ADVERTISEMENT

തങ്ങളുടെ ആയുധപ്പുരയിൽ നിന്ന് രാസായുധങ്ങൾ പൂർണമായി ഒഴിവാക്കിയതായി പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ്. വരുന്ന സെപ്റ്റംബർ 31നകം ഈ ലക്ഷ്യം പൂർത്തീകരിക്കാനായി കഠിന ശ്രമങ്ങളാണ് യുഎസ് നടത്തിയത്. ഇതു നേരത്തെ ഫലപ്രാപ്തിയിലെത്തി. ഒരു നൂറ്റാണ്ടിന്റെ ചരിത്രം കൂടിയാണ് ഇതോടൊപ്പം നാമാവശേഷമാകുന്നത്. ഒരു കാലത്ത് വളരെ സജീവവും ബൃഹത്തുമായ രാസായുധപദ്ധതിയുണ്ടായിരുന്ന രാജ്യമാണ് യുഎസ്. എന്നാൽ പിൽക്കാലത്ത് രാസായുധങ്ങളോടുള്ള തങ്ങളുടെ ആഭിമുഖ്യത്തിൽ മാറ്റം വരുത്താനും പുനർവിചിന്തനം വരുത്താനും ഒരുപാട് സംഭവങ്ങൾ കാരണമായിട്ടുണ്ട്. ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ് 1968ലെ നിഗൂഢമായ 'സ്‌കൾവാലി' സംഭവം. ആറായിരത്തിലധികം ചെമ്മരിയാടുകളാണ് അന്നേദിനം യൂട്ടായിലെ സ്‌കൾവാലിയിൽ ചത്തൊടുങ്ങിയത്. സംഭവം രാജ്യാന്തരശ്രദ്ധ നേടി.

1968 മാർച്ച് 14നായിരുന്നു ഗ്രാമപ്രദേശവും വിദൂരമേഖലയുമായ സ്‌കൾവാലിയിൽ ആ സംഭവം നടന്നത്. ആറായിരത്തിലധികം ചെമ്മരിയാടുകളുടെ ശരീരങ്ങൾ മഞ്ഞുനിറഞ്ഞ സ്ഥലത്ത് ചിതറിക്കിടക്കുന്ന രീതിയിൽ സ്‌കൾവാലി അധികൃതർ കണ്ടെത്തി. സ്‌കൾവാലിയിൽ സംഭവിച്ച ചെമ്മരിയാടുകളുടെ ഈ കൂട്ടമരണം താമസിയാതെ അധികാരികളുടെ ശ്രദ്ധ നേടി. ഇത്രയധികം ചെമ്മരിയാടുകൾ എങ്ങനെയാണ് കൊല്ലപ്പെട്ടത്. പല വാദങ്ങളും കാരണങ്ങളും പ്രചരിച്ചു.

ആടുകൾ എന്തോ വിഷപ്പുല്ല് ഭക്ഷിച്ചാണു മരണപ്പെട്ടതെന്നായിരുന്നു ആദ്യത്തെ നിഗമനം. മേഖലയിലെ കർഷകർ എന്തോ ഹാനികരമായ കളനാശിനികൾ ഉപയോഗിച്ചതാകാം കാരണമെന്ന വാദവും ഉയർത്തപ്പെട്ടു. എന്നാൽ മറ്റൊരു സാധ്യതയിലേക്കും വിരൽചൂണ്ടപ്പെട്ടു. യുഎസ് ആർമിയുടെ രാസായുധ പരീക്ഷണ ശാലയായ ഡഗ്വേ പ്രൂവിങ് ഗ്രൗണ്ട് അവിടെയടുത്തായാണ് സ്ഥിതി ചെയ്തിരുന്നത്. കൂടിവന്നാൽ 40 കിലോമീറ്ററിന്റെ വ്യത്യാസം.

സ്കൾ വാലിയിൽ ചത്തൊടുങ്ങിയ ആട് (Twitter/@OnEarthPeace)
സ്കൾ വാലിയിൽ ചത്തൊടുങ്ങിയ ആട് (Twitter/@OnEarthPeace)

എന്നാൽ താമസിയാതെ നടന്ന പരീക്ഷണങ്ങളിലും പരിശോധനകളിലും വിവാദത്തിന്റെ മൂടി തുറന്നുവിട്ട ഒരു കാര്യം തെളിഞ്ഞു. സംഭവത്തിനു പിന്നിൽ യുഎസ് ആർമിയുടെ രാസപരീക്ഷണങ്ങൾ തന്നെയായിരുന്നു. വിഎക്‌സ് എന്ന നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപകടകാരിയായ വിഷമായിരുന്നു അന്ന് സ്‌കൾ കൗണ്ടിയിൽ വീണത്. ഇതു വഹിച്ചുവന്ന വിമാനത്തിന് എന്തോ തകരാർ നേരിട്ടതിനെത്തുടർന്നാണ് ഈ വിഷം ഇവിടെ വീണത്.

സംഭവം വിവാദമായെങ്കിലും വിശദമായ അന്വേഷണ റിപ്പോർട്ടൊന്നും യുഎസ് സൈന്യം പുറത്തിറക്കിയില്ല. ആടുകളെ നഷ്ടപ്പെട്ടവർക്ക് അവർ നഷ്ടപരിഹാരം നൽകി. ചത്ത ആടുകളുടെ ശരീരങ്ങൾ മറവ് ചെയ്യാൻ ബുൾഡോസറുകളും വിട്ടുകൊടുത്തു. എന്നാൽ രാസായുധങ്ങൾക്കെതിരെയുള്ള ശക്തമായ വിമർശനം യുഎസിൽ ഉയരാൻ ഈ സംഭവം വഴിയൊരുക്കി.

English Summary: How the Death of 6,000 Sheep Spurred the American Debate on Chemical Weapons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com