10 ദശലക്ഷത്തിൽ ഒന്ന്! വെള്ള നിറത്തിനു പിന്നിൽ ‘ഷാരൊലൈ’ ജീനുകൾ, കൗതുകമായി കുഞ്ഞ് കാട്ടുപോത്ത്
Mail This Article
തൂവെള്ള നിറത്തിൽ കാട്ടുപോത്ത്. ചിന്തിക്കാനാകുമോ? എന്നാൽ അങ്ങനെയൊരു കാട്ടുപോത്തിന്റെ കുഞ്ഞ് അമേരിക്കയിലെ വ്യോമിങ്ങിലുള്ള ബെയർ റിവർ സ്റ്റേറ്റ് പാർക്കിൽ ജനിച്ചു കഴിഞ്ഞു. ചിത്രങ്ങളും വിഡിയോയും പാർക്ക് അധികൃതർ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 10 ദശലക്ഷം കാട്ടുപോത്തുകളിൽ ഒന്നിനെ മാത്രമായിരിക്കും ഇതുപോലെ കാണാനാകുക.
ജനിതക വ്യതിയാനം മൂലം സസ്തനികളുടെ നിറം നിർണയിക്കുന്ന പ്രധാന പിഗ്‌മെന്റായ മെലാനിന്റെ ഉത്പാദനത്തിൽ കുറവ് വരുന്നതിനെ തുടർന്നാണ് ആൽബിനിസം ബാധിക്കുന്നത്. എന്നാൽ ഈ കുഞ്ഞ് കാട്ടുപോത്തിന്റെ കാര്യത്തിൽ വ്യത്യസ്തമാണ്. വ്യോമിങ് ഹോപ്പ് എന്ന് പാർക്ക് അധികൃതർ വിളിക്കുന്ന പൂർണമായും വെളുത്ത നിറത്തിലുള്ള കാട്ടുപോത്തിന്റെ കുഞ്ഞാണിത്.
രണ്ടു വയസാണ് വ്യോമിങ് ഹോപ്പിന്റെ പ്രായം. ഇതിനെ കൂടാതെ മറ്റൊരു വെളുത്ത കാട്ടുപോത്തുകൂടി പാർക്കിലുണ്ട്. ഇവയെ 2021 ലാണ് പാർക്കിലേക്ക് എത്തിച്ചത്.
ഷാരൊലൈ ഇനത്തിൽപ്പെട്ട കന്നുകാലികളിൽ നിന്നും ജീനുകൾ ലഭിച്ചതിനെ തുടർന്നാണ് ഇവ വെളുത്ത നിറത്തിലായത്. മാംസത്തിനും രോമത്തിനും വേണ്ടി വേട്ടയാടപ്പെട്ടതിനെ തുടർന്ന് 1870 ൽ അമേരിക്കൻ കാട്ടുപോത്ത് ഇനം ഏതാണ്ട് വംശനാശത്തിനോട് അടുത്തിരുന്നു. ഈ സാഹചര്യത്തിൽ അവയുടെ വംശം നിലനിർത്താനായി അവശേഷിക്കുന്നവയിൽ ചിലതിനെ മറ്റു കന്നുകാലി ഇനങ്ങളുമായി ഇണ ചേർക്കുകയായിരുന്നു. ഇവയുടെ പിന്തുടർച്ചക്കാരാണ് വ്യോമിങ് ഹോപ്പും അതിന്റെ കുഞ്ഞും.
മെയ് പതിനാറാം തീയതിയാണ് കുഞ്ഞ് കാട്ടുപോത്ത് ജനിച്ചത്. 13 കിലോഗ്രാം മാത്രമാണ് ഭാരം. എന്നാൽ ഇതിന്റെ ജനനത്തിനു മുൻപ് പൂർണമായും തവിട്ടു നിറത്തിലുള്ള നാല് കാട്ടുപോത്തിൻ കുഞ്ഞുങ്ങൾ കൂടി പാർക്കിൽ ജനിച്ചിരുന്നു. ഇവയെല്ലാം പൂർണ്ണ ആരോഗ്യത്തോടെ വളരുകയാണെന്ന് പാർക്ക് അധികൃതർ വ്യക്തമാക്കുന്നു.
കുഞ്ഞ് കാട്ടുപോത്തിനെ കാണാൻ ആളുകളുടെ നീണ്ട നിരയാണ്. എന്നാൽ കുഞ്ഞിന് അസുഖബാധ ഏൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ സന്ദർശകരോട് അതീവജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
English Summary: Surprise! Adorable White Bison Calf Born In Bear River State Park