ADVERTISEMENT

സൗത്താഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്ക് വന്യജീവികളാൽ സമൃദ്ധമാണ്. സിംഹക്കൂട്ടങ്ങളും പുള്ളിപ്പുലികളും കഴുതപ്പുലികളുമൊക്കെ ധാരാളമുണ്ട്. അതുകൊണ്ട് തന്നെ ഇവർ തമ്മിലുള്ള പോരാട്ടങ്ങളും ഇവിടെ പതിവാണ്. കാര്യം കാട്ടിലെ രാജാക്കൻമാരാണെങ്കിലും കഴുതപ്പുലികൾ സംഘം ചേർന്ന് ആക്രമിച്ചാൽ സിംഹങ്ങളും പതറും. ആഫ്രിക്കയിലെ പുൽമേടുകളിൽ സിംഹങ്ങളും കഴുതപ്പുലികളും തമ്മിലുള്ള യുദ്ധം പതിവാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കഴുതപ്പുലികളുടെ പിടിയിൽ നിന്ന് രക്ഷനേടാൻ ജീവനുംകൊണ്ടോടുന്ന പെൺ സിംഹത്തിന്റ ദൃശ്യമാണിത്. സിംഹക്കൂട്ടത്തിൽ നിന്ന് വേർപെട്ട പ്രായമേറിയ സിംഹത്തെയാണ് കഴുതപ്പുലികൾ വളഞ്ഞിട്ട് ആക്രമിച്ചത്.

 

പാർക്ക് സന്ദർശിക്കാനെത്തിയ 34കാരനായ അർമൻഡ് ബർണാഡ് ആണ് ഈ ദൃശ്യം കണ്ടതും ക്യാമറയിൽ പകർത്തിയതും. ഇവർ നോക്കി നിൽക്കെയാണ് സിംഹത്തെ 4 കഴുതപ്പുലികൾ ചേർന്ന് തുരത്തിക്കൊണ്ട് റോഡിലേക്കെത്തിച്ചത്. പ്രായാധിക്യം മൂലം അവശയായ സിംഹം ഓടാനാകാതെ അവിടെയിരുന്നതോടെ ഇവ സംഘം ചേർന്ന് സിംഹത്തിന്റെ ശരീരം കടിച്ചുവലിക്കാൻ തുടങ്ങി. വേദനകൊണ്ട് പുളഞ്ഞ സിംഹം ഉറക്കെ കരയുന്നുണ്ടായിരുന്നു. പ്രതികരിക്കാനാവാതെ തോൽവി സമ്മതിച്ച ദയനീയ ഭാവമായിരുന്നു അതിന്റെ കണ്ണുകളിൽ തെളിഞ്ഞത്. പിൻകാലുകളിൽ കടിച്ചുവലിക്കാൻ തുടങ്ങിയതോടെ വേദനകൊണ്ട് പുളഞ്ഞ സിംഹം സമീപത്തെ പൊന്തക്കാടിനുള്ളിലേക്ക് ഓടി മറഞ്ഞു. കഴുതപ്പുലികളും പിന്നാലെ കാടിനുള്ളിലേക്ക് കടന്നു. പിന്നീട് സിംഹത്തിന് എന്ത് സംഭവിച്ചു എന്നത് വ്യക്തമല്ല.

മനുഷ്യരുടെയത്രയും വൈകാരികശേഷിയോ ബുദ്ധിയോ ഇല്ലാത്തതിനാൽ മൃഗങ്ങളിൽ പ്രതികാരത്വര കുറവാണെന്നാണു സാമാന്യധാരണ. എന്നാൽ ജന്തുലോകത്തിലുമുണ്ട് കുടിപ്പകയുടെയും തീരാത്ത യുദ്ധങ്ങളും. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം ആഫ്രിക്കയിലെ സാവന്ന പുൽമേടുകളിൽ കഴുതപ്പുലികളും സിംഹങ്ങളും തമ്മിൽ നടക്കുന്ന തീരാത്ത യുദ്ധമാണ്.  ഭക്ഷണം, സ്ഥലം ഈ കാര്യങ്ങളാണ് സിംഹങ്ങളും കഴുതപ്പുലികളും തമ്മിലുള്ള മത്സരത്തിന്റെ അടിസ്ഥാനം. 

