കേരളത്തിലുള്ളത് 114 ഇനം പാമ്പുകൾ, പിടിക്കാൻ 1720 പേർ; ആശങ്കവേണ്ട, ‘സർപ്പ’യുണ്ട് സഹായത്തിന്
Mail This Article
മഴക്കാലത്ത് സംസ്ഥാനത്തെ പല സ്ഥലങ്ങളിലും വെള്ളം കയറാറുണ്ട്. ഈ സമയങ്ങളിൽ പാമ്പുകൾ ഉൾപ്പെടെ പല ജീവികളും വീടുകളിലും വാസസ്ഥലങ്ങളിലും താത്കാലിക അഭയം പ്രാപിച്ചേക്കാം. ഇവയിൽ വിഷപ്പാമ്പുകള്‍ മനുഷ്യന്റെ ജീവനുതന്നെ ഭീഷണിയാണ്. ഇത്തരം പ്രശ്നങ്ങൾക്ക് എന്താണ് പോംവഴി? ഇതിനായി വനംവകുപ്പ് ഒരു ആപ്പ് ഇറക്കിയിട്ടുണ്ടെന്നും അതുവഴി പാമ്പുകളിൽ നിന്നും രക്ഷനേടാമെന്നും നിങ്ങളിൽ എത്രപേർക്കറിയാം? ‘സർപ്പ’ (SARPA) എന്ന പേരിലാണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
പാമ്പുകളുടെ സംരക്ഷണം, അവയെക്കുറിച്ചുള്ള ബോധവൽക്കരണം, ജനങ്ങളുടെ സുരക്ഷ എന്നിവ മുൻനിർത്തി 2021 ജനുവരിയിലാണു സർപ്പ ആപ് (സ്നേക് അവയർനസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്‌ഷൻ ആപ്) പ്രവർത്തനമാരംഭിച്ചത്. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്തതാണിത്. വീട്ടിലോ പരിസരത്തോ അപകടകരമായി പാമ്പിനെ കണ്ടാൽ ആപ് ഉപയോഗിച്ച് പാമ്പുപിടിത്തക്കാരുമായി ബന്ധപ്പെടാം. കേരളത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും വൊളന്റിയർമാരും ഉൾപ്പെടെ 1720 ഓളം പേർ ഈ മേഖലയിൽ ഉണ്ട്. ആപ്പിനെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, സർപ്പ സ്റ്റേറ്റ് നോഡൽ ഓഫിസറുമായ വൈ. മുഹമ്മദ് അൻവർ ‘മനോരമ ഓൺലൈനോ'ട് സംസാരിക്കുന്നു.
പാമ്പ് പിടിക്കാൻ 1720 പേർ
ജില്ലാ തലത്തിലാണ് സർപ്പയുടെ പ്രവർത്തനം നടക്കുന്നത്. ഓരോ ജില്ലയ്ക്കും കോർഡിനേറ്റർമാർ ഉണ്ട്. അതുപോലെ ജില്ലാതലത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പും ഉണ്ട്. ‘സർപ്പ’ ആപ്പ് വഴി വരുന്ന വിവരങ്ങൾ അതതു ജില്ലകളിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുന്നു. സംസ്ഥാനത്ത് കൃത്യമായി പരിശീലനം ലഭിച്ചത് 1720 പേർക്കാണ്. ഇതിൽ പകുതിയോളം വനംവകുപ്പ് സ്റ്റാഫുകളാണ്. ഇവരിൽ ചിലർ ജോലിയുടെ ഭാഗമായി പല സ്ഥലങ്ങളിൽ പോകേണ്ടതുണ്ട്. അതിനാൽ അവരെ എപ്പോഴും ഫോണിൽ വിളിച്ചാൽ ലഭ്യമാകണമെന്നില്ല. അത്തരക്കാരെ പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എപ്പോഴും ലഭ്യമാകുന്ന വ്യക്തികളുടെ നമ്പർ മാത്രമാണ് ആപ്പിലും പോസ്റ്ററിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതല്ലോ.
