സഹേലി മരിച്ചു, കാവൻ തളർന്നു; 35വർഷ നരകതുല്യ ജീവിതംവിട്ട് യാത്ര: ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ആനയുടെ കഥ
Mail This Article
ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടതെന്നും ദുഃഖിതനെന്നും അറിയപ്പെട്ടിരുന്ന ആനയായിരുന്നു കാവൻ. പാക്കിസ്ഥാനിലെ മൃഗശാലയിലായിരുന്നു ഈ ആന താമസിച്ചിരുന്നത്. 2020ൽ രാജ്യങ്ങൾ താണ്ടിയൊരു യാത്ര നടത്തി കാവൻ രാജ്യാന്തര പ്രശസ്തി നേടി. പഴയ പാക്ക് മിലിട്ടറി ജനറലും ഭരണാധികാരിയുമായിരുന്ന സിയാ ഉൾ ഹക്കിന്റെ മകൾ സെയിനിന് ഒരാനയെ വേണമെന്ന് കുട്ടിക്കാലത്ത് ആഗ്രഹമുണ്ടായി. മകളെ അതിരറ്റു സ്നേഹിച്ച ശക്തനായ അച്ഛൻ അതു നടത്തിക്കൊടുത്തു. ശ്രീലങ്കയിലെ പിന്നവാലയിൽ നിന്നു കാവൻ എന്ന ഒരുവയസുകാരൻ കുട്ടിയാന 1985ൽ പാക്കിസ്ഥാനിലെ മർഘാസർ മൃഗശാലയിലെത്തി. അലസരായ ജോലിക്കാരും കുത്തഴിഞ്ഞ പ്രവർത്തനസംവിധാനവുമുള്ള ആ മൃഗശാലയിൽ അവൻ വളർന്നു താരമായി.
കുട്ടികളും മുതിർന്നവരുമുൾപ്പെടെ മൃഗശാലയിൽ എത്തിയവർക്കെല്ലാം കാവനെയാണു കാണേണ്ടിയിരുന്നത്.അവരെ തുമ്പിക്കൈ കൊണ്ട് തൊടാനും സല്യൂട്ട് അടിക്കാനും കാവൻ മടിച്ചില്ല, പക്ഷേ അവരാരുമറിയുന്നുണ്ടായിരുന്നില്ല പിന്നിലെ കഥ.
പരിശീലകർ പറയുന്ന കോപ്രായങ്ങൾ കാട്ടിയില്ലെങ്കിൽ മൂർച്ചയുള്ള ലോഹഹുക്ക് മാംസത്തിലേക്ക് തറഞ്ഞു കയറുന്ന വേദന കാവന് അനുഭവിക്കണമായിരുന്നു. ഏകാകിയായി കാവൻ വളർന്നു വന്നു. തൊണ്ണൂറുകളിൽ ബംഗ്ലാദേശിൽ നിന്നു മൃഗശാലയിലേക്കു കൊണ്ടുവന്ന സഹേലി എന്ന പിടിയാനയുമായി കാവൻ നല്ല കൂട്ടായി. എന്നാൽ വർഷങ്ങൾക്കു മുൻപ് സഹേലി മരിച്ചതോടെ കാവൻ വീണ്ടും ഒറ്റയ്ക്കായി.
ഹൃദയാഘാതം മൂലമാണ് സഹേലി മരിച്ചതെന്നാണ് അധികാരികളുടെ ഭാഷ്യമെങ്കിലും ജീവനക്കാർ ഇരുമ്പുഹുക്കുകൾ കൊണ്ടു കുത്തുന്നതു പഴുത്ത് വൃണമായാണ് മരിച്ചതെന്നാണു പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ഒരുപാടു കാലം രോഗഗ്രസ്തയായി കഴിഞ്ഞ സഹേലിയുടെ അവസാന കാലത്തെ നില കാവനെ വിഷമിപ്പിച്ചു. അവൻ മടിപിടിച്ചിരിപ്പായി. എപ്പോഴും കാരണമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും തലയാട്ടുകയും ചെയ്യും. ലോകത്തിലേക്കും ഏറ്റവും ഒറ്റപ്പെട്ട ആനയെന്ന പേര് അതോടെ അവനു ലഭിച്ചു
2016ലാണു പോപ് ഇതിഹാസവും ഓസ്കർ ജേതാവുമായ ഷെർ കാവനെക്കുറിച്ച് അറിഞ്ഞത്. മൃഗസ്നേഹിയായ അവർ ഉടൻ തന്നെ കാവന്റെ മോചനത്തിനായി ഒരു നിയമസംഘത്തെ ഏർപ്പെടുത്തി. കാവന്റെ പ്രശ്നങ്ങൾ ലോകത്തെ അറിയിക്കാനുള്ള ശ്രമങ്ങളും തുടങ്ങി.
