സ്പിതി താഴ്‌വരയിൽ കണ്ടെത്തിയത് ഹിമപ്പുലി കുടുംബത്തെ; അമ്മയും രണ്ട് കുഞ്ഞുങ്ങളും– വിഡിയോ
Mail This Article
ഹിമാചൽ പ്രദേശിലെ സ്പിതി താഴ്‌വരയിൽ കണ്ടെത്തിയത് അമ്മയും രണ്ട് കുഞ്ഞുങ്ങളും ഉൾപ്പെടുന്ന ഹിമപ്പുലി കുടുംബത്തെ. ഹിമാലയ പർവത നിരകളിലെ പാറയിടുക്കിലൂടെ അനായാസം നീങ്ങുന്ന ഹിമപ്പുലികളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഐആർഎസ് ഓഫിസറായ അങ്കുർ റാപ്രിയ പകർത്തിയതാണ് ഈ ദൃശ്യം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. മികച്ച വേട്ടക്കാരാണ് ഹിമപ്പുലികൾ. ദുർഘടമായ പർവത നിരകളിൽ ജീവിക്കുന്ന ഇവയ്ക്ക് അനായാസം ഇരകളെ കീഴ്പ്പെടുത്താനാകും. അമ്മയുടെ വിളികേട്ട് അരികിലേക്ക് ഓടിയെത്തുന്ന രണ്ട് ഹിമപ്പുലി കുഞ്ഞുങ്ങളാണ് ദൃശ്യത്തിലുള്ളത്. പാറക്കൂട്ടങ്ങൾക്കിടയിലൂടെ അതിവേഗം ഓടിയെത്തിയ കുഞ്ഞുങ്ങളെ അമ്മപ്പുലി നക്കിത്തുവർത്തി സ്നേഹം പ്രകടിപ്പിച്ചു. സ്പിതി താഴ്‌വരയിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യം.
മധ്യേഷ്യയിലെ പര്‍വതങ്ങളിലാണ് ഹിമപ്പുലികള്‍ വസിക്കുന്നത് .വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം മധ്യഏഷ്യയിലെ 12 രാജ്യങ്ങളിലുള്ള ദുർഘടം നിറഞ്ഞ പർവത മേഖലകളിലാണ് ഹിമപ്പുലികളെ കാണാനാവുന്നത്. ഏറ്റവും മോശമായ കാലാവസ്ഥയിൽ പോലും ഇര പിടിക്കാനുള്ള കഴിവ് ഹിമപ്പുലികൾക്കുണ്ട്. സ്വന്തം ശരീരത്തെക്കാൾ മൂന്നുമടങ്ങ് അധികം ഭാരമുള്ളവയെ പോലും നിഷ്പ്രയാസം ഇവ ആക്രമിച്ച് കീഴ്പ്പെടുത്തും. എന്നാൽ കാലാവസ്ഥാ വ്യതിയാനവും വേട്ടയാടലും ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതുമെല്ലാം മൂലം ഇവയുടെ നിലനിൽപ് ഭീഷണിയിലാണ്.
തോലിനുവേണ്ടി വേട്ടക്കാരും ആടുകളെ ആക്രമിക്കാതിരിക്കാന്‍ കര്‍ഷകരും ഹിമപ്പുലികളെ വേട്ടയാടാറുണ്ട്. ചൈനയിലും മംഗോളിയയിലുമാണ് ഹിമപ്പുലികളെ കൂടുതലായി കണ്ടുവരുന്നത് .ഇന്ത്യ, പാകിസ്ഥാന്‍, ഇറാന്‍, കസാഖിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, അഫ്ഗാന് തുടങ്ങിയ രാജ്യങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്. മറ്റെല്ലാം മൃഗങ്ങളുടെ കാര്യത്തിലുമെന്ന പോലെ ഹിമപ്പുലികളുടെ ശരീരഭാഗങ്ങളുടെയും ഏറ്റവും വലിയ മാര്‍ക്കറ്റ് ചൈനയാണ്. തൊട്ടു പിന്നില്‍ റഷ്യയും. കോട്ടുകളും മറ്റും നിർമിക്കാനാണ് ഇവ ഉപയോഗിക്കുന്നത്.
English Summary: JSnow Leopard Family Spotted In Himachal Pradesh's Spiti Valley, Internet Awestruck