ഇതാണ് സഞ്ചരിക്കുന്ന വീട്; കുരുവി കൂടൊരുക്കിയത് കാട്ടുപോത്തിന്റെ തലയിൽ– വിഡിയോ
Mail This Article
കാട്ടുപോത്തിന്റെ തലയിൽ കൂടൊരുക്കുന്ന കുരുവിയുടെ ദൃശ്യം കൗതുകമാകുന്നു. സൗത്താഫ്രിക്കയിലെ വനാന്തരങ്ങളിൽ നിന്ന് പകർത്തിയ ദൃശ്യമാണിത്. നദിയിൽ വെള്ളം കുടിക്കുന്ന കാട്ടുപോത്തിനെയും അതിന്റെ തലയിൽ ചെളി കൊണ്ടുള്ള കൂടൊരുക്കുന്ന കുരുവിയെയും കാണാം. ആഫ്രിക്കയിലും തെക്കൻ അമേരിക്കയിലുമൊക്കെ കാണപ്പെടുന്ന റൂഫസ് ഹോർണേരോ എന്നറിയപ്പെടുന്ന പക്ഷിയാണ് കാട്ടുപോത്തിന്റെ തലയിൽ കൂടൊരുക്കിയത്. സാവന്ന പുൽമേടുകളിൽ ധാരാളം കാണപ്പെടുന്ന തവിട്ടു നിറമുള്ള പക്ഷി ഓവൻപക്ഷിയെന്നും അറിയപ്പെടുന്നു.ഓഗസ്റ്റ്, ഡിസംബർ മാസങ്ങളിലാണ് ഇവ കൂടൊരുക്കാറുള്ളതും മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തുന്നതും.
ചെറു ജീവികളാണ് ഇവയുടെ ഭക്ഷണം. കളിമണ്ണ് ഉപയോഗിച്ചാണ് ഇവ മനോഹരമായ കൂട് നിർമിക്കുന്നത്. സാധാരണയായി മരത്തിനു മുകളിലും മറ്റുമാണ് ഇവ ഓവൻ പോലുള്ള കൂടുകൾ നിർമിക്കുന്നത്. കെട്ടിടങ്ങളുടെ മുകളിലും ഇലക്ട്രിക് പോസ്റ്റിന്റെയും മറ്റും മുകളിലും ഇവ കൂടൊരുക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി കാട്ടുപോത്തിന്റെ തലയിൽ പക്ഷി കൂടൊരുക്കുന്നത് എന്തിനാണെന്നാണ് ദൃശ്യം കാണുന്നവരുടെ സംശയം. ബീറ്റങ്കബീഡൻ എന്ന ട്വിറ്റർ പേജിലാണ് രസകരമായ ഈ ദൃശ്യം പങ്കുവച്ചിരിക്കുന്നത്. ലക്ഷക്കണക്കിനാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
English Summary: Bird's nest is on top of the buffalo's head