ഇഷ്ടപ്പെട്ട് വന്നവരിൽ സ്ത്രീകളും
വനംവകുപ്പ് ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ട്രെയിനിങ് നിർബന്ധമാണ്. പക്ഷേ, അവർക്ക് താൽപര്യമുണ്ടെങ്കിൽ മാത്രം പാമ്പ് പിടിത്തത്തിന് ഇറങ്ങിയാൽ മതി. എന്നാൽ വൊളന്റിയർമാരുടെ കാര്യം അങ്ങനെയല്ല. അവർ ഇങ്ങോട്ടുവന്ന് പരിശീലനം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. അഭിഭാഷകർ, ഡോക്ടർമാർ, മാധ്യമപ്രവർത്തകർ, ടെക്കികൾ, ഡ്രൈവർ, കൂലിപണിക്കാർ, ഫയർ ആന്‍ഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് വൊളന്റിയർസ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ളവരാണ് പരിശീലനം നേടിയിരിക്കുന്നത്. ഇവർക്കൊപ്പം വീട്ടമ്മമാരും ഉണ്ട്. 200ലധികം സ്ത്രീകളാണ് പാമ്പുപിടിക്കാൻ പരിശീലനം നേടിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ മാത്രം വനിത വൊളന്റിയർമാർ ഇല്ല.
പാമ്പുകടിയിൽ മുന്നിൽ പാലക്കാട്
സർപ്പ ആപ്പിൽ ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് എറണാകുളം, മലപ്പുറം, കോട്ടയം എന്നീ ജില്ലകളിലാണ്. കഴിഞ്ഞ 10 വർഷത്തെ കണക്കുപ്രകാരം പാമ്പിന്റെ കടിയേറ്റ കേസുകൾ ഏറ്റവും കൂടുതൽ ഉള്ളത് പാലക്കാട് ആണ്. അണലി, മൂർഖൻ എന്നീ പാമ്പുകളാണ് മിക്ക മരണങ്ങൾക്കും പിന്നിൽ.
മഴയ്ക്കു മുൻപ് തന്നെ പാമ്പുകൾ
മഴ തുടങ്ങും മുൻപേ പാമ്പിൻ കുഞ്ഞുങ്ങൾ വീടുകളുടെ പരിസരങ്ങളിൽ കണ്ടു തുടങ്ങിയിരുന്നു. മഴവന്നതോടെ ഇതിന്റെ എണ്ണത്തിൽ വർധനവുണ്ടായി. കോട്ടയം, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഫോൺകോൾ വന്നത്. വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ നിന്ന് മാറി താമസിച്ചവർ തിരിച്ചെത്തുമ്പോൾ പാമ്പുകളെ കാണാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇനിയും നിരവധിപ്പേർ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്.
പെരിന്തൽമണ്ണ ആശുപത്രിയില്‍ പാമ്പുകൾ
പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിനെ തുടർന്നാണ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പാമ്പുകൾ കയറിക്കൂടിയത്. വിവരം ലഭിച്ചയുടൻ വൊളന്റിയർമാർ അവിടെയെത്തുകയും പാമ്പിൻ കുഞ്ഞുങ്ങളെ പിടിക്കുകയും ചെയ്തു. എന്നാൽ, വീണ്ടും പാമ്പിനെ കണ്ടെന്നു പറഞ്ഞപ്പോൾ വീണ്ടും സ്ഥലത്തെത്തി പരിശോധിക്കുകയും ബാക്കിയുള്ളവയെ കണ്ടെത്തുകയും ചെയ്തു. നിലവിൽ പരിസരം വൃത്തിയാക്കി സൂക്ഷിച്ചിട്ടുണ്ട്.
