ADVERTISEMENT

തിരുവനന്തപുരം ∙ തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് ഇപ്പോഴും കൂട്ടിൽക്കയറാതെ മരത്തിൽ തുടരുകയാണ്. ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും രണ്ടു ദിവസം വരെ അതിജീവിക്കാൻ ശേഷിയുള്ള ജീവിയാണ് ഹനുമാൻ കുരങ്ങെന്ന് മൃഗശാല ഡയറക്ടർ കെ. അബു വ്യക്തമാക്കി. തളിര് ഇലകൾ ഭക്ഷിച്ച് വിശപ്പടക്കുന്നുണ്ട്. ചൊവ്വാഴ്ച രാത്രി പെയ്ത മഴയിൽ വെള്ളം കുടിച്ചിരിക്കാനും സാധ്യതയുണ്ട്. കുരങ്ങന്റെ ആരോഗ്യം സംബന്ധിച്ച് ആശങ്കയില്ലെന്നും അദ്ദേഹം അറിയിച്ചു.  2002 ലാണ് കുരങ്ങൻമാർക്കായി തുറന്ന കൂട് നിർമിച്ചത്. അതിനു ശേഷം ആദ്യമായാണ് അസാധാരണ സംഭവം ഉണ്ടാകുന്നത്. തിരുപ്പതിയിലെ പോലെ തുറന്ന കൂടിന് വലുപ്പമില്ലാത്തത് വെല്ലുവിളിയാണെന്നും ഡയറക്ടർ പറഞ്ഞു.

കുരങ്ങ് മറ്റെവിടെയെങ്കിലും പോകുമോ എന്ന് ഭയത്തിൽ ബൈനോക്കുലറുമായി ആകാശത്തേക്കു കണ്ണു നട്ടിരിക്കുകയാണ് മൃഗശാല ജീവനക്കാർ. കുരങ്ങ് മരത്തിൽനിന്ന് താനേ ഇറങ്ങിവരുമെന്നും മരത്തിന് താഴെ ആഹാരം നൽകുന്നുണ്ടെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. അതേസമയം ഹനുമാൻ കുരങ്ങുകൾക്കൊപ്പം കൊണ്ടുവന്ന സിംഹങ്ങളെ കാണികൾക്കായി തുറന്നുവിട്ടിട്ടുണ്ട്.

ചൊവ്വാഴ്ച വൈകിട്ടാണ് കുരങ്ങൻ കൂട്ടിനു പുറത്തു ചാടിയത്. ബുധനാഴ്ച മൃഗശാലയിലെ മരത്തിനു മുകളിൽ എത്തിയെങ്കിലും ജീവനക്കാർക്ക് പിടിക്കാനായില്ല. പല മരങ്ങളിൽ ചാടിച്ചാടി വൈകിട്ടോടെ ആൺ കുരങ്ങിനെ പാർപ്പിച്ചിട്ടുള്ള കൂടിനു സമീപത്തെ മരത്തിൽ കയറിയ പെൺ കുരങ്ങ് ഇപ്പോഴും അവിടെ തുടരുകയാണ്. ഒന്നര ദിവസത്തിനു ശേഷം തിരികെ കൂടിനു സമീപത്ത് എത്തിയത് ശുഭ സൂചനയാണെന്നും ഇവിടം വിട്ടു പോകാതിരിക്കാൻ നിരീക്ഷണം ശക്തമാക്കിയതായും അധികൃതർ അറിയിച്ചു. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടു കുരങ്ങൻമാരെ തിരുവനന്തപുരം മ്യൂസിയത്തിൽ എത്തിച്ചത്.

ഏഴ് തരത്തിൽ ഹനുമാൻ കുരങ്ങ്

1.കാണാതായ ഹനുമാൻ കുരങ്ങും ഇണയും 
(ഫയൽചിത്രം)  
2.തിരുവനന്തപുരം മൃഗശാലയിൽ നിന്നു ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തിയ ആഞ്ഞിലി മരത്തിനു മുകളിൽ വട്ടമിട്ടു പറക്കുന്ന കാക്കകൾ. കുരങ്ങ് അവിടെ ഉള്ളതുകൊണ്ടാണ് കാക്കകൾ വട്ടമിട്ടു പറക്കുന്നതെന്ന് മൃഗശാല ജീവനക്കാർ പറയുന്നു.							         ചിത്രം: ശ്രീലക്ഷ്മി ശിവദാസ്∙ മനോരമ
1.കാണാതായ ഹനുമാൻ കുരങ്ങും ഇണയും (ഫയൽചിത്രം) 2.തിരുവനന്തപുരം മൃഗശാലയിൽ നിന്നു ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തിയ ആഞ്ഞിലി മരത്തിനു മുകളിൽ വട്ടമിട്ടു പറക്കുന്ന കാക്കകൾ. കുരങ്ങ് അവിടെ ഉള്ളതുകൊണ്ടാണ് കാക്കകൾ വട്ടമിട്ടു പറക്കുന്നതെന്ന് മൃഗശാല ജീവനക്കാർ പറയുന്നു. ചിത്രം: ശ്രീലക്ഷ്മി ശിവദാസ്∙ മനോരമ

