ADVERTISEMENT

കാളപ്പോര് ലോകത്തിന്റെ പലയിടങ്ങളിലും ആവേശകരമായ ഒരു മത്സര ഇനമാണ്. എന്നാൽ ഇവ പ്രകോപിതരായി പൂർണ ശക്തിയിൽ  നേരിടാനെത്തിയാൽ ചിലപ്പോൾ മനുഷ്യരുടെ ജീവൻ തന്നെ നഷ്ടപ്പെട്ടെന്നു വരാം. അത്തരത്തിൽ അക്രമാസക്തനായി നിൽക്കുന്ന ഒരു കാളയ്ക്ക് മുന്നിലകപ്പെട്ട വഴിപോക്കന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.  ആക്രമിക്കാൻ പാഞ്ഞടുക്കുന്ന കാളയെയും അതിൽ നിന്നും രക്ഷനേടാനായി ഒരു വ്യക്തി നടത്തുന്ന പരാക്രമങ്ങളും  വിഡിയോയിൽ കാണാം. ഏതാനും ദിവസങ്ങൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ എത്തിയ വിഡിയോ എവിടെ നിന്നാണ് പകർത്തിയതെന്ന് വ്യക്തമല്ല.

 

കൂർത്ത കൊമ്പുകളുള്ള കരുത്തനായ ഒരു കാളയാണ് വിഡിയോയിൽ ഉള്ളത്. വഴിയരികിൽ നിന്നിരുന്ന കാള ആക്രമിക്കാനുള്ള ഭാവത്തിൽ ഓടിയടുക്കുന്നതാണ് വിഡിയോയുടെ തുടക്കം. എന്നാൽ കാളയ്ക്കെതിരെ വരികയായിരുന്ന വ്യക്തി അതിന് ആക്രമിക്കാനാവും മുൻപ് തന്നെ സമീപം ഉണ്ടായിരുന്ന  പോസ്റ്റിലേക്ക് ചാടിക്കയറി. തലനാരിഴയ്ക്കാണ് അയാൾ കാളയിൽ നിന്നും രക്ഷ നേടിയത്. എന്നാൽ പിന്മാറാൻ ഭാവമില്ലാതെ കാള അയാളെ തന്നെ ലക്ഷ്യമാക്കി പോസ്റ്റിനരികിൽ വരെയെത്തി.

 

ഗത്യന്തരമില്ലാതെ കൂടുതൽ ഉയരത്തിലേക്ക് കയറാൻ വ്യക്തി ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. ഈ കാഴ്ച കണ്ടു നിന്നവർ കൂടുതൽ ഉയരത്തിലേക്ക് കയറാൻ പറയുന്നുമുണ്ട്. കൈ ഒന്ന് വഴുതി പോയാൽ കാളയുടെ കൂർത്ത കൊമ്പിലേക്ക് തന്നെ അയാൾ വന്നു പതിക്കുമെന്ന് ഉറപ്പ്. എന്നാൽ ഓടിവന്ന വരവിൽ അയാളെ ആക്രമിക്കാനാവാത്തത് മൂലം കാള മറ്റൊരു ഭാഗത്തേക്ക് ഓടി നീങ്ങുമ്പോഴാണ് കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാകുന്നത്. നീളമുള്ള കയർ ഉപയോഗിച്ച് അതേ പോസ്റ്റിലാണ് കാളയെ കെട്ടിയിട്ടിരുന്നത്. അതായത് അവിടെ നിന്നും അയാൾക്ക് രക്ഷപ്പെടുകയെന്നത് ഏറെ പ്രയാസകരമായ കാര്യമാണെന്ന് ചുരുക്കം.

 

കാളയുടെ കഴുത്തിൽ ഒരു തോർത്ത് ചുറ്റിയിരിക്കുന്നതും കാണാം. എന്ത് സാഹചര്യത്തിലാണ് കാളയെ അവിടെ കെട്ടിയിട്ടതെന്നും കാള ആക്രമിക്കാൻ ശ്രമിച്ച മനുഷ്യൻ അതിനെ പ്രകോപിപ്പിച്ചിരുന്നോയെന്നതും വിഡിയോയിൽ വ്യക്തമല്ല. എന്തായാലും സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വളരെ വേഗത്തിൽ തന്നെ ഈ ദൃശ്യങ്ങൾ ശ്രദ്ധ നേടി. വ്യത്യസ്തമായ രീതിയിലാണ് ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നത്. കരുത്തനായ കാളയോട് മല്ലിടാൻ ശ്രമിച്ച ലഭിച്ച ശിക്ഷയാണിതെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ചുറ്റും ധാരാളം ആളുകൾ കൂടി നിന്നിട്ടും ആരും രക്ഷിക്കാൻ മുന്നോട്ട് വരാത്തതിനെ വിമർശിക്കുന്നവരും കുറവല്ല.

 

പോസ്റ്റിൽ കയറിയ വ്യക്തിയുടെ നിലവിലെ അവസ്ഥ എന്താവും എന്ന ആശങ്കയാണ് ഭൂരിഭാഗം ആളുകളും പങ്കുവയ്ക്കുന്നത്. ആരെങ്കിലും പോസ്റ്റിനരികിൽ ചെന്ന് കാളയെ അഴിച്ചു വിടാത്ത പക്ഷം അയാൾക്ക് താഴേക്ക് ഇറങ്ങി വരുക സാധ്യമല്ല. ആരെങ്കിലും ധൈര്യസമേതം അങ്ങനെ പ്രവർത്തിച്ചിട്ടുണ്ടാവാമെന്നും വൈദ്യുത പോസ്റ്റിൽ കയറിയ വ്യക്തി അപകടം കൂടാതെ രക്ഷപ്പെട്ടിട്ടുണ്ടാവാമെന്നുമുള്ള പ്രത്യാശയും ചിലർ പങ്കുവയ്ക്കുന്നു.

 

English Summary: Man Climbs Pole As Raging Bull Tries To Attack Him In Viral Video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com