പാക്കിസ്ഥാനിൽ വീട്ടിൽ വളർത്തിയ പുലി പുറത്തുചാടി; തെരുവിലിറങ്ങി പരിഭ്രാന്തി പരത്തിയത് മണിക്കൂറുകൾ-വിഡിയോ
Mail This Article
പാക്കിസ്ഥാനിൽ വീട്ടിൽ വളർത്തിയ പുള്ളിപ്പുലി രക്ഷപെട്ട് തെരുവിലേക്ക് ഇറങ്ങി പരിഭ്രാന്തി പരത്തിയത് മണിക്കൂറുകൾ. തലസ്ഥാന നഗരമായ ഇസ്ലമാബാദിലാണ് സംഭവം. പുലി തെരുവിലേക്ക് എത്തിയതിനെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായെങ്കിലും കാര്യമായ അപകടങ്ങൾ ഉണ്ടായതായ റിപ്പോർട്ടുകളില്ല. പുലിയെ പിടികൂടാൻ ശ്രമിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടി കഴിഞ്ഞു.
തെരുവിലേക്കെത്തിയ പുലിയും പരിചിതമല്ലാത്ത സാഹചര്യങ്ങൾകണ്ട് ആകെ പരിഭ്രാന്തിയിലായിരുന്നു. രണ്ടു വയസ്സിനും മൂന്നു വയസ്സിനും ഇടയിൽ പ്രായമുള്ള ആൺ പുലിയായിരുന്നു പുറത്തുകടന്നത്. തിരക്കുള്ള റോഡിലേക്കിറങ്ങിയ പുലി കാറുകൾക്കിടയിലൂടെ പാഞ്ഞു നടന്നു. ഓട്ടത്തിനിടയിൽ ഒരു വ്യക്തിയെ തട്ടി വീഴിക്കുകയും ചെയ്തിരുന്നു. നിരത്തിൽ നിന്നും രക്ഷപ്പെടാനായി ശ്രമിച്ച പുലി പിന്നീട് ഒരു പൂന്തോട്ടത്തിന്റെ മതിൽ ചാടക്കടക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. പുലി തെരുവിലേക്കിറങ്ങിയതായി വിവരം ലഭിച്ച ഉടൻ തന്നെ ഇസ്ലമാബാദിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
ഉദ്യോഗസ്ഥരെത്തുമ്പോഴേക്കും അപരിചിതരായ മനുഷ്യരുടെ ഇടയിൽപ്പെട്ടതിനെ തുടർന്ന് ഭയന്ന പുലി നിരന്തരം അലറുകയായിരുന്നുവെന്ന് ഇസ്ലാമാബാദ് വൈൽഡ് ലൈഫ് മാനേജ്മെന്റ് ബോർഡിന്റെ ഡയറക്ടറായ താരിഖ് ബംഗാഷ് പറയുന്നു. നാലു പേർക്ക് നിസ്സാര പരിക്കുകൾ ഉണ്ടായെന്നതൊഴിച്ചാൽ സംഭവത്തിൽ കാര്യമായ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ പുലിയെ പിടികൂടുന്നതിനായി ആറുമണിക്കൂർ നീണ്ട പരിശ്രമം തന്നെ വേണ്ടിവന്നു. മയക്കുവെടിവച്ച് വീഴ്ത്തിയ ശേഷമാണ് അതിനെ പിടികൂടാനായത്.
പിടിയിലായ പുലിയെ നഗരത്തിലെ പഴയ മൃഗശാലയിലേക്ക് കൊണ്ടുപോയതായാണ് വിവരം. കഴിഞ്ഞ മാസങ്ങളിലായി വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയ ഒരു ബ്രൗൺ കരടി, കടുവ, കുരങ്ങുകൾ എന്നിവയ്ക്കൊപ്പമാണ് നിലവിൽ പുള്ളിപ്പുലിയുടെ താമസം. കടുവകളെയും പുലികളെയുമെല്ലാം സമ്പത്തിന്റെയും അധികാരത്തിന്റെയും ചിഹ്നങ്ങളായാണ് രാജ്യത്തെ ജനങ്ങൾ കാണുന്നത്. ഇക്കാരണത്താൽ അവയെ ആളുകൾ കൂടുതലായി വളർത്താൻ ശ്രമിക്കുന്നത് വനം വകുപ്പുദ്യോഗസ്ഥർക്ക് തീരാ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇതേതുടർന്ന് ഇത്തരം ജീവികളെ ഇറക്കുമതി ചെയ്യുന്നതിന് ശക്തമായ വിലക്കും കഴിഞ്ഞവർഷം മുതൽ പാക്കിസ്ഥാനിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ വിലക്കുകളെ മറികടന്ന് ഇസ്ലമാബാദിലും റാവൽപിണ്ടിയുടെ പല മേഖലകളിലും പുള്ളിപ്പുലികളെയും മറ്റു വന്യമൃഗങ്ങളെയും അനധികൃതമായി വീടുകളിൽ വളർത്തുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. നിലവിൽ തെരുവിലിറങ്ങിയ പുള്ളിപ്പുലിയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
English Summary: Pet Leopard On The Loose On Streets Of Pakistan