old-lioness-tries-escaping-gang-of-hyenas-kruger1
Grab Image from video shared on Youtube by Latestsightings

സാവന്നയിൽ ഒട്ടേറെ മാനുകളുണ്ട്, വലിയ കാട്ടുപോത്തുകളും മറ്റു ജീവികളുമുണ്ട്. കഴുതപ്പുലികളുടെ ഇരകൾ സിംഹത്തിന്റെയും ഇരകളാണ്. ആര് അവയെ നേടുന്നുവെന്നത് സാവന്നയിലെ അതിജീവനത്തിന്റെ ചോദ്യമാണ്. ലയൺ കിങ്ങ് ഉയർത്തിയ തെറ്റിദ്ധാരണ മൂലം കഴുതപ്പുലികളെ മോഷ്ടാക്കളായും സിംഹം വേട്ടയാടുന്നതിന്റെ പങ്ക് സൂത്രത്തിൽ അടിച്ചുമാറ്റി ജീവിക്കുന്ന ജീവികളായുമാണ് പൊതുബോധത്തിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. എന്നാൽ ഇങ്ങനെയല്ല കഥ. കാര്യം, അവശിഷ്ടങ്ങൾ ഭക്ഷിക്കാനിഷ്ടപ്പെടുന്ന സ്‌കാവഞ്ചേഴ്‌സ് വിഭാഗത്തിലാണ് ഉൾപ്പെടുന്നതെങ്കിലും മികച്ച വേട്ടക്കാരാണു കഴുതപ്പുലികൾ. സിംഹത്തേക്കാൾ മുൻപിൽ നിൽക്കും ഇവരുടെ വേട്ടയ്ക്കുള്ള പാടവം. കഴുതപ്പുലികളുടെ 74 ശതമാനവും വേട്ടയും ഫലപ്രാപ്തിയിലെത്തുമ്പോൾ സിംഹങ്ങളുടെ 30 ശതമാനം വേട്ടകളെ ഈ വിധത്തിൽ വിജയകരമാകാറുള്ളൂ. 

ഒറ്റയ്‌ക്കൊറ്റയ്ക്കു സിംഹവുമായി ഏറ്റുമുട്ടിയാൽ സിംഹത്തിനു കഴുതപ്പുലികളെ തോൽപിച്ച് കൊല്ലാൻ സാധിക്കും. എന്നാൽ കഴുതപ്പുലികൾ കൂട്ടമായാണ് മിക്കപ്പോഴും എത്തുന്നത്. സംഘടിതമായ കരുത്തിനു മുന്നിൽ പലപ്പോഴും സിംഹങ്ങൾ മുട്ടുമടക്കാറുണ്ട്. അതേപോലെ തന്നെ കഴുതപ്പുലികളുടെ അധിവാസ മേഖലകളിലേക്കു പ്രവേശിക്കുന്ന സിംഹങ്ങളെയും കഴുതപ്പുലികൾ വെറുതെ വിടാറില്ല. സാവന്നയിലെ ഏറ്റവും വലിയ വേട്ടക്കാരൻ സിംഹമാണ്...അപെക്‌സ് പ്രിഡേറ്റർ. ഏതു മൃഗങ്ങളെയും വേട്ടയാടാനുള്ള തന്ത്രവും ശക്തിയും ഒത്തിണങ്ങിയ ഒരേയൊരു രാജാവ്. എന്നാൽ ജന്തുലോകത്തിൽ സിംഹത്തിനു ശക്തമായി എതിർപ്പുയർത്തുന്ന മറ്റു വേട്ടക്കാരുമുണ്ട്. ആഫ്രിക്കൻ ആന, മുതല, ഗൊറില്ല, ഗ്രിസ്ലി കരടി, ഹിപ്പൊപ്പൊട്ടാമസ് ഒക്കെ ആ കൂട്ടത്തിൽ പെടും. ഈ ലിസ്റ്റിൽ ഉൾപ്പെട്ട ജീവിയാണു കഴുതപ്പുലി

