പുതുജീവൻ തേടി കടലാഴങ്ങളിലേക്ക്; ഇത് കടലാമകളുടെ സ്വന്തം പഞ്ചവടി കടപ്പുറം
Mail This Article
പതിനഞ്ച് വര്‍ഷത്തിനിടയില്‍ ലക്ഷക്കണക്കിന് കടലാമകള്‍ക്ക് ജീവന് നല്കിയ ഇടമാണ് ചാവക്കാട് പഞ്ചവടി കടപ്പുറം. കടലാമ സംരക്ഷണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം കൂടിയാവുകയാണ് പഞ്ചവടി. ഭൂമിയില്‍ എറ്റവും കൂടുതല്‍ വംശനാശം നേരിട്ടിരുന്ന ജീവി വര്‍ഗത്തില്‍ ഉള്‍പ്പെടുന്നതാണ് കടലാമകള്‍. മനുഷ്യന് നേരിട്ടും മനുഷ്യ ചെയ്കിയും കാരണം ഉന്മൂലനം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന ജീവി വര്‍ഗത്തെ വിവിധ ഇടങ്ങളില്‍ സംരക്ഷിച്ചതാണ് അവയുടെ നിലനില്‍പ്പിന് കാരണമായത്. കടലിലും കരയിലും ഒരേ രീതിയില്‍ വേട്ടയാടപ്പെട്ടിരുന്ന കടലാമകള്‍ ഇന്ന് പലയിടങ്ങളിലും ചില നല്ല മനുഷ്യരുടെ സംരക്ഷണത്താല്‍ പുതു ജീവന് നേടുകയാണ്.
തൃശൂര്‍ ചാവക്കാട് പഞ്ചവടി കടപ്പുറത്താണ് പതിനഞ്ച് വര്‍ഷമായി കടലാമകള്‍ക്ക് സംരക്ഷണം നല്‍കുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെ മാസങ്ങളിലാണ് കടലാമകള്‍ മുട്ടയിടാന്‍ കരയിലെത്തുക. പ്രധാനമായും ഒലിവ് റൈഡ്ലി വിഭാഗത്തില്‍ പെട്ടവ മുട്ടയിടാനെത്തുന്ന കടലാമകളെ പ്രത്യേകം നിരീക്ഷിക്കും. മുട്ടകളെടുത്ത് പ്രത്യേക ഹാച്ചറികളില്‍ വിരിയിക്കാനായി സംരക്ഷിക്കും. 45 ദിവസങ്ങള്‍ക്ക് ശേഷം വിരിഞ്ഞ് പുറത്തിറങ്ങുന്ന കുഞ്ഞു കടലാമകളെ നിറഞ്ഞ സ്നേഹത്തോടെ കടലിലേക്കയക്കും. ഭൂമിയുടെ, മനുഷ്യന്റെ സ്വസ്ഥമായ നിലനില്പിന് കടലാമകളെ സംരക്ഷിച്ചേ മതിയാകൂ എന്ന സന്ദേശം ഒന്നര പതിറ്റാണ്ടായി ഇവിടുത്തുകാര്‍ നല്‍കുന്നുണ്ട്.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുക്കാര്, സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥര്‍, വിനോദ സഞ്ചാരികള്‍ തുടങ്ങി നിരവധി നല്ല മനുഷ്യരാണ് വര്‍ഷങ്ങളായി ഈ ഉദ്യമത്തില്‍ പങ്ക് ചേരുന്നത്. കടലാമ സംരക്ഷണ സന്ദേശം വ്യാപിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ കൂടി ഈ സല് പ്രവര്‍ത്തിയില്‍ പങ്കെടുപ്പിക്കുന്നുണ്ട്. 15 വര്‍ഷത്തിനിടയില്‍ ലക്ഷക്കണക്കിന് കടലാമകളാണ് പഞ്ചവടിയില്‍ നിന്ന് കടലാഴങ്ങളിലേക്ക് നീന്തി പോയതെന്ന് നാട്ടുക്കാര് നിറപുഞ്ചിരിയോടെ പറയുന്നുണ്ട്.
English Summary: A ‘safe home’ for sea turtles