കുട്ടികളെ ഉപയോഗിച്ച് പൂച്ച വേട്ട, യാതനയ്ക്കൊടുവിൽ മരണം; ക്രൂരതയ്ക്കെതിരെ രൂക്ഷവിമർശനം
Mail This Article
തെരുവുനായ്ക്കളെ കൊണ്ടും പൂച്ചകളെ കൊണ്ടും തെരുവിൽ അലഞ്ഞ് നടക്കുന്ന പശുക്കളെ കൊണ്ടുമൊക്കെ അധികൃതർക്കുണ്ടാകുന്ന തലവേദന ചെറുതല്ല. അതുകൊണ്ട് തന്നെയാണ് തെരുവിൽ ജീവിക്കുന്ന ജീവികളെ നിയന്ത്രിയ്ക്കാൻ പലപ്പോഴും അധികൃതർ കടുത്ത നടപടികൾ സ്വീകരിക്കുന്നതും. എന്നാൽ ഇത്തരത്തിൽ ന്യൂസീലൻഡിൽ സ്വീകരിച്ച ഒരു നടപടിയാണ് ഇപ്പോൾ കടുത്ത വിമർശനത്തിന് വഴിവച്ചിരിക്കുന്നത്. കുട്ടികളിൽ പോലും മറ്റ് ജീവികളെ കൊല്ലുന്നതിനുള്ള വാസന വളർത്തുന്നതാണ് ഈ നടപടിയെന്ന ആരോപണമാണ് ഇപ്പോൾ ഇതിന് തുടക്കമിട്ടവർ നേരിടുന്നത്.
പൂച്ചവേട്ടയിൽ ജയിച്ചാൽ 250 ഡോളർ
ന്യൂസീലൻഡ് സൊസൈറ്റി ഓഫ് പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി എഗൈൻസ്റ്റ് ആനിമൽസ് അഥവാ എസ്പിഎസ്എ ആണ് ന്യൂസീലൻഡിൽ പ്രഖ്യാപിച്ച പൂച്ചവേട്ട ക്രൂരമാണെന്നും കുട്ടികളിൽ ക്രിമിനൽ വാസന വർത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുന്നത്. നോർത്ത് കാന്റൻബറി ഹണ്ടിങ് കോംപറ്റീഷൻ എന്നാണ് ഈ പൂച്ചയെ കൊല്ലുന്ന മത്സരത്തിന് നൽകിയിരിക്കുന്ന പേര്. ജൂൺ മാസത്തിനുള്ളിൽ ഏറ്റവും കൂടുതൽ ഫെറൽ ക്യാറ്റ്സ് അഥവാ തെരുവ് പൂച്ചകളെ കൊല്ലുന്ന കുട്ടിക്ക് 250 ഡോളറാണ് സമ്മാന തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശത്തെ ഒരു പ്രാദേശിക സ്കൂളിന് വേണ്ടിയുള്ള ധനശേഖരാർഥമാണ് ഈ വേട്ടയാടൽ മത്സരം സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് സംഘാടകരുടെ വാദം.
