ഇതെന്ത് ജീവി? വാലിൽ കയറാൻ അട്ടയുടെ ശ്രമം; കൗതുകത്തോടെ വീക്ഷിച്ച് സിംഹക്കുഞ്ഞുങ്ങൾ-വിഡിയോ
Mail This Article
എന്തു കണ്ടാലും കൗതുകം തോന്നുന്ന പ്രായമാണ് കുട്ടിക്കാലം. പരിചയമില്ലാത്ത എന്തു കണ്ടാലും കുട്ടികൾ അതിനെ സസൂക്ഷ്മം നിരീക്ഷിക്കും. അതിനിപ്പോൾ മനുഷ്യരെന്നോ മൃഗങ്ങളെന്നോ വ്യത്യാസമില്ല. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഒരു കൂട്ടം സിംഹക്കുഞ്ഞുങ്ങളുടെ അരികിലേക്ക് അട്ട ഇഴഞ്ഞെത്തുന്നതും സിംഹക്കുഞ്ഞുങ്ങൾ അതിനെ സസൂക്ഷ്മം നിരീക്ഷിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. സൗത്താഫ്രിക്കയിലെ മാലമാല കെയിം റിസർവിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യം. സീനിയർ റെയ്ഞ്ചറായ നിക്ക് നെൽ ആണ് മനോഹരമായ ഈ ദൃശ്യം പകർത്തിയത്.
പതിവ് സവാരിക്ക് ശേഷം മടങ്ങുമ്പോഴാണ് ജലാശയത്തിനു സമീപം വിശ്രമിക്കുന്ന സിംഹക്കൂട്ടത്തെ കണ്ടത്. രണ്ട് മുതിർന്ന പെൺ സിംഹങ്ങളും കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്.ഉറങ്ങാനുള്ള തയാറെടുപ്പിലായിരുന്നു സിംഹക്കുഞ്ഞുങ്ങളുടെ സംഘം.പകൽ ചൂടുകൂടിത്തുടങ്ങിയാൽ ഏറിപങ്കും സിംഹക്കൂട്ടം വിശ്രമിക്കുകയാണ് പതിവ്. വൈകുന്നേരത്തോടെയാണ് സിംഹക്കൂട്ടം വേട്ടയും മറ്റും ആരംഭിക്കുക. ഇങ്ങനെ സിംഹക്കുഞ്ഞുങ്ങൾ ഉറങ്ങാൻ തുടങ്ങുന്നതിനിടയ്ക്കാണ് ഒരു കറുത്ത അട്ട സിംഹക്കുഞ്ഞുങ്ങളുടെ അരികിലേക്കെത്തിയത്.
ഇഴഞ്ഞെത്തുന്ന അട്ടയെ കണ്ടതും ഒരു സിംഹക്കുഞ്ഞ് എഴുന്നേറ്റ് അതിനെ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. ഇതു കണ്ട് മറ്റു കുഞ്ഞുങ്ങളും അട്ടയെ ശ്രദ്ധിച്ചു തുടങ്ങി. ഇതിനിടയിൽ കിടക്കുകയായിരുന്ന സിംഹക്കുഞ്ഞിന്റെ വാലിലും ശരീരത്തിലും അട്ട കയറാൻ ശ്രമിച്ചു. ഇതോടെ സിംഹക്കുഞ്ഞ് ചാടിയെഴുന്നേറ്റ് അവിടെ നിന്ന് അൽപം മാറിക്കിടന്നു. കൗതുകത്തോടെ അട്ടയെ ശ്രദ്ധിച്ച മറ്റൊരു സിംഹക്കുട്ടി അതിനെ മണത്തുനോക്കാൻ ശ്രമിച്ചതോടെ തല കുടഞ്ഞ് പെട്ടെന്നു പിൻമാറുന്നതും ദൃശ്യത്തിൽ കാണാം. അട്ടകൾ ചെറിയ തോതിൽ സയനൈഡ് പ്രയോഗിക്കും. ഈ രൂക്ഷഗന്ധമാണ് അതിനെ മണത്തുനോക്കിയ സിംഹക്കുട്ടി പിൻമാറാൻ കാരണം. വീണ്ടും സിംഹക്കുട്ടികൾ അവിടെത്തന്നെ കിടന്ന് അട്ടയുടെ നീക്കം നിരീക്ഷിക്കാൻ തുടങ്ങിയതോടെയാണ് നിക്ക് അവിടെ നിന്ന് മടങ്ങിയത്. സിംഹക്കൂട്ടം വിശ്രമിക്കുകയാണെന്ന് കരുതി അവയെ ശ്രദ്ധിക്കാതെ പോയാൽ ഈ മനോഹരമായ ദൃശ്യം പകർത്താൻ കഴിയുമായിരുന്നില്ലെന്നും നിക്ക് വിശദീകരിച്ചു..
English Summary: Millipede Tries to Climb on Lion’s Tail