ഒരുപാടു സവിശേഷതകളുണ്ട് കഴുതപ്പുലികൾക്ക്. ബിഗ് ക്യാറ്റ്, അല്ലെങ്കിൽ കാനിഡേ കുടുംബത്തിലൊന്നും പെടാത്ത കഴുതപ്പുലിയ്ക്ക് സ്വന്തമായി ഒരു ജന്തുകുടുംബമുണ്ട്. ഹയേനിഡേ എന്ന് ഇത് അറിയപ്പെടുന്നു. ബ്രൗൺ, വരകളുള്ളത്, പുള്ളികളുള്ളത് എന്നീ വിഭാഗങ്ങളിൽ കഴുതപ്പുലി പൊതുവായി കാണപ്പെടുന്നു. ഇതിൽ പുള്ളികളുള്ളവയാണു സാവന്നയിൽ കൂടുതലായി കാണപ്പെടുന്നത്. നാലരയടിവരെ പൊക്കവും 80 കിലോ വരെ ഭാരവുമുള്ള ഈ ജീവിവർഗത്തിന്റെ തലയ്ക്ക് വലിയ വലുപ്പമാണ്. ശക്തമായ താടിയെല്ലുകൾ ഇവയുടെ കടിബലം കൂട്ടുന്നു. ഇരയാക്കപ്പെടുന്ന മൃഗങ്ങളുടെ എല്ലുകൾ പോലും ഇവ ബാക്കിവയ്ക്കാറില്ല.

ശക്തമായ മുൻകാലുകൾ വേട്ടയ്ക്ക് ഇവയ്ക്ക് ഗുണകരമാകുന്നു. അതുപോലെ തന്നെ വേട്ടയിൽ ഇവ പുലർത്തുന്ന തന്ത്രങ്ങളും വ്യത്യസ്തമാണ്. വേട്ടയ്ക്കായി ഒരു മൃഗക്കൂട്ടത്തെ സമീപിക്കുമ്പോൾ അവയിൽ ഏറ്റവും കരുത്തും വേഗവുമുള്ളവയെ പിന്തുടരാതെ അവശതയുള്ളതോ അല്ലെങ്കിൽ എന്തെങ്കിലും അംഗഭംഗം വന്നതോ ആയ ജീവികളെയാണ് ഇവ ലക്ഷ്യമിടുന്നത്. ഇതു മൂലം ഇവയ്ക്ക് പെട്ടെന്ന് ഇര ലഭിക്കുന്നു. ഒരൊറ്റ കഴുതപ്പുലി വന്നാൽ സാവന്നയിലെ സിംഹരാജന് ഒരു പ്രശ്‌നവുമില്ല. എന്നാൽ കൂട്ടമായി വരുമ്പോഴാണു പ്രശ്‌നം. കഴുതപ്പുലികൾക്കു രാത്രി കാഴ്ചയ്ക്കുള്ള കഴിവ് കൂടുതലായത് രാത്രിയിൽ ഇവയെ കൂടുതൽ അപകടകാരികളാക്കുന്നു. ആഫ്രിക്കയിലെ ഏറ്റവും കടുകട്ടി ജീവികളായ ഹണി ബാഡ്ജറുകളെപ്പോലും ആക്രമിച്ചു കീഴ്‌പ്പെടുത്താൻ ഇവയ്ക്കു കഴിവുണ്ട്.

English Summary: Old Lioness Tries Escaping Gang of Hyenas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com