ADVERTISEMENT

ലോകമെമ്പാടുമായി മൂവായിരത്തിലധികം വിഭാഗത്തിൽപ്പെട്ട പാമ്പുകളുണ്ടെന്നാണു കണക്ക്. ഇതിൽ അറൂന്നൂറോളം ഇനങ്ങൾ വിഷമുള്ളതാണ്. മൂർഖൻ, രാജവെമ്പാല, അണലി, ശംഖുവരയൻ തുടങ്ങി നമ്മുടെ നാട്ടിലുള്ളതും റാറ്റിൽ സ്നേക്, ബ്ലാക്ക് മാംബ തുടങ്ങി പരിചിതരായവരുമുൾപ്പെടെ പാമ്പുവർഗങ്ങൾ ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ലോകത്തെ ഏറ്റവും തീവ്രമായ വിഷം വഹിക്കുന്ന പാമ്പ് ഇതൊന്നുമല്ല. അത് ഇൻലാൻഡ് ടൈപാൻ എന്നറിയപ്പെടുന്ന ഓസ്ട്രേലിയയിൽ മാത്രം കാണപ്പെടുന്ന വിഷപ്പാമ്പാണ്. ഒറ്റക്കൊത്തിൽ ടൈപാൻ പുറപ്പെടുവിക്കുന്ന വിഷത്തിന് 100 മനുഷ്യരെ കൊല്ലാൻ കഴിയും, ഇതേ വിഷത്തിന് രണ്ടരലക്ഷം എലികളെ നശിപ്പിക്കാനും കഴിയും.

 

ടായ്പോക്സിൻ എന്ന ന്യൂറോടോക്സിൻ ശ്രേണിയിലുള്ള ജൈവരാസവസ്തുവും മറ്റ് അപകടകരമായ രാസസംയുക്തങ്ങളും അടങ്ങിയതിനാലാണ് ടൈപാന്റെ വിഷം ഇത്രത്തോളം അപകടകാരിയാകുന്നത്. മനുഷ്യരിൽ ഇതു പ്രവേശിച്ചുകഴിഞ്ഞാൽ ഉടനടി പേശികളെ അതു മരവിപ്പിക്കുകയും രക്തധമനികൾക്കും ശരീരകലകൾക്കും നാശം സംഭവിപ്പിക്കുകയും ചെയ്യും. ഓസ്ട്രേലിയയിൽ ടൈപാൻ എന്ന വിഭാഗത്തിൽ രണ്ടുതരം പാമ്പുണ്ട്. കൂടുതലാൾക്കാർക്കും പരിചയം കോസ്റ്റൽ ടൈപാൻ എന്ന പേരിൽ തീരദേശമേഖലയിൽ കാണപ്പെടുന്ന പാമ്പുകളാണ്. എന്നാൽ ഇവയ്ക്ക് ഇൻലാൻഡ് ടൈപാനെ അപേക്ഷിച്ചു വിഷം കുറവാണ്. പക്ഷേ കോസ്റ്റൽ ടൈപാനുകൾ മനുഷ്യരെ ആക്രമിക്കുന്നതിനു വലിയ മടികാട്ടാറില്ല. ഇവയുടെ കടിയേൽക്കുന്നവരിൽ 80 ശതമാനം പേരും മുൻപ് മരിച്ചിരുന്നു. ഇന്ന് ഇതിന്റെ വിഷത്തെ പ്രതിരോധിക്കുന്ന മറുമരുന്നുകൾ കണ്ടെത്തിയിട്ടുണ്ട്

 

ഇതിൽ നിന്നു വ്യത്യസ്തനാണ് ഇൻലാൻഡ് ടൈപാൻ. മധ്യ ഓസ്ട്രേലിയയിലെ സമ ഊഷര മേഖലകളിൽ താവളമുറപ്പിച്ചിരിക്കുന്ന ഈ പാമ്പുകളെ 1879ലാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് 1882ൽ ഒരിക്കൽ കൂടി കണ്ടെത്തി. പിന്നെ 90 വർഷം കഴിഞ്ഞ് 1972ലാണ് ഇവയെ വീണ്ടും പിടികൂടുന്നത്. ഓസ്ട്രേലിയയിലെ ആദിമ നിവാസികൾ ഡൻഡരാബില്ല എന്നാണ് ഇവയെ വിളിച്ചിരുന്നത്. കടുത്ത വിഷത്തിനൊപ്പം ഉയർന്ന ചലനവേഗവും കൃത്യമായി കൊത്താനുള്ള കഴിവും ഈ പാമ്പുകൾക്കുണ്ട്. എന്നാ‍‍ൽ കോസ്റ്റൽ ടൈപാനുകളെപ്പോലെ മനുഷ്യർക്കിടയിലേക്ക് വന്ന് ഇടപെടാൻ ഇൻലാൻഡ് ടൈപാനു വലിയ താൽപര്യമില്ല. പ്രകോപനം സൃഷ്ടിക്കാൻ അങ്ങോട്ടു ചെന്നാൽ ഈ പാമ്പ് ഫണമുയർത്തി ആദ്യമൊരു മുന്നറിയിപ്പു തരും. പിന്നെയും കളിക്കാനാണു ഭാവമെങ്കിൽ ആക്രമിക്കാൻ ടൈപാൻ മടിക്കാറില്ല.

 

അൽപം നാണക്കാരനായ ഈ പാമ്പ് അധികം പുറത്തുവരാൻ താൽപര്യമില്ലാത്തവയാണ്. മനുഷ്യവാസം തീരെക്കുറവായ മേഖലകളിലാണ് ഇവ കൂടുതലായി താമസിക്കുന്നതും. അതിനാൽ തന്നെ അത്ര അപകടകാരിയായ ഒരു പാമ്പായി ഇതിനെ വിദഗ്ധർ വിലയിരുത്തുന്നില്ല. എന്നാൽ ഇതിന്റെ ബന്ധുവായ കോസ്റ്റൽ ടൈപാൻ, ആഫ്രിക്കയിൽ അധിവസിക്കുന്ന ബ്ലാക് മാംബയ്ക്കൊപ്പം ലോകത്തെ ഏറ്റവും അപകടകാരിയായ പാമ്പായി കണക്കാക്കപ്പെടുന്നു.

 

English Summary: Inland Taipan Is The World's Most Venomous Snake, Its Single Bite Can Kill Over 100 People

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com