ദുരന്തം സംഭവിച്ചിട്ട് 21 ദിവസം; കുതിരയെ രക്ഷപ്പെടുത്തിയത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന്– വിഡിയോ
Mail This Article
വെള്ളമോ ഭക്ഷണമോ ഇല്ലാതെ തുർക്കിയിൽ ഇനിയും കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് ജീവജാലങ്ങൾ. അരലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്ത തുർക്കി ഭൂകമ്പത്തിന്റെ ഭയം ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. ദുരന്തം സംഭവിച്ച് മൂന്നാഴ്ചകൾ പിന്നിട്ടതോടെ ഭൂകമ്പ ബാധിത മേഖലകളിൽ മനുഷ്യർക്കായുള്ള തിരച്ചിൽ നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മനുഷ്യർ മാത്രമല്ല ആയിരക്കണക്കിന് ജീവജാലങ്ങളും ഭൂകമ്പത്തെ തുടർന്ന് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി പോയിട്ടുണ്ട്. എണ്ണം തിട്ടപ്പെടുത്താനാവില്ലെങ്കിലും ഇപ്പോഴും അവയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ് രക്ഷാപ്രവർത്തകർ.
ഇത്തരത്തിൽ 21 ദിവസം തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയ കുതിരയുടെ ദൃശ്യമാണ് ഈപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. തുർക്കിയിലെ അദിയാമാൻ നഗരത്തിൽ നിന്നാണ് ഭൂകമ്പം നടന്ന് 21 ദിവസത്തിനു ശേഷം കുതിരയെ കണ്ടെത്തിയത്. രക്ഷാപ്രവർത്തകരാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന കുതിരയെ പുറത്തെത്തിച്ചത്.
നായകൾ, പൂച്ചകൾ , ഗോൾഡ് ഫിഷുകൾ തുടങ്ങി വീടുകൾക്കുള്ളിൽ വളർത്തുന്ന മൃഗങ്ങളാണ് കുടുങ്ങിപ്പോയവയിൽ ഭൂരിഭാഗവും. കൂമ്പാരമായി കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവയുടെ മുരൾച്ചയോ ശബ്ദമോ കേൾക്കുന്നുണ്ടോയെന്ന് ശ്രദ്ധിച്ചാണ് രക്ഷാപ്രവർത്തകരുടെ നീക്കം. എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലാക്കാനാവാതെ ഏറെ മാനസികാഘാതം അനുഭവിച്ച് കഴിയുന്ന ആയിരക്കണക്കിന് മൃഗങ്ങൾ ഇനിയും അവശേഷിക്കുന്നുണ്ടെന്ന് വൈൽഡ് ലൈഫ് ആൻഡ് ഡിസാസ്റ്റർ റെസ്പോൺസ് ടീമിന്റെ സീനിയർ മാനേജരായ സുമന്ത് ബിന്ദുമാധവ് പറയുന്നു.
ഭക്ഷണമോ വെള്ളമോ ലഭിക്കാത്തതിനെത്തുടർന്ന് മരണത്തിന്റെ വക്കിൽ കഴിയുന്ന നിലയിലാണ് പല ജീവജാലങ്ങളെയും രക്ഷാപ്രവർത്തകർക്ക് പുറത്തെടുക്കാനായത്. ദുരന്തസമയത്ത് ആളുകളെ ഒഴിപ്പിക്കുന്നതിനിടെ പലർക്കും വളർത്തു മൃഗങ്ങളെ ഒപ്പം കൂട്ടാൻ സാധിച്ചിരുന്നില്ല. ഇവയിൽ പലതും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി പോയിട്ടുണ്ട്. അല്ലാത്തവ ചുറ്റും സംഭവിക്കുന്നത് എന്താണെന്നറിയാതെ അലയുകയും ചെയ്യുന്നു. രക്ഷപ്പെട്ട വളർത്തുമൃഗങ്ങളിൽ പലതിനെയും ശബ്ദം പോലും ഉണ്ടാക്കാനാവാത്ത തരത്തിൽ ഭയം ബാധിച്ചതായാണ് റിപ്പോർട്ടുകൾ.
ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണലിലെ മൃഗരോഗ വിദഗ്ധരും സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന ഇന്ത്യൻ സംഘവും രക്ഷാപ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ട്. ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിൽ നിന്നും തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിന്നും നായകളുടെ കുരയും പൂച്ചകളുടെ കരച്ചിലും ഇപ്പോഴും കേൾക്കുന്നുണ്ടെന്ന് സംഘം പറയുന്നു. വളർത്തുമൃഗങ്ങളെ കണ്ടെത്താൻ സഹായം ആവശ്യപ്പെട്ട് ധാരാളം ഉടമസ്ഥരും രക്ഷാസംഘങ്ങളെ ബന്ധപ്പെടുന്നുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുമായി ചേർന്ന് കുടുങ്ങിക്കിടക്കുന്ന മൃഗങ്ങളെ രക്ഷപ്പെടുത്താനും കാണാതായവയെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് ദൗത്യ സംഘങ്ങൾ.
ചില മൃഗങ്ങളെ കണ്ടെത്താൻ സാധിച്ചിട്ടുണ്ടെങ്കിലും അവയെ പുറത്തെടുക്കാൻ കൂടുതൽ സന്നാഹങ്ങൾ വേണ്ടനിലയിലാണ്. രക്ഷപ്പെടുത്താനാവുന്നത് വരെ അവയ്ക്ക് സാധ്യമായ മാർഗ്ഗങ്ങളിലൂടെ വെള്ളവും ഭക്ഷണവും എത്തിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഫ്ലാഷ് ലൈറ്റുകളുടെ സഹായത്തോടെ രാത്രികാലങ്ങളിലും രക്ഷാപ്രവർത്തനങ്ങൾ നടന്നുവരുന്നു.
English Summary: Horse Found Alive Under Rubble 21 Days after Turkey Earthquake