വാലിൽ പിടിച്ചു വലിച്ചു, സീലിങ് തകർത്ത് പുറത്തുവീണത് 3 പെരുമ്പാമ്പുകൾ; ഭയന്ന് കാഴ്ചക്കാർ– വിഡിയോ
Mail This Article
വീടിന്റെ സീലിങ് തകർത്ത് പുറത്ത് വീണത് അസാധാരണ വലുപ്പമുള്ള മൂന്ന് പെരുമ്പാമ്പുകൾ. മലേഷ്യയിലാണ് സംഭവം. രാത്രിയിൽ വീടിന്റെ സീലിങ്ങിനു മുകളിൽ പതിവായി അസാധാരമായ ശബ്ദം കേൾക്കാൻ തുടങ്ങിയതോടെയാണ് വീട്ടുകാർ ദ്രുതകർമ സേനയെ വിവരമറിയിച്ചത്. ഇവരെത്തി പരിശോധിച്ചപ്പോഴാണ് സീലിങ്ങിനു മുകളിൽ പാമ്പുകളെ കണ്ടെത്തിയത്. ആദ്യം സീലിങ്ങിലെ വിടവിലൂടെ ഒരു പാമ്പിന്റെ വാൽ മാത്രമാണ് പുറത്തേക്ക് തൂങ്ങിക്കിടന്നത്. ആ പാമ്പിനെ പിടിക്കാനായി കുടുക്കിട്ട് വലിച്ചപ്പോഴാണ് സീലിങ്ങ് തകർന്നു വീണത്. സീലിങ്ങിനൊപ്പം കൂറ്റൻ രണ്ട് പെരുമ്പാമ്പുകളും താഴേക്ക് തൂങ്ങിക്കിടന്നു.
ഒരു പാമ്പിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ പുറത്തുവന്ന കൂറ്റൻ പെരുമ്പാമ്പുകളെ കണ്ട് അവിടെയുണ്ടായിരുന്നവർ ഉറക്കെ നിലവിളിച്ചു. സീലിങ്ങ് തകർന്ന് താഴേക്ക് തൂങ്ങിക്കിടന്ന പാമ്പുകൾ വീണ്ടും മുകളിലേക്ക് കയറി ഒളിക്കാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ കാണാം. ഒളിക്കാൻ ശ്രമിച്ച പാമ്പുളെ സംഘം ഉടൻതന്നെ വാലിൽ പിടിച്ച് വലിച്ച് താഴെയിട്ടു. മൂന്ന് പെരുമ്പാമ്പുകളെയും അവിടെനിന്ന് സുരക്ഷിതമായി നീക്കം ചെയ്ത ശേഷമാണ് ഇവർ മടങ്ങിയത്. ദിവസങ്ങളായി ഈ സീലിങ്ങിനു മുകളിലായിരുന്നു പാമ്പുകളുടെ താമസം. അതാകാം രാത്രികാലങ്ങളിൽ പതിവായി അസാധാരണ ശബ്ദം കേട്ടിരുന്നത്.പാമ്പുകളെ പിടികൂടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ അതിവേഗം ജനശ്രദ്ധ നേടി. ലക്ഷക്കണക്കിനാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
English Summary: Insane moment three giant snakes fall through home’s roof