മൈലുകൾ കടന്ന് യുകെയിലെ കടൽത്തീരത്തെത്തി ‘തോർ’ വാൽറസ്; വിസ്മയത്തോടെ കാഴ്ചക്കാർ
Mail This Article
ആർട്ടിക് മേഖലയിലും സമീപപ്രദേശങ്ങളിലുമാണ് സാധാരണയായി വാൽറസുകളെ കാണാറുള്ളത്. എന്നാൽ നൂറുകണക്കിന് മൈലുകൾ കടന്ന് യുകെയിലെ ഒരു തീരത്തെത്തിയ ഒരു വാൽറസിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവരുന്നത്. കടൽതീരത്ത് സുഖമായി ഉറങ്ങുന്ന വാൽറസിന് തോർ എന്ന വിളിപ്പേരും വീണു കിട്ടിയിട്ടുണ്ട്. അപ്രതീക്ഷിതമായ സ്ഥലത്ത് കണ്ടെത്തിയതിനാൽ തന്നെ തോർ മാധ്യമശ്രദ്ധ നേടുകയും ചെയ്തു.
ഹാംപ്ഷെയറിലെ കാൽഷോട്ട് തീരത്ത് ഞായറാഴ്ച പുലർച്ചെയെത്തിയ ഡാരെൻ മക്കെൽ ഭാര്യ കരോളിൻ മകൻ ലൂക്ക് എന്നിവരാണ് വാൽറസിനെ ആദ്യം കണ്ടത്. തീരത്തോട് ചേർന്ന് ചുരുണ്ടു കിടന്നിരുന്ന വാൽറസിനെ കണ്ട് ആദ്യം അത് നീർനായ ആകുമെന്നാണ് കുടുംബം കരുതിയത്. എന്നാൽ അല്പം കൂടി അടുത്ത് ചെന്നതോടെയാണ അത് വാൽറസാണെന്ന് തിരിച്ചറിഞ്ഞത്. ആദ്യകാഴ്ചയിൽ തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ലെന്ന് ഡാരെൻ പറയുന്നു. ഒരേസമയം അദ്ഭുതവും അമ്പരപ്പും തോന്നിയെങ്കിലും ഉടൻ തന്നെ അതിന്റെ ചിത്രങ്ങളും പകർത്തി.
ഈ പ്രദേശത്ത് മുൻപ് കണ്ടിട്ടില്ലെങ്കിലും വാൽറസ് യുകെയിലെ തീരത്തെത്തുന്നത് അപൂർവമാണെന്ന് ചിത്രങ്ങൾ പകർത്തുന്ന സമയത്ത് താൻ തിരിച്ചറിഞ്ഞിരുന്നില്ലെന്നും ഡാരെൻ പറയുന്നു. മയക്കത്തിലായതിനാൽ ചിത്രങ്ങൾ പകർത്തിയതൊന്നും തോർ അറിഞ്ഞതുമില്ല. വാൽറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ തീരത്തെത്തുന്നവർക്ക് അധികൃതർ മുന്നറിയിപ്പും നൽകി. വാൽറസിനോ ജനങ്ങൾക്കോ ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം അകലം പാലിക്കണമെന്നാണ് നിർദേശം. വാൽറസുകളെ കണ്ടെത്തിയാൽ അവയെ ശല്യപ്പെടുത്തുന്നതിനെതിരെ യുകെയിൽ നിയമവും നിലനിൽക്കുന്നുണ്ട്.
നിലവിൽ ബ്രിട്ടീഷ് ഡൈവേഴ്സ് മറൈൻ ലൈഫ് റെസ്ക്യൂവും കോസ്റ്റ് ഗാർഡും വൈദ്യസംഘവും കാൽഷോട്ട് തീരത്തെത്തി വാൽറസിനെ നിരീക്ഷിച്ചുവരികയാണ്. കാൽഷോട്ട് തീരത്ത് കണ്ടെത്തുന്നതിന് മുൻപ് കഴിഞ്ഞമാസം ആദ്യം നെതർലൻഡ്സിൽ തോറിനെ കണ്ടെത്തിയതായി വാർത്തകൾ വന്നിരുന്നു. പ്രധാനമായും ആർട്ടിക് മേഖലയിൽ ജീവിക്കുന്ന വാൽറസുകൾ ഇത്രയും ദൂരം താണ്ടി തെക്കു ദേശത്തേക്കെത്തുന്നത് സാധാരണമല്ല. ദീർഘദൂരം യാത്ര ചെയ്താൽ സൗകര്യപ്രദമായ സ്ഥലത്തെത്തി സുരക്ഷിതമായി വിശ്രമിച്ച് ഊർജം വീണ്ടെടുത്ത ശേഷം മാത്രമേ അവ യാത്ര തുടരാറുള്ളൂ. ഇതിനാലാണ് തോറും കാൽഷോട്ട് തീരത്തെത്തിയത്.
മനുഷ്യർ അരികിലെത്തി ശല്യപ്പെടുത്തുകയോ ശബ്ദ കോലാഹലങ്ങളുണ്ടാക്കുകയോ ചെയ്താൽ വാൽറസിന്റെ ജീവൻ തന്നെ ഭീഷണിയിലാകുമെന്ന് അതിനെ നിരീക്ഷിച്ചുവരുന്ന സംഘം അറിയിക്കുന്നു. യുകെ തീരത്ത് വാൽറസ് എത്രനാൾ തുടരുമെന്ന് കൃത്യമായി പറയാനാവില്ല. എത്ര ദിവസമാണെങ്കിലും വാൽറസിനെ കാണാനുള്ള കൗതുകം മൂലം അതിന് അരികിലേക്കെത്താൻ ജനങ്ങൾ മുതിരരുതെന്ന് ഓർമിപ്പിക്കുകയാണ് സംഘം .
Engish Summary: Thor' the walrus is found snoozing on a UK beach after last being spotted in Netherlands