ADVERTISEMENT

ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ  മെട്ഫോർഡ് മേഖലയിൽ കൂറ്റൻ പാമ്പ് കിടക്കുന്നതായി അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ന്യൂയോർക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ കൺസർവേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. എന്നാൽ അവിടെ എത്തിയപ്പോൾ കണ്ടതാകട്ടെ റോഡരികിൽ നിഗൂഢമായി കിടക്കുന്ന ഒരു പന്താണ്. അല്പം കൂടി വിശദമായി പരിശോധിച്ചപ്പോൾ തങ്ങൾ തേടിയെത്തിയ പാമ്പ് ഇതുതന്നെയാണെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. റെറ്റിക്യുലേറ്റഡ് പൈതൺ ഇനത്തിൽപ്പെട്ട ഒരു പെരുമ്പാമ്പാണ് പന്തിന്റെ ആകൃതിയിൽ  ചുരുണ്ട് റോഡരികിൽ കിടന്നിരുന്നത്.

  

ഫെബ്രുവരി 14നായിരുന്നു സംഭവം നടന്നതെങ്കിലും അതേക്കുറിച്ചുള്ള വിവരങ്ങൾ ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഉദ്യോഗസ്ഥർ പുറത്തുവിട്ടത്. വിശദമായ പരിശോധനയിൽ പെരുമ്പാമ്പിന് 14 അടി നീളമുള്ളതായി തിരിച്ചറിഞ്ഞു. എന്നാൽ കണ്ടെത്തുമ്പോൾ പാമ്പ് ചത്ത നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പാമ്പിന്റെ വലുപ്പം കൃത്യമായി മനസ്സിലാക്കാവുന്ന വിധത്തിൽ ഒരു ചിത്രവും ഉദ്യോഗസ്ഥർ പകർത്തിയിട്ടുണ്ട്. ഈ ചിത്രത്തിനൊപ്പം വഴിയരികിൽ നിന്നും പാമ്പിനെ നീക്കം ചെയ്ത ശേഷം അതിന്റെ ജഡം മറവ് ചെയ്തതായും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ കുറിക്കുന്നുണ്ട്.

 

ഏതോ വീട്ടിൽ വളർത്തിയിരുന്ന പാമ്പ് രക്ഷപ്പെട്ട് റോഡിൽ എത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. നിർത്തിയിട്ടിരുന്ന ഏതെങ്കിലും വാഹനത്തിൽ കയറിയാവാം അത് ഈ മേഖലയിലേക്കെത്തിയത്. എന്നാൽ ഈ ഇനത്തിൽപ്പെട്ട പെരുമ്പാമ്പുകളെ വളർത്തുന്നത് ന്യൂയോർക്കിൽ നിയമവിരുദ്ധമാണ്. അപകടകാരിയായ മൃഗങ്ങളെ വളർത്തുന്നതിന് പ്രത്യേക ലൈസൻസ് വേണമെന്നാണ് നിയമം അനുശാസിക്കുന്നത്. അതിനാൽ പാമ്പിന്റെ ഉടമ ആരാണെന്നത് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 

50 ഡിഗ്രിയിൽ താഴെയുള്ള താപനിലയിൽ വസിക്കുന്നത് പെരുമ്പാമ്പുകൾക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനാൽ ന്യൂയോർക്കിലെ ശൈത്യകാലത്ത് പുറംലോകത്തേക്കെത്തിയ പാമ്പ് അധിക ദിവസങ്ങൾ അതിജീവിച്ചു കാണില്ലെന്നാണ് നിഗമനം. സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പുകൾക്ക് ശരാശരി 13 മുതൽ 16 അടിവരെ നീളമുണ്ടാകും. എന്നാൽ 20 അടി നീളവും 300 പൗണ്ട് ഭാരവും ഉള്ളവയെ വരെ കണ്ടെത്തിയിട്ടുണ്ട്.  തെക്കൻ ഏഷ്യയും തെക്കു കിഴക്കനേഷ്യയുമാണ് ഇവയുടെ ജന്മദേശം. എന്നാൽ അനധികൃതമായി വളർത്തുമൃഗങ്ങളെ കടത്തുന്നതുമൂലം ഇവ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തുന്നുണ്ട്.

 

English Summary: Mysterious ‘ball’ seen beside road was 14-foot invasive snake, New York officials say

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com