ആപ്പ് ഉപയോഗിക്കാം
പാമ്പിനെ കണ്ടാൽ ജില്ലാ കോർഡിനേറ്റർമാരുടെ നമ്പറിലേക്ക് നേരിട്ട് വിളിച്ചുപറയാം. അതല്ലെങ്കിൽ സർപ്പ ആപ്പ് ഉപയോഗിച്ച് വിവരങ്ങൾ കൈമാറാം. പ്ലേ സ്റ്റോറിൽ നിന്നു ആപ്പ് ഡൗൺലോഡ് ചെയ്യാം. മൊബൈൽ ഫോണിൽ ലൊക്കേഷൻ ഓണാക്കിയ ശേഷം പാമ്പിന്റെ ചിത്രം എടുത്ത് അപ്‌ലോഡ് ചെയ്യണം. ചിത്രത്തിൽ പാമ്പില്ലെങ്കിലും പ്രശ്നമില്ല. വിഷമുള്ളതും വലുപ്പമുള്ള പാമ്പാണെങ്കിൽ അടുത്തുപോകാതിരിക്കുക. ദൂരെനിന്നും ഒരു ചിത്രം പകർത്തി അയച്ചാൽ മതി. അവരെത്തി പാമ്പിനെ പിടിച്ച് വനമേഖലയിലേക്ക് തുറന്നുവിടും.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമുള്ള ലൈസൻസ്ഡ് പാമ്പ് രക്ഷകരുടെ ഫോൺ നമ്പർ, ഇ മെയിൽ വിലാസം, ഏറ്റവും അടുത്തുള്ള പാമ്പുരക്ഷകർ തുടങ്ങിയ വിവരങ്ങളും ആപ്പിൽ ലഭിക്കും. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സ്ഥലത്തെത്തി നടപടി സ്വീകരിക്കും. 2800 രൂപ വിലവരുന്ന ഉപകരണങ്ങൾ ഉൾപ്പെടുന്ന കിറ്റ് ഇവർക്ക് വനംവകുപ്പ് സൗജന്യമായി നൽകിയിട്ടുണ്ട്. ഫീസ് ഈടാക്കാതെയാണ് ഇവരുടെ പ്രവർത്തനം. ചില വീട്ടുകാർ പാവപ്പെട്ടവരായ വൊളന്റിയർമാർക്ക് പെട്രോള്‍ അടിക്കാനുള്ള പണം നൽകാറുണ്ട്. പഞ്ചായത്ത് വഴിയും വൊളന്റിയർമാർക്ക് പിന്തുണ ലഭിക്കുന്ന വിധം പദ്ധതികൾ പ്ലാൻ ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.
സൂക്ഷിക്കേണ്ടത് ഇവരെ
സംസ്ഥാനത്ത് 114 ഇനം പാമ്പുകളാണുള്ളത്. അതിൽ 10 എണ്ണമാണ് മനുഷ്യജീവന് അപകടകരം. മൂർഖൻ, വെള്ളിക്കെട്ടൻ, അണലി (ചേനത്തണ്ടൻ), ചുരുട്ട മണ്ഡലി എന്നിങ്ങനെ നാലിനത്തിൽപെട്ട പാമ്പുകളെയാണ് ഏറ്റവും അപകടകാരികളായി കണക്കാക്കുന്നത്. ഇവയുടെ കടിയേറ്റുള്ള മരണവും സംസ്ഥാനത്ത് കൂടുതലാണ്. കടിച്ച പാമ്പ് ഏതാണെന്നറിയാൻ സാധിക്കാറില്ലാത്തതിനാൽ ഈ നാലിനം പാമ്പുകൾക്കും എതിരെ പ്രവർത്തിക്കുന്ന പ്രതിവിഷ മിശ്രിതമാണ് (ആന്റിവെനം) ഉപയോഗിക്കുന്നത്. സംസ്ഥാനത്തു ജനവാസമേഖലയിൽ കൂടുതലായും എത്തുന്നതു മൂർഖനും പെരുമ്പാമ്പുമാണ്. രാജവെമ്പാലയും ഇപ്പോൾ കൂടുതലായി കാണുന്നു. വനം വകുപ്പ് ഇടപെട്ടു രക്ഷിച്ച് വനമേഖലയിൽ തുറന്നു വിട്ടതിൽ കൂടുതലും മൂർഖനായിരുന്നു.
എപ്പോഴും വൊളന്റിയർമാരുടെയോ ജില്ലാ കോർഡിനേറ്റർമാരുടെയോ നമ്പറുകൾ സൂക്ഷിക്കുക. പാമ്പിനെ കണ്ടാൽ അടുത്ത് പോകാതിരിക്കുക. മിക്ക പാമ്പുകൾക്കും വിഷം ഇല്ലെന്നതാണ് വാസ്തവം. എന്നാൽ, ഏതു പാമ്പാണ് ഇതെന്ന് തിരിച്ചറിയാൻ കഴിയാത്തവർ അകലം പാലിക്കുന്നതാണ് നല്ലത്.
English Summary: SARPA app by the Forest Department