2 വയസ്സുകാരനെ വിഴുങ്ങി ഹിപ്പപ്പൊട്ടാമസ്; ജീവനോടെ തിരിച്ചുതുപ്പി, വിചിത്ര സംഭവം യുഗാണ്ടയിൽ
Mail This Article
തടാകക്കരയിൽ കളിച്ചു കൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ വിഴുങ്ങി ഹിപ്പോ. പിന്നീട് തിരിച്ചു തുപ്പിയ കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യുഗാണ്ടക്കാർ. 2 വയസ്സുള്ള പോൾ ഇഗ എന്ന ആൺകുട്ടിയെ ഹിപ്പൊപൊട്ടാമസ് ഒന്നടങ്കം വിഴുങ്ങുകയായിരുന്നു. ഇത് കണ്ടുനിന്നയാൾ മൃഗത്തിന് നേരെ കല്ലെറിയാൻ തുടങ്ങിയതോടെ കുട്ടിയെ ജീവനോടെ തന്നെ പുറത്തേക്ക് തുപ്പുകയായിരുന്നു. യുഗാണ്ടയിലെ കറ്റ്വെ കബാറ്റോറോ എന്ന സ്ഥലത്ത് ഞായറാഴ്ചയാണ് സംഭവം നടന്നത്. വീടിനു സമീപമുള്ള എഡ്വേർഡ് തടാകത്തിന്റെ കരയിൽ തനിച്ചിരുന്നു കളിക്കുകയായിരുന്നു കുട്ടി. പെട്ടെന്ന് തടാകത്തിൽ നിന്ന് കരയിലേക്കെത്തിയ ഹിപ്പോ തന്റെ താടിയെല്ലുകൾ ഉപയോഗിച്ച് കുട്ടിയെ വായിലാക്കി.
എന്നാല്‍ ഹിപ്പോ കുട്ടിയെ വിഴുങ്ങുന്നതിന് മുമ്പ് തന്നെ കണ്ടു നിന്ന ക്രിസ്പസ് ബഗോൻസയെന്ന ആൾ മൃഗത്തിന് നേരെ വലിയ കല്ലുകൾ എറിയാൻ തുടങ്ങി. ഇതോടെ കുട്ടിയെ മൃഗം തിരിച്ചു തുപ്പുകയായിരുന്നുവെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കോംഗോയിലെ അടുത്തുള്ള പട്ടണമായ ബ്വേരയിലുള്ള ആശുപത്രിയിൽ കുട്ടി ചികിൽസയിലാണ്. ഹിപ്പോ കുട്ടിയെ ഉപേക്ഷിച്ച് വീണ്ടും തടാകത്തിലേക്ക് മടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രിസ്പസ് ബഗോൻസ ആ സമയം കല്ലെറിഞ്ഞതുകൊണ്ട് മാത്രമാണ് ഹിപ്പോ കുട്ടിയെ വിഴുങ്ങാതെയിരുന്നതെന്നും ഇത്തരമൊരു സംഭവം ആദ്യമാണെന്നും യുഗാണ്ട പൊലീസ് വ്യക്തമാക്കി.
English Summary: Hungry hippo swallows toddler - then spits him out alive