മോചനമാവശ്യപ്പെട്ടുള്ള കേസ് ഇതിനിടെ ഇസ്‌ലാമബാദ് ഹൈക്കോടതിയിലെത്തി. മൃഗശാലയുടെ ശോചനീയാവസ്ഥയിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി അത് അടച്ചുപൂട്ടാൻ ഉത്തരവിട്ടു. എന്നാൽ കാവന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടർന്നു. ഒറ്റപ്പെടലിന്റെ നടുക്കടലിലായിരുന്ന കാവനെ രക്ഷിക്കാനായി ഒരു പദ്ധതിയാണ് ഇവരുടെയെല്ലാം മുന്നിലുണ്ടായിരുന്നത്. പാക്കിസ്ഥാനിൽ നിന്നും ആനയെ കംബോഡിയയിലെ ആനസംരക്ഷണ കേന്ദ്രത്തിൽ എത്തിക്കുക.
എന്നാൽ ഈ പദ്ധതിക്ക് പല പ്രശ്നങ്ങളുമുണ്ടായിരുന്നു. മനുഷ്യരോട് സ്നേഹവും വിശ്വാസവും നഷ്ടപ്പെട്ട കാവനെ വിമാനത്തിൽ കയറ്റി കംബോഡിയയിലെത്തിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്. അവൻ ഇണങ്ങാതെ ആ യാത്ര യാഥാർഥ്യമാകില്ല. അപ്പോഴാണു ഡോ. അമീർ ഖാലിൽ എന്ന ഈജിപ്തുകാരനായ സന്നദ്ധപ്രവർത്തകൻ രംഗത്തെത്തിയത്. അമീറിന്റെ സ്നേഹപൂർവമായ പെരുമാറ്റത്തിലും പരിചരണത്തിലും കാവൻ തെല്ലൊന്നയഞ്ഞു. തന്റെ പരുക്കൻ ശബ്ദത്തിൽ അമീർ പാടിയ പാട്ടുകൾക്ക് അവൻ ശ്രദ്ധയോടെ ചെവിയോർത്തു. ഖാലിലിന്റെ കൈയിൽ നിന്നു ഭക്ഷണം കഴിക്കാനും അദ്ദേഹത്തെ തുമ്പിക്കൈ കൊണ്ട് തഴുകാനുമൊക്കെ തുടങ്ങി. കാവൻ ഇണങ്ങി.
കംബോഡിയയിലേക്കു കൊണ്ടുപോകാനുള്ള നടപടികൾ വൈകാതെ തുടങ്ങി. ഒരു കമ്പിക്കൂടിനുള്ളിൽ കയറ്റി വിമാനമാർഗം അവിടേക്കെത്തിക്കാനാണു ടീമംഗങ്ങൾ പദ്ധതിയിട്ടത്. ഇതിനായി അവർ കാവനു പ്രത്യേക പരിശീലനം നൽകി. ഒടുവിൽ 35 വർഷത്തെ നരകതുല്യമായ മൃഗശാല വാസത്തിനു ശേഷം 2020ൽ കാവൻ പാക്കിസ്ഥാനിൽ നിന്നു വിമാനം കയറി. ഡോ അമീർ ഖാലിലിന്റെ കൈകളിൽ തുമ്പിക്കൈ ഇട്ടുരസി വികാരപരമായി കാവൻ യാത്ര പറഞ്ഞു.
ഇന്ന് കംബോഡിയയിലെ, പത്തുലക്ഷം ഏക്കർ വിസ്തീർണമുള്ള കുലൻ പ്രോംപ്ടെംപ് ആനസംരക്ഷണകേന്ദ്രത്തിൽ ജീവിക്കുകയാണ് കാവൻ. ഡോ. അമീർ ഖാലിൽ കഴിഞ്ഞവർഷം അവനെ കാണാനായി കംബോഡിയയിലെത്തിയിരുന്നു.
English Summary: Story About World's loneliest elephant Kaavan