തീരത്തടിഞ്ഞത് വിചിത്രജീവി, വായ നിറയെ പല്ലുകൾ; ഇരകളുടെ രക്തം വലിച്ചുകുടിക്കുന്ന വാംമ്പയർ മത്സ്യം
Mail This Article
നെതർലൻഡ് തീരത്തടിഞ്ഞത് ഇരകളുടെ രക്തം വലിച്ചുകുടിയ്ക്കുന്ന വാംമ്പയർ മത്സ്യം. ഡച്ച് ദിവീപായ ടെക്സൽ തീരത്താണ് അപൂർവ മത്സ്യം അടിഞ്ഞത്. സമുദ്ര ഗവേഷകരാണ് മത്സ്യത്തെ തിരിച്ചറിഞ്ഞത്. പൗച്ച്ഡ് ലാംപ്രേസ് എന്നാണ് ഇവയുടെ യഥാർഥ പേര്. കടലിൽ നിന്ന് നദിയിലേക്ക് ഇവ കുടിയേറാറുണ്ട്. ചുഴി കണക്കേ വൃത്താകൃതിയിൽ നിരന്ന പല്ലുകളാണ് ഇവയുടെ പ്രത്യേകത. ഇവയ്ക്ക് താടിയെല്ലുകൾ ഇല്ല. വാംമ്പയർ ആരൽ മത്സ്യങ്ങളുടെ ജീവിതത്തിന്റെ ആദ്യകാലം ശുദ്ധജലത്തിലായിരിക്കും. പിന്നീട് നദിയിൽ നിന്ന് ഇവ കടലിലേക്കെത്തും. കടൽ ജീവികളുടെ ശരീരത്തിൽ കയറിക്കൂടി രക്തം വലിച്ചു കുടിച്ചാണ് പിന്നീടുള്ള ജീവിതം. അതുകൊണ്ടുതന്നെയാണ് ഇവയ്ക്ക് വാംമ്പയർ മത്സ്യം എന്ന പേര് വീണു കിട്ടിയതും.
ഇണചേരുന്ന കാലമാകുമ്പോഴേക്കും ഇവ തിരികെ നദികളിലേക്ക് മടങ്ങും. മുട്ടയിട്ട ശേഷം മരിക്കുകയും ചെയ്യും. 200 മില്യൺ വർഷങ്ങൾക്കു മുകളിലായി ഇവ ഭൂമിയിൽ ഉണ്ടെന്നാണ് ഫോസിൽ പഠനങ്ങൾ സൂചിപ്പിക്കുന്നത്. വായയുടെ ആകൃതി കൊണ്ടും ഭൂമിയിൽ ഇത്രകാലം ജീവിച്ചതും കണക്കിലെടുത്ത് ജീവിച്ചിരിക്കുന്ന ദിനോസറുകൾ എന്നും ഇവ വിശേഷിപ്പിക്കപ്പെടാറുണ്ട്.
ദശലക്ഷക്കണക്കിന് വർഷങ്ങളായി ഭൂമിയിലുണ്ടെങ്കിലും നിലവിൽ ഇവ കാലാവസ്ഥാവ്യതിയാനം മൂലം അപകടഭീഷണി നേരിടുകയാണ്. ശുദ്ധജലസ്രോതസ്സുകളിൽ ലവണാംശം കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് പൗച്ച്ഡ് ലാംപ്രേസ് ഇനത്തിന്റെ പ്രജനന പ്രക്രിയയെ വിപരീതമായി ബാധിച്ചിരിക്കുന്നതിനാൽ ഇവ വംശനാശഭീഷണി നേരിടാനുള്ള സാധ്യതയേറെയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
English Summary: Rare Parasitic Sea Lamprey Thought To Be Extinct Discovered On A Beach In The Netherlands