻ കൂട്ടാക്കാത്തതെന്നും അതിനെ മാറ്റാൻ ശ്രമിക്കേണ്ടിയിരുന്നില്ലെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്

 

English Summary: Adorable Baby Rhino Turns Pitch Invader & Interrupts Football Match, Players Try To Move Him Off Field

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com