ചെവികൾക്കും മുഖത്തിനും കറുപ്പുനിറം, നീളത്തിലുള്ള താടിയും മുടിയും, ചാരക്കുപ്പായമണിഞ്ഞതുപോലെ രോമാവൃത ശരീരവുമുള്ള ജീവിയാണ് ഗ്രേ ലംഗൂർ അഥവാ ഹനുമാൻ കുരങ്ങ്. ആൺ കുരങ്ങുകൾക്ക് ഏകദേശം 75 സെന്റി മീറ്ററും പെൺ കുരങ്ങുകൾക്ക് 65 സെന്റി മീറ്റർ നീളവും കാണും. ഏകദേശം 27 മുതൽ 40 ഇഞ്ച് വരെയാണ് വാലിന്റെ നീളം. ശരീരഭാരം 10 മുതൽ 18 കിലോ വരെയാണ്. ഏഴ് തരത്തിലുള്ള ഹനുമാൻ കുരങ്ങുകൾ ഉണ്ട്. നേപ്പാൾ ഗ്രേ, കശ്മീർ ഗ്രേ, തറായ് ഗ്രേ, നോർത്തേൺ പ്ലെയ്ൻസ് ഗ്രേ, ബ്ലാക്ക് ഫൂട്ടഡ് ഗ്രേ, സൗത്തേൺ പ്ലെയ്ൻസ് ഗ്രേ, ടഫഡ് ഗ്രേ എന്നിവയാണ്.

സാധാരണ ഇലകളും പഴങ്ങളും ചില പൂക്കളുമാണ് ഭക്ഷണം. എന്നാൽ ഓരോ കാലഘട്ടത്തിനനുസരിച്ച് ഇവയുടെ ഭക്ഷണരീതികൾ മാറുന്നുണ്ട്. ശൈത്യകാലത്ത് ഇലകളും മൺസൂൺ കാലത്ത് പഴങ്ങളും കഴിക്കുന്നതായാണ് വിവരം. 15 അടിവരെ ഉയരത്തിലും 40 അടി താഴേക്കും ഹനുമാൻ കുരങ്ങുകൾക്ക് ചാടാനാകുമെന്ന് പഠനറിപ്പോർട്ടുകൾ പറയുന്നു.

ഹനുമാൻ കുരങ്ങ് (Photo: Twitter/@trikansh_sharma)
ഹനുമാൻ കുരങ്ങ് (Photo: Twitter/@trikansh_sharma)

അക്രമസ്വഭാവമുള്ളവർ

ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക. പാക്കിസ്ഥാൻ എന്നിവിടങ്ങളിലാണ് ധാരാളമായി ഹനുമാൻ കുരങ്ങുകളെ കാണാനാകുക. വന്യജീവി നിയമം ഷെഡ്യൂൾ രണ്ട് പാർട്ട് ഒന്നിൽ പെട്ടവയാണ് ഹനുമാൻകുരങ്ങുകൾ. ‘പ്രസ്‌ബൈറ്റിസ് എന്റെല്ലസ്’എന്നാണ് ഇവയുടെ ശാസ്‌ത്രീയ നാമം. ഇവയെ വേട്ടയാടിയാൽ കുറഞ്ഞതു മൂന്നു വർഷം തടവാണ് ശിക്ഷ. കാടുകളിലും ചെറിയ മരങ്ങളിലുമാണ് താമസം. കാണാൻ ഭംഗിയുണ്ടെന്ന് കരുതി അടുത്തുചെന്നാൽ വിവരം അറിയും. വളരെ അക്രമസ്വഭാവമുള്ളവയാണ് ഇവ. മെരുക്കിയെടുക്കാനും കൂട്ടിലടയ്ക്കാനും വളരെ പ്രയാസമാണ്. പലപ്പോഴും കൂട്ടത്തോടെയാണ് ഹനുമാൻ കുരങ്ങുകൾ താമസിക്കുന്നത്.

English Summary: Hanuman Monkey, Thiruvananthapuram Museum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com