‘പാമ്പ് കടിച്ച കാൽ കരിനീല നിറത്തിൽ, കാഴ്ച മറഞ്ഞു, കുഴഞ്ഞു വീണു; അസ്ഥി വരെ തെളിഞ്ഞു’
Mail This Article
മൂർഖന്റെ കടിയേറ്റ് മരണത്തിന്റെ നൂൽപാലത്തിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോഴും സ്നേക്ക് ക്യാച്ചർ അഭീഷിനു വിഷപ്പാമ്പുകളോടു സ്നേഹം മാത്രമേയുള്ളൂ. അറിയാതെ ചവിട്ടിയതുകൊണ്ടു മാത്രമാണ് പാമ്പ് കടിച്ചതെന്നും അതിനാൽ രാത്രിയാത്ര ചെയ്യുന്നവർ പാമ്പുകളെ പ്രത്യേക ശ്രദ്ധിക്കണമെന്നുമാണു അഭീഷിനു നൽകാനുള്ള ഉപദേശം. വനം വകുപ്പിന്റെ പ്രമുഖ സ്നേക്ക് ക്യാച്ചർ ആയ അഭീഷിന് ജനുവരി 3നാണ് മൂർഖന്റെ കടിയേറ്റത്. നാലു ദിവസം വെന്റിലേറ്ററിലും മൂന്നു ദിവസം വാർഡിലും കിടന്നതിനു ശേഷമാണ് അഭീഷിനു ആരോഗ്യം തിരിച്ചുകിട്ടിയത്. 11 രാജവെമ്പാല അടക്കം 1440 പാമ്പുകളെ പിടിച്ചിട്ടുണ്ട് ഈ മുപ്പത്തിമൂന്നുകാരന്‍. വനം വകുപ്പ് തയാറാക്കിയ ‘സർപ്പ’ മൊബൈൽ ആപ്പിന്റെ ജില്ലാ കോഓർഡിനേറ്ററായ അഭീഷ് തൃശൂർ കൊടകര സ്വദേശിയാണ്. ഇരുനൂറ്റൻപതിലേറെ പേർക്ക് പാമ്പിനെ പിടിക്കാൻ പരിശീലനം നൽകിയിട്ടുണ്ട്. ജോലിസ്ഥലമായ നട്ടാശേരിയിലെ വനം വകുപ്പ് ക്വാർട്ടേഴ്സിൽനിന്ന് കുളിക്കാനായി സമീപമുള്ള മീനച്ചിലാറ്റിലേക്ക് ഇറങ്ങിയപ്പോൾ ആറിന്റെ പടവുകളിലെ വെള്ളത്തിൽ വച്ചാണ് വലതുകാലിലെ ചെറുവിരലിൽ മൂർഖന്റെ കടിയേറ്റത്. വെള്ളത്തിൽ വച്ചു കടിക്കുന്ന പാമ്പിന് വിഷമുണ്ടാകില്ലേ? പലർക്കും ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ തെറ്റിദ്ധാരണയുണ്ട്. പക്ഷേ സ്വന്തം ജീവിതത്തിലെ അസാധാരണ അനുഭവവുമായി ബന്ധപ്പെടുത്തി അഭീഷിന് ചിലതു പറയാനുണ്ട്. തലനാരിഴയ്ക്കു ജീവൻ രക്ഷപ്പെട്ട ആ അനുഭവം പങ്കുവയ്ക്കുകയാണ് അഭീഷ്. ഒപ്പം വിഷപ്പാമ്പുകളുമായി ബന്ധപ്പെട്ട ചില മുന്നറിയിപ്പുകളും നൽകുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്, പാമ്പുകടിയേറ്റ ആ രാത്രിയിലേക്ക്...