പക്ഷേ തെരുവ് പൂച്ചകളെയും വളർത്തു പൂച്ചകളെയും എങ്ങനെ തിരിച്ചറിയും എന്നാണ് എസ്പിഎസ്എ ഉയർത്തുന്ന പ്രധാനപ്പെട്ട ചോദ്യം. സംഘാടകരുടെ വാദം അനുസരിച്ച് വളർത്ത് പൂച്ചകളിൽ അധികൃതർ നൽകിയ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടാകും. സ്കാൻ ചെയ്താൽ ഈ ചിപ്പ് കണ്ടെത്താനാകുമെന്നും ഇവർ പറയുന്നു. എന്നാൽ അപരിചതമായ പൂച്ചകളെ പിടിച്ച് നിർത്തി എങ്ങനെ സ്കാൻ ചെയ്യും എന്ന പ്രായോഗിക ചോദ്യമാണ് വിമർശകർ ഉയർത്തുന്നത്. അതുകൊണ്ട് തന്നെ കയ്യിൽ കിട്ടുന്ന പൂച്ചകളെ കൊല്ലുകയാകും കുട്ടികൾ ചെയ്യുകയെന്നും ഇവർ വാദിക്കുന്നു. കൊന്ന ശേഷം സ്കാൻ ചെയ്ത് ചിപ്പ് ഇല്ലാത്ത പൂച്ചകളെയാകും കുട്ടികൾ എത്തിക്കുകയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
പൂച്ചകളുടെ നരകയാതന
ഈ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രായപരിധി ഏർപ്പെടുത്തിയിട്ടില്ലെന്നതും വിമർശന വിധേയമായ കാര്യമാണ്. കൂടാതെ കുട്ടികൾ എയർ റൈഫിളുകളും മറ്റും ഉപയോഗിച്ചാണ് പൂച്ചകളെ വേട്ടയാടുന്നത്. ഇത് മൂലം പല പൂച്ചകളും ഉടനെ ജീവൻവെടിയില്ലെന്നും എസ്പിഎസ്എ വിശദീകരിച്ചു. പല പൂച്ചകൾക്കും മാരകമായി പരുക്കേൽക്കും തുടർന്ന് ദിവസങ്ങളോളം നീണ്ട യാതനകൾക്ക് ഒടുവിലാണ് ഇവ മരണത്തിന് കീഴടങ്ങുക. ഇതും ഈ പൂച്ച വേട്ട മത്സരിത്തിനെതിരെ വിമർശനങ്ങൾ ഉയരാൻ കാരണമായിട്ടുണ്ട്.
പക്ഷികളെ രക്ഷിക്കാനായി പൂച്ചകളെ കൊല്ലുക
ഏതായാലും വിമർശനങ്ങൾ പരിഗണിച്ച് ഇപ്പോൾ ഈ മത്സരം തൽക്കാലത്തേക്ക് ഉപേക്ഷിച്ചിരിക്കുകയാണ് സംഘാടകർ. സ്കൂളിന്റെ പേരിന് തന്നെ വിമർശനങ്ങൾ കളങ്കമുണ്ടാക്കുമെന്ന് ഭയന്നാണ് ഈ തീരുമാനമെന്നും സംഘാടകർ പറയുന്നു. അതേസമയം തന്നെ ഈ പൂച്ചവേട്ട മത്സരത്തിന് പിന്നിലും ഉണ്ടായിരുന്നത് പ്രകൃതി സംരക്ഷണമെന്ന ദൗത്യമാണന്ന് ഇവർ വാദിക്കുന്നു. കാരണം തെരുവ് പൂച്ചകൾ വർധിച്ചത് ന്യൂസീലൻഡിലെ പ്രാദേശിക പക്ഷിസമൂഹത്തിന് വലിയ ഭീഷണിയായിട്ടുണ്ട്. ഇതേ ചൊല്ലിയുള്ള സർക്കാർ റിപ്പോർട്ടുകളാണ് തെരുവ് പൂച്ചകളെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇവർ തെളിവായി ചൂണ്ടിക്കാട്ടുന്നത്.
സമാനമായ മത്സരങ്ങൾ മറ്റ് പല രാജ്യങ്ങളിലും മുൻപ് നടത്തിയിട്ടുണ്ട്. യുഎസിൽ കാലിഫോർണിയയിലാണ് കുട്ടികൾക്ക് വേണ്ടി സമാനമായൊരു മത്സരം സംഘടിപ്പിച്ചത്. അവിടെ പൂച്ചകൾക്ക് പകരം അണ്ണാൻമാരായിരുന്നു എന്ന് മാത്രം. അണ്ണാൻമാരുടെ ശല്യം കുറയ്ക്കാനായി നടത്തിയ മത്സരത്തിൽ കുട്ടികളും മുതിർന്നവരും ഒരു പോലെ പങ്കെടുത്തിരുന്നു. ഏതാണ്ട് ഒരു ലക്ഷം അണ്ണാൻമാരാണ് ഈ വേട്ടമത്സരത്തിൽ അന്ന് കൊല്ലപ്പെട്ടത്.
English Sumary: New Zealand feral cat-killing competition for